- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലിയിൽ ചേർന്ന ഉച്ചകോടിയിൽ ഇതുയുദ്ധത്തിനുള്ള യുഗം അല്ലെന്ന മോദിയുടെ പ്രഖ്യാപനം ഏല്ലാവരും ഏറ്റെടുത്തു; യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്ന ഡൽഹി പ്രഖ്യാപനവും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾ മൂലധനമാക്കി; റഷ്യയെ ശക്തമായി അപലപിക്കാതെ ജി-20 ഉച്ചകോടി
ന്യൂഡൽഹി: ജി-7 രാഷ്ട്രങ്ങളുടെ ആവശ്യത്തിന് വഴങ്ങാതെ, റഷ്യയെ ശക്തമായി അപലപിക്കാതെ ജി-20 ഉച്ചകോടിയുടെ ഡൽഹി പ്രഖ്യാപനം. യുക്രെയിനിൽ സമഗ്രവും, നീതി പൂർവവും, സ്ഥിരവുമായ സമാധാനം സാധ്യമാക്കണമെന്ന് പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം അരുത്. ആണവായുധം ഉപയോഗിക്കുന്നതോ, ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോ അംഗീകരിക്കാനാവില്ല.
യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്നും ജി 20 പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൊവിഡിന് ശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രെയ്ൻ യുദ്ധം ഇടയാക്കിയെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
''യുഎൻ ചാർട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കൽ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്''.
''രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒന്നിക്കുകയും യുക്രെയ്നിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല'' സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്‌റ്റോ കറൻസിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലും സംരക്ഷണ ചടങ്ങൾ ഉണ്ടാകും. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രമേയത്തിലുണ്ട്. എല്ലാത്തിലും നൂറു ശതമാനം സമവായം എന്ന് ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി.
Historical & Path breaking #G20 Declaration with 100% consensus on all developmental and geo-political issues. The new geopolitical paras are a powerful call for Planet, People, Peace and Prosperity in todays world . Demonstrates PM @narendramodi leadership in today's world.
- Amitabh Kant (@amitabhk87) September 9, 2023
ജി-20 അദ്ധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ മുഖ്യ നയതന്ത്രവിജയമാണിത്. ' എനിക്ക് ശുഭവാർത്ത ലഭിച്ചു. നമ്മുടെ ടീമിന്റെ കഠിന പ്രയത്‌നത്താൽ, സമവായത്തിലെത്താൻ കഴിഞ്ഞു. ന്യൂഡൽഹിയിലെ ജി-20 ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായമായി. ഈ പ്രഖ്യാപനം അംഗീകരിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു. ഈ സന്ദർഭത്തിൽ, കഠിനാദ്ധ്വാനം ചെയ്ത ഷെർപമാരെയും, മന്ത്രിമാരെയും ഞാൻ അഭിനന്ദിക്കുന്നു', മോദി പറഞ്ഞു.
സംയുക്ത പ്രസ്താവനയിൽ ഉപയോഗിക്കേണ്ട ഭാഷയുടെ കാര്യത്തിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ജി-20 രാജ്യങ്ങളിൽ നിന്നുള്ള ഷെർപമാർ 100 ശതമാനം ധാരണയിലെത്തി. എല്ലാവർക്കും സ്വീകാര്യമായ പ്രസ്താവന തയ്യാറാക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകളിൽ ഇന്ത്യയെ ബ്രസീലും ദക്ഷിണാഫ്രിക്കയും, സഹായിച്ചു.
ജി-7 രാഷ്ട്രങ്ങളും റഷ്യയും ചൈനയും തമ്മിലുള്ള രൂക്ഷമായ ഭിന്നതകളെ അകറ്റിയാണ് ചരിത്രപ്രധാനമായ ഉടമ്പടിക്ക് 20 രാജ്യങ്ങളും സമ്മതം മൂളിയത്. യൂറോപ്പിലും, ചൈനയിലും, സാമ്പത്തിക മാന്ദ്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ശക്തമായ പ്രസ്താവന ഉറപ്പായും ഉണ്ടാകും. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷേർപകൾ യുക്രെയിൻ വിഷയത്തിലെ ഭിന്നതകൾ തീർപ്പാക്കുന്നതിനാണ് സമയമെടുത്തത്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ ശക്തമായി അപലപിക്കണമെന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങൾക്ക്. എന്നാൽ, മറുപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നു. ഇക്കാര്യത്തിൽ, സമവായത്തിലേക്ക് നീങ്ങുകയും, സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്യുമെന്നാണ് സൂചന. ഇത് ഇന്ത്യയുടെ അദ്ധ്യക്ഷതയുടെ വൻവിജയമായി മാറുകയും ചെയ്യും.
Today at the #G20 Leaders' Summit #NewDelhiLeadersDeclaration is officially adopted. @PMOIndia @narendramodi's emphasis on human-centric globalisation and our concerns of #GlobalSouth have found resonance and recognition. Thanking all G20 members for their cooperation and…
- Nirmala Sitharaman (@nsitharaman) September 9, 2023
കഴിഞ്ഞ തവണ ബാലിയിൽ ചേർന്ന ജി-20 ഉച്ചകോടിയിൽ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചിരുന്നു. ഇത് യുദ്ധത്തിനുള്ള യുഗമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദയുടെ പ്രസ്താവന സംയുക്ത പ്രഖ്യാപനം ഒരുക്കിയെടുക്കാൻ സഹായിച്ചിരുന്നു. ഇന്ത്യ ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതോടെ ഈ വിഷയം വീണ്ടും പൊന്തി വന്നു. മന്ത്രിതലയോഗങ്ങളിൽ യുദ്ധത്തെ കുറിച്ചുള്ള പരാമർശത്തെ ചൊല്ലി റഷ്യയും ചൈനയും വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് പൂർണ സമവായത്തിൽ എത്താൻ കഴിയാതിരുന്നത്. ഏതായാലും കഴിഞ്ഞ ഏതാനും ദിവസത്തെ ചർച്ചയിൽ ചൈനീസ് പക്ഷം നിലപാടിൽ അയവ് വരുത്തിയതോടെയാണ് സംയുക്ത പ്രഖ്യാപനത്തിന് കളമൊരുങ്ങിയത്.
റഷ്യ-യുക്രെയിൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്ന് മോദി
റഷ്യ-യുക്രെയിൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി. റഷ്യ -യുക്രെയിൻ സംഘർഷം ഈ വിശ്വാസരാഹിത്യം വർദ്ധിക്കാൻ ഇടയാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നിൽ പുതിയൊരു മാർഗം തുറക്കേണ്ട സമയമാണ്. പഴയ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. കോവിഡ് 19 നെ തോൽപ്പിക്കാൻ കഴിഞ്ഞ നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചുവെന്നും മോദി ചടങ്ങിൽ അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ