- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി 7 ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
റോം: ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച.
റഷ്യ - യുക്രെയ്ൻ വിഷയത്തിൽ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്‌നം പരിഹരിക്കുമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നതായി സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നിർമ്മിത ബുദ്ധി, ബ്ലൂ ഇക്കോണമി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി പ്രതികരിച്ചു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കും. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, നിർമ്മിതബുദ്ധി, കായികം തുടങ്ങിയ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനും ഇരുവരും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. പാരീസ് ഒളിമ്പിക്സിനും മോദി ആശംസ അറിയിച്ചു.
ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചെന്നും സെമി കണ്ടക്ടർ, സാങ്കേതിക വിദ്യ, വാണിജ്യ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധം, വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്യുന്ന റോഡ്മാപ്പ് 2030 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ മോദിയും ഋഷി സുനകും ചർച്ച ചെയ്തു. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്ത് കൂടതൽ ശക്തിപ്പെടുത്തുമെന്ന് മോദി എക്‌സിൽ കുറിച്ചു. സെമികണ്ടക്ടർ, വ്യാപാരം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് മാർപാപ്പ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തുടങ്ങിയവരുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചർച്ച നടത്തും. പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റഷ്യയ്ക്കെതിരെ യുഎസ് ആസൂത്രണം ചെയ്യുന്ന പുതിയ ഉപരോധവും റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചെറുകിട ചൈനീസ് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകുന്നതും ഉച്ചകോടിയിൽ പ്രധാന വിഷയമാകും.
ജി-7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യു.എസ്. എന്നിവയുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയന്റെ സാരഥികളുമാണ് രണ്ടുദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ, ബ്രസീൽ, തുർക്കി, അൾജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ആതിഥേയരായ ഇറ്റലി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.