- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അഭിപ്രായ സമന്വയം ഇല്ല; ഔദ്യോഗിക പ്രസ്താവനയില്ലാതെ ജി 20 സാമ്പത്തിക സമ്മേളനം സമാപിച്ചു; അധിനിവേശത്തെ അപലപിക്കണമെന്ന എന്നു യുഎസ്, ഫ്രാൻസ് രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങാതെ ഇന്ത്യ; യുദ്ധം എന്ന വാക്കിന് പകരം നിഷ്പക്ഷ വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്ന് നിർദ്ദേശം
ബെംഗളൂരു: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയം ഇല്ലാതെ ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ദ്വിദിന യോഗം സമാപിച്ചു. സാധാരണ ഇത്തരം യോഗങ്ങൾക്കുശേഷം പുറത്തിറക്കാറുള്ള സംയുക്ത പ്രസ്താവന ഉണ്ടായില്ല. പകരം പരിപാടിയുടെ സംഗ്രഹം ഉൾപ്പെടുത്തിയുള്ള കുറിപ്പു പ്രസിദ്ധീകരിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ അതിനെ ശക്തമായി അപലപിക്കണം എന്നു യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും ആതിഥേയ രാജ്യമായ ഇന്ത്യ വഴങ്ങിയില്ല. അത്തരമൊരു പ്രശ്‌നം പരിഹരിക്കാനുള്ള വേദി ഇതല്ലെന്നു വാദിച്ച ഇന്ത്യ 'യുദ്ധം' എന്ന വാക്കിനു പകരം വെല്ലുവിളി, പ്രതിസന്ധി, രാഷ്ട്രീയ സാഹചര്യം എന്നീ നിഷ്പക്ഷ വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചു. രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യാൻ ജി 20 വേദി ഉപയോഗിക്കുന്നതിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളും അസ്വസ്ഥരായിരുന്നു.
യുക്രെയ്ൻ വിഷയത്തിൽ അംഗരാജ്യങ്ങൾ ദേശീയ നിലപാട് ആവർത്തിച്ചു എന്നു മാത്രമാണ് ്ച സമിതി പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞത്. 'യുക്രെയ്‌നിലെ യുദ്ധം മനുഷ്യരുടെ കഷ്ടപ്പാടും ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി. വിതരണശൃംഖല തടസ്സപ്പെടുന്നതു വഴി ഇന്ധനം, ഭക്ഷണം എന്നിവയുടെ കാര്യത്തിലും അരക്ഷിതാവസ്ഥ ഉണ്ടാവുന്നു.
ഇതേസമയം, സ്ഥിതിഗതികളെപ്പറ്റിയും ഉപരോധത്തെപ്പറ്റിയും വ്യത്യസ്തമായ കാഴ്ചപ്പാടുകളും വിലയിരുത്തലും യോഗത്തിലുണ്ടായി. സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ചചെയ്യാനുള്ള വേദി ഇതല്ലെന്നു തിരിച്ചറിയുമ്പോൾ തന്നെ, അവ ആഗോള സാമ്പത്തിക മേഖലയിൽ രൂക്ഷമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അംഗീകരിക്കുന്നു'അവസാനപരാമർശം റഷ്യയും ചൈനയും അംഗീകരിക്കുന്നില്ലെന്ന് പത്രക്കുറിപ്പിൽ വിശദീകരണമുണ്ട്.
ചില രാജ്യങ്ങളുടെ കടം പുനഃക്രമീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോകബാങ്കിന്റെയും രാജ്യാന്തര നാണ്യനിധിയുടെയും (ഐഎംഎഫ്) അധ്യക്ഷന്മാരുമായി ചർച്ച നടത്തി.ദുർബല രാജ്യങ്ങളെ സഹായിക്കാനുള്ള അവസരമാണിതെന്നും ഇക്കാര്യത്തിൽ പൊതുധാരണയുണ്ടാകണമെന്നും നിർമല പറഞ്ഞതിനോട് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസ്, ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ എന്നിവർ യോജിച്ചു.
മറുനാടന് മലയാളി ബ്യൂറോ