ന്യൂഡൽഹി: ജി 20 ഉച്ചകോടി വേദിയിൽ രാജ്യത്തിന്റെ പേര് ഭാരതം.... ആഫ്രിക്കൻ യൂണിയന് അംഗത്വം നൽകി ജി 20 ഉച്ചകോടിക്ക് തുടക്കം. റഷ്യയുടേയും യുക്രെയിന്റേയും പേരു പറയാതെ യുദ്ധ കെടുതികൾ ഉയർത്തിയാണ് ജി 20 ഉച്ചകോടിക്ക് ഇന്ത്യ തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷ പ്രസംഗത്തോടെയാണ് ഉച്ചകോടി തുടങ്ങിയത്. കോവിഡ് രാജ്യങ്ങൾക്കിടിയിലെ വിശ്വാസം കുറച്ചു. ഇത് യുദ്ധങ്ങളായി എന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനൊപ്പം ആഫ്രിക്കൻ യൂണിയന് അംഗത്വം നൽകുന്നതിലും മോദി തീരുമാനം പ്രഖ്യാപിച്ചു.

റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഉച്ചകോടിക്ക് എത്താത്തത് സമ്മേളനത്തിന്റെ ഗരിമയ്ക്ക് മങ്ങലേൽപിക്കില്ല എന്നാണ് പ്രതീക്ഷ. പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന ലോക നേതാക്കൾക്ക് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസം. ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയിൽ നിരവധി വിഷയങ്ങൾ ചർച്ചയാവും. ഇതിന് പുറമെ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചകളും പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനം ഉണ്ടാകുമോ എന്നതും നിർണ്ണായകമാണ്.

യുക്രെയിൻ യുദ്ധത്തിൽ ജി 20ക്ക് പല അഭിപ്രായമുണ്ട്. ഇതു പോലെയായിരുന്നു ആഫ്രിക്കൻ യൂണിയന് അംഗത്വം നൽകുന്ന കാര്യവും. ഇതിൽ മോദിയുടെ നയതന്ത്രം നിർണ്ണായകമായി. യുദ്ധത്തിന് പിന്നിൽ വിശ്വാസ രാഹിത്യമെന്നാണ് മോദി വിശദീകരിക്കുന്നത്. ആരേയും കുറ്റപ്പെടുത്താതെ യുദ്ധത്തെ യോഗത്തിന്റെ അജണ്ടയിലേക്ക് കൊണ്ടു വരികയാണ് മോദി. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ നിലപാട് എന്ന് വിശദീകരിച്ചാണ് ആഫ്രിക്കൻ യൂണിയനെ ജി 20യിലേക്ക് ഇന്ത്യ കൊണ്ടു വരുന്നത്.

ഉച്ചകോടിക്കായി ഡൽഹിയിലെത്തി ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചിൽ കൊണാർക്ക് ചക്രത്തിന്റെ മാതൃകക്ക് മുന്നിൽ വച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു. ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടേയും വരവ് തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്മാർ ഇന്നലെ എത്തിച്ചേർന്നിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെകട്ടറി ജനറൽ അന്റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവൻ അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്നോം ഗബ്‌റേസിസ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്‌പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, ജർമൻ ചാൻസലർ ഉലാഫ് ഷോയൽസ്, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, ബ്രസീൽ പ്രസിഡന്റ് ലുലാ ഡിസിൽവ തുടങ്ങിയവർ ഉച്ചകോടിക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. ജി20 സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെയും ക്ഷണിതാക്കളേയും ഹസ്തദാനം നൽകി സ്വീകരിച്ചു.

അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ യൂനിയൻ പ്രതിനിധികളും ജി20യിൽ പങ്കെടുക്കുന്നുണ്ട്. യുഎഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവർ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിലെ നേതാക്കളെ പ്രത്യേക അതിഥികളായി ക്ഷണിച്ചിരുന്നു.