- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന മിനിറ്റിലും തർക്കവും വിയോജിപ്പും; സംയുക്ത പ്രഖ്യാപനം ഇല്ലാതെ ന്യൂഡൽഹി ജി-20 ഉച്ചകോടി അവസാനിക്കുമോ എന്ന് നെഞ്ചിടിപ്പ് കൂടി പോയ നിമിഷങ്ങൾ; 'ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ, നിങ്ങളുടെ നേതാവിന് എന്റെ നേതാവിനോട് സംസാരിക്കാം': അറ്റകൈയായി ഇന്ത്യൻ ഷെർപ അമിതാഭ് കാന്തിന്റെ കൗശലം; മോദിയുടെ പേരുപയോഗിച്ച് വമ്പൻ രാഷ്ട്രങ്ങളെ വഴിക്കുകൊണ്ടുവന്ന കഥ പറയുന്നു അമിതാഭ്
ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ ഡൽഹി പ്രഖ്യാപനത്തിനായുള്ള ചർച്ചകൾ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. അവസാന നിമിഷം എല്ലാം തട്ടി തകരാനുള്ള സാധ്യത പോലും ഉണ്ടായിരുന്നു. അവിടെയാണ് ഇന്ത്യയുടെ ഷെർപ അമിതാഭ് കാന്ത് കൗശലം ഉപയോഗിച്ചത്. ക്യത്യസമയത്ത് വേണ്ടത് വേണ്ട പോലെ അദ്ദേഹം തീർത്തുപറഞ്ഞു. ( രാഷ്ട്രത്തലവന്മാരുടെ വ്യക്തിപരമായ പ്രതിനിധികളാണ് ഷെർപമാർ)
അവസാനത്തെ ഷെർപ യോഗത്തിൽ അമിതാഭ് കാന്ത് രണ്ടും കൽപ്പിച്ച് പറഞ്ഞു: ' ഇതാണ് അന്തിമ രേഖ. നിങ്ങൾ ഇത് സ്വീകരിക്കുകയോ, കരാർ ഉപേക്ഷിക്കുകയോ ചെയ്യുക. മറ്റൊന്നു കൂടി ഞാൻ പറഞ്ഞു: ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ, നിങ്ങളുടെ നേതാവിന് എന്റെ നേതാവിനോട് സംസാരിക്കാം', പ്രശ്‌നപരിഹാരത്തിന് അപ്പോൾ ഞാൻ പരോക്ഷമായി പ്രധാനമന്ത്രിയുടെ സഹായം തേടി.
ഇത് പരിപൂർണ രേഖയാണെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി മറ്റു ഷെർപകളോട് അമിതാഭ് കാന്ത് പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയും ആശങ്കകൾ കണക്കിലെടുക്കുന്ന രേഖ. അടിക്കുറിപ്പോ, സ്പ്ലിറ്റ് പാരഗ്രാഫോ വേണ്ടാത്ത രേഖ, നമ്മുക്ക് സമവായം മാത്രം മതി. അങ്ങനെയാണ് എല്ലാ രാജ്യങ്ങളും സമവായത്തിലേക്ക് വന്നതെന്ന് അമിതാഭ് കാന്ത് പറഞ്ഞു.
ജി-20 നേതാക്കളുടെ സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാൻ ഏകദേശം 200 മണിക്കൂറുകളുടെ മാരത്തൺ ചർച്ചകൾ വേണ്ടി വന്നു. യുക്രെയിനിലെ റഷ്യൻ യുദ്ധത്തെ ചൊല്ലിയായിരുന്നു നേതാക്കൾ തമ്മിൽ ഭിന്നത. വികസ്വര രാജ്യങ്ങളുമായി യുദ്ധത്തിന്റെ സാമ്പത്തിക ആഘാതങ്ങൾ മുതൽ റഷ്യയും ചൈനയുമായി ഉഭയകക്ഷി യോഗങ്ങൾ വരെ പലവട്ടം ചർച്ചകൾ. ഒടുവിൽ ഇന്നലെ രാത്രി മാത്രമാണ് സമവായത്തിലെത്തിയത്.
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, മെക്‌സികോ, തുർക്കി, സൗദി അറേബ്യ തുടങ്ങിയ വളർന്നുവരുന്ന വിപണികളുള്ള രാജ്യങ്ങൾ ചെലുത്തിയ സമ്മർദ്ദമാണ് ജി-7 രാഷ്ട്രങ്ങളെ സമവായത്തിന്റെ വഴിക്ക് കൊണ്ടുവന്നത്.
ഷെർപകളുടെ ഒരുയോഗത്തിൽ അമിതാഭ് കാന്ത് നമ്മൾ പിന്തുടരേണ്ട 15 അടിസ്ഥാന തത്വങ്ങൾ സ്‌ക്രീനിൽ കുറിച്ചു. എല്ലാ ഷെർപകളും പിന്നീട് അവരുടെ അക്കാര്യത്തിലെ കാഴ്ചപാടുകൾ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ കരടുണ്ടാക്കിയത്. സമവായത്തിൽ എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. റഷ്യയുടെയും യുക്രെയിന്റെയും കാര്യത്തിൽ സമവായത്തിൽ എത്തുമെന്ന കാര്യത്തിൽ ആളുകൾ അശുഭാപ്തി വിശ്വാസികളായിരുന്നു.
അപ്പോഴാണ് ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഷെർപകളുമായി യോജിച്ച് ഇന്ത്യ പ്രവർത്തിക്കാൻ തുടങ്ങിയത്. നാല് വളരുന്ന വിപണികളുള്ള രാജ്യങ്ങളുടെ സംയുക്ത നിർദ്ദേശമായിരുന്നു ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് മെക്‌സികോ, തുർക്കി, സൗദി എന്നിവരെയും കൂട്ടി സമ്മർദ്ദം കൂട്ടി.
'വികസനപ്രശ്‌നങ്ങളാണ് യുദ്ധ പ്രശ്‌നങ്ങളേക്കാൾ പ്രധാനം എന്നതായിരുന്നു നമ്മുടെ താൽപര്യം. അവസാനമായി നമ്മൾ ജി-7 രാജ്യങ്ങളുമായും, പിന്നീട് റഷ്യയുമായും ചൈനയുമായും ചർച്ച നടത്തി. അങ്ങനെ അന്തിമ രേഖയ്ക്ക് രൂപം നൽകി. എന്നിരുന്നാലും അവസാന നിമിഷം കരാർ തകരാർ സാധ്യത നിലനിന്നിരുന്നു'. അപ്പോഴാണ് അമിതാഭ് കാന്ത് തന്ത്രപരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേർ എടുത്തിട്ടത്.
ജി-7 രാഷ്ട്രങ്ങളുടെ ആവശ്യത്തിന് വഴങ്ങാതെ, റഷ്യയെ ശക്തമായി അപലപിക്കാതെയാണ് ജി-20 ഉച്ചകോടിയുടെ ഡൽഹി പ്രഖ്യാപനം. യുക്രെയിനിൽ സമഗ്രവും, നീതി പൂർവവും, സ്ഥിരവുമായ സമാധാനം സാധ്യമാക്കണമെന്ന് പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം അരുത്. ആണവായുധം ഉപയോഗിക്കുന്നതോ, ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോ അംഗീകരിക്കാനാവില്ല.
യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്നും ജി 20 പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൊവിഡിന് ശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രെയ്ൻ യുദ്ധം ഇടയാക്കിയെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
''യുഎൻ ചാർട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കൽ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്''.
''രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒന്നിക്കുകയും യുക്രെയ്നിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല'' സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്‌റ്റോ കറൻസിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലും സംരക്ഷണ ചടങ്ങൾ ഉണ്ടാകും. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രമേയത്തിലുണ്ട്. എല്ലാത്തിലും നൂറു ശതമാനം സമവായം എന്ന് ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ