- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ വെടിനിർത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ; ആദ്യ ബാച്ച് ബന്ദികളെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും; മോചിതരാകുന്നവരുടെ വിവരങ്ങൾ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി ഖത്തർ; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വധിക്കണമെന്ന ആഹ്വാനത്തിൽ ഉറക്കംപോയി നേതാക്കൾ
ദോഹ: ഗസ്സയിലെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ പ്രാബല്ല്യത്തിൽ വരും. ഖത്തർ മുൻകൈയെടുത്തു നടത്തിയ ചർച്ചക്കൊടുവിലാണ് ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചത്. ഇതോടെ ബന്ദികളുടെ കൈമാറ്റവും ഇന്ന് നടക്കും. ഹമാസും, ഇസ്രയേലും അംഗീകരിച്ച വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് ഇന്ന് പുലർച്ചെ വെളിച്ചം കുറിക്കുന്നത്.
ബുധനാഴ്ച പ്രഖ്യാപിച്ച കരാർ, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരിയാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. കരാറിന്റെ അടിസ്ഥാനത്തിൽ ബന്ദികളുടെ കൈമാറ്റവും വെള്ളിയാഴ്ച തന്നെ ആരംഭിക്കും. ബന്ദികളിൽ നിന്നുള്ള ആദ്യ സംഘത്തെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങൾ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായും ഖത്തർ അറിയിച്ചു.
ഖത്തറിന്റെ നേതൃത്വത്തിൽ ഈജ്പ്തും അമേരിക്കയുമായി സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുക്കിയത്. അതേസമയം വ്യാഴാഴ്ച രാവിലെ മുതൽ ഗസ്സയിലുടനീളം കര, വ്യോമ മാർഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രയേൽ സേന നടത്തിയത്. ഹമാസിന്റെ സൈനികകേന്ദ്രവും ഭൂഗർഭ അറയും ആയുധസംഭരണ കേന്ദ്രങ്ങളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വിശദീകരണം.
യുദ്ധം നിർത്താൻ ഉദ്ദേശ്യമില്ലെന്നും അന്തിമ വിജയം കൈവരിക്കുംവരെ മുന്നോട്ടുപോകുമെന്നും ഇസ്രയേലി സൈനിക മേധാവി ഹെർസി ഹാലവി പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരുടെ ആദ്യ സംഘത്തെയാണ് വെള്ളിയാഴ്ച മോചിപ്പിക്കുന്നത്. എത്ര ഫലസ്തീനികൾ വെള്ളിയാഴ്ച മോചിപ്പിക്കപ്പെടുമെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല.സമ്പൂർണ വെടിനിർത്തലും, മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതിനിടെ അൽശിഫ ആശുപത്രിക്കടിയിൽ ഹമാസിന്റെ ഭൂഗർഭ അറ കണ്ടെത്തിയെന്ന് ഇസ്രയേൽ സേന വീണ്ടും അറിയിച്ചു. ആശുപത്രി വളപ്പിനകത്ത് നിർത്തിയിട്ടിരുന്ന പിക്അപ് ട്രക്ക് തകർത്തപ്പോൾ ഭൂഗർഭ അറയിലേക്കുള്ള പ്രവേശന കവാടം കണ്ടെത്തിയതായും റോബോട്ടുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതായും അവകാശപ്പെട്ട് സേന വിഡിയോ പുറത്തുവിട്ടു. 10 മീറ്റർ നീളമുള്ള ചവിട്ടുപടികൾ ഇറങ്ങിച്ചെല്ലുമ്പോൾ 55 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയെന്നും ഇവിടെ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും വിഡിയോയിൽ പറയുന്നു.
ഹമാസിന് സഹായം നൽകിയെന്നാരോപിച്ച് അൽശിഫ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അബൂസാൽമിയയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത സേന ഇവരെ ചോദ്യംചെയ്യാൻ ഷിൻബിതിലെ സൈനികകേന്ദ്രത്തിലേക്കു മാറ്റി. ആശുപത്രിയിലെ വൈദ്യുതി കണക്ഷൻ ഹമാസ് താവളത്തിന് നൽകിയെന്നും ആയുധങ്ങൾ സംഭരിച്ചുവെക്കാൻ സഹായിച്ചുവെന്നുമാണ് ഇദ്ദേഹത്തിനെതിരായ കുറ്റാരോപണം. ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം ബന്ദികളെ ആശുപത്രിയിൽ തടവിൽ പാർപ്പിച്ചുവെന്നും ആരോപണമുണ്ട്.
ഇതിനിടെ വെടിനിർത്തൽ നടത്തിയാലും ഹമാസിനെ കാത്തിരിക്കുന്നത് ഉറക്കമില്ലാ രാത്രികളാണ്. ഹമാസ് നേതാക്കളെ ലോകത്ത് എവിടെ കണ്ടാലും വധിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആഹ്വാനം ചെയ്തിട്ടുണ്ട്. യുദ്ധത്തിനുശേഷം ഗസ്സ തങ്ങൾ തന്നെ ഭരിക്കുമെന്ന ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യയുടെയും ഖാലിദ് മിശ്അലിന്റെയും പരാമർശം ശ്രദ്ധയിൽപെടുത്തിയപ്പോൾ വാർത്തസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
അതിനിടെ, ഇന്തോനേഷ്യൻ ആശുപത്രിയിൽനിന്ന് രോഗികളെ മുഴുവൻ ഒഴിപ്പിച്ച് റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് മാറ്റിയതായി അടിയന്തര രക്ഷ കമ്മിറ്റി മേധാവി സർബിനി അബ്ദുൽ മുറാദ് പറഞ്ഞു. നാലു മണിക്കൂറിനകം ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ സേന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഇസ്രയേലിന്റെ രണ്ടു സൈനിക വാഹനങ്ങൾ തകർത്തതായി അൽഖുദ്സ് ബ്രിഗേഡ് അവകാശപ്പെട്ടു. ബൈത്ത് ഹാനൂൻ മുതൽ ജബലിയ വരെ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് അൽ ഖസ്സാം ബ്രിഗേഡും അറിയിച്ചു. കമാൻഡർ റാങ്കിലുള്ള ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇതോടെ കരയുദ്ധം ആരംഭിച്ചതു മുതൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരുടെ എണ്ണം 72 ആയി. ഗസ്സയിൽ കരയുദ്ധം ആരംഭിച്ചതുമുതൽ 1600 ഇസ്രയേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. 400 സൈനികർ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണെന്നും അംഗവൈകല്യം സംഭവിച്ച ഇസ്രയേലി സൈനികർക്കായുള്ള സംഘടന മേധാവി ഐഡൻ കെൽമാൻ പറഞ്ഞു.
മറുനാടന് ഡെസ്ക്