- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടഞ്ഞുനിന്ന ചൈനയെയും റഷ്യയെയും മെരുക്കി; മാരത്തൺ ചർച്ചകൾക്കൊടുവിൽ റഷ്യയുടെ യുക്രെയിൻ അധിനിവേശ വിഷയത്തിൽ ചൈന അയഞ്ഞു; ജി-20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് കളമൊരുങ്ങി; ഡൽഹി പ്രഖ്യാപനത്തിൽ സമവായത്തിൽ എത്തിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: റഷ്യ-യുക്രെയിൻ യുദ്ധ വിഷയത്തിൽ ജി-20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയ്ക്ക് കളമൊരുങ്ങി. ജി-20 അദ്ധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ മുഖ്യ നയതന്ത്രവിജയമാണിത്. ' എനിക്ക് ശുഭവാർത്ത ലഭിച്ചു. നമ്മുടെ ടീമിന്റെ കഠിന പ്രയത്‌നത്താൽ, സമവായത്തിലെത്താൻ കഴിഞ്ഞു. ന്യൂഡൽഹിയിലെ ജി-20 ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായമായി. ഈ പ്രഖ്യാപനം അംഗീകരിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു. ഈ സന്ദർഭത്തിൽ, കഠിനാദ്ധ്വാനം ചെയ്ത ഷെർപമാരെയും, മന്ത്രിമാരെയും ഞാൻ അഭിനന്ദിക്കുന്നു', മോദി പറഞ്ഞു.
സംയുക്ത പ്രസ്താവനയിൽ ഉപയോഗിക്കേണ്ട ഭാഷയുടെ കാര്യത്തിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ജി-20 രാജ്യങ്ങളിൽ നിന്നുള്ള ഷെർപമാർ 100 ശതമാനം ധാരണയിലെത്തി. എല്ലാവർക്കും സ്വീകാര്യമായ പ്രസ്താവന തയ്യാറാക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകളിൽ ഇന്ത്യയെ ബ്രസീലും ദക്ഷിണാഫ്രിക്കയും, സഹായിക്കുന്നുണ്ട്. എല്ലാ വിഷയങ്ങളിലും ധാരണയായി കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജി-7 രാഷ്ട്രങ്ങളും റഷ്യയും ചൈനയും തമ്മിലുള്ള രൂക്ഷമായ ഭിന്നതകളെ അകറ്റിയാണ് ചരിത്രപ്രധാനമായ ഉടമ്പടിക്ക് 20 രാജ്യങ്ങളും സമ്മതം മൂളിയത്. യൂറോപ്പിലും, ചൈനയിലും, സാമ്പത്തിക മാന്ദ്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ശക്തമായ പ്രസ്താവന ഉറപ്പായും ഉണ്ടാകും. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷേർപകൾ യുക്രെയിൻ വിഷയത്തിലെ ഭിന്നതകൾ തീർപ്പാക്കുന്നതിനാണ് സമയമെടുത്തത്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ ശക്തമായി അപലപിക്കണമെന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങൾക്ക്. എന്നാൽ, മറുപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നു. ഇക്കാര്യത്തിൽ, സമവായത്തിലേക്ക് നീങ്ങുകയും, സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്യുമെന്ന് ഉറപ്പായി. ഇത് ഇന്ത്യയുടെ അദ്ധ്യക്ഷതയുടെ വൻവിജയമായി മാറുകയും ചെയ്യും.
കഴിഞ്ഞ തവണ ബാലിയിൽ ചേർന്ന ജി-20 ഉച്ചകോടിയിൽ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചിരുന്നു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദയുടെ പ്രസ്താവന സംയുക്ത പ്രഖ്യാപനം ഒരുക്കിയെടുക്കാൻ സഹായിച്ചിരുന്നു. ഇന്ത്യ ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതോടെ ഈ വിഷയം വീണ്ടും പൊന്തി വന്നു. മന്ത്രിതലയോഗങ്ങളിൽ യുദ്ധത്തെ കുറിച്ചുള്ള പരാമർശത്തെ ചൊല്ലി റഷ്യയും ചൈനയും വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് പൂർണ സമവായത്തിൽ എത്താൻ കഴിയാതിരുന്നത്. ഏതായാലും കഴിഞ്ഞ ഏതാനും ദിവസത്തെ ചർച്ചയിൽ ചൈനീസ് പക്ഷം നിലപാടിൽ അയവ് വരുത്തിയതോടെയാണ് സംയുക്ത പ്രഖ്യാപനത്തിന് കളമൊരുങ്ങിയത്.
റഷ്യ-യുക്രെയിൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്ന് മോദി
റഷ്യ-യുക്രെയിൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി. റഷ്യ -യുക്രെയിൻ സംഘർഷം ഈ വിശ്വാസരാഹിത്യം വർദ്ധിക്കാൻ ഇടയാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നിൽ പുതിയൊരു മാർഗം തുറക്കേണ്ട സമയമാണ്. പഴയ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. കോവിഡ് 19 നെ തോൽപ്പിക്കാൻ കഴിഞ്ഞ നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചുവെന്നും മോദി ചടങ്ങിൽ അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ