- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിനിർത്തൽ അടുത്ത തിങ്കളാഴ്ച്ചയോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചു ബൈഡൻ
ഗസ്സാസിറ്റി: ഗസ്സയിൽ ചോരപ്പുഴ ഒഴുകുന്നത് താൽക്കാലികമായെങ്കിലും നിർത്തിവെക്കുമോ? അതിനുള്ള സാധ്യതകൾ ഉരുത്തിരിയുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഗസ്സയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.
"എന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറയുന്നത്, വെടിനിർത്തലിന് ഏറെ അടുത്തെത്തിയിട്ടുണ്ട് കാര്യങ്ങൾ എന്നാണ്"- ബൈഡൻ പറഞ്ഞു. എന്നാൽ, പാരിസിൽ നേരത്തെ പ്രാഥമിക രൂപം നൽകിയ കരാറിലെ വ്യവസ്ഥകൾ പഠിച്ചുവരുകയാണെന്ന് ഹമാസ് അറിയിച്ചു. അതേ സമയം, കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തർ അറിയിച്ചു.
പേരുവെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഇസ്രയേൽ ഉന്നതോദ്യോഗസ്ഥനും ചൊവ്വാഴ്ച ഇക്കാര്യം സൂചിപ്പിച്ചു. 2023 നവംബറിലെപോലെ ഫലസ്തീൻ തടവുകാരുടെ മോചനത്തിനുപകരം ഹമാസിന്റെ പക്കലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്ന തരത്തിലുള്ളതാവും ഇത്തവണത്തെ വെടിനിർത്തൽക്കരാറും. ഈജിപ്ത്, ഖത്തർ, യു.എസ്., ഫ്രാൻസ് എന്നിവയുടെ മധ്യസ്ഥതയിൽ ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മാർച്ചിൽ റംസാന്മാസം ആരംഭിക്കുന്നതിനുമുമ്പായി ആറാഴ്ചത്തെ വെടിനിർത്തൽ കൊണ്ടുവരാനുള്ള തിരക്കിട്ടശ്രമമാണ് നടക്കുന്നത്.
40 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുപകരം 400 ഫലസ്തീനികളെ വിട്ടയക്കുകയെന്ന വ്യവസ്ഥയിൽ ആറാഴ്ചത്തേക്ക് താൽക്കാലികമായി വെടിനിർത്തുന്നതാണ് കരാർ. ഇരു വിഭാഗവും ഈ ഘട്ടത്തിൽ പൂർണമായി ആക്രമണം നിർത്തുകയും ഇസ്രയേൽ സേനയെ ഗസ്സയിൽനിന്ന് തിരിച്ചുവിളിക്കുകയും വേണം. 19 വയസ്സിന് താഴെയുള്ള കുട്ടികൾ, 50 വയസ്സിന് മുകളിലുള്ളവർ, സ്ത്രീകൾ, രോഗാവസ്ഥയിലുള്ളവർ എന്നിങ്ങനെയാകും ബന്ദികൾക്ക് മുൻഗണന.
നവംബറിലെ വെടിനിർത്തലിലേതിന് സമാനമായി ദിവസത്തിൽ എട്ടുമണിക്കൂർ നേരം വ്യോമ നിരീക്ഷണം ഇസ്രയേൽ ഒഴിവാക്കും. ഗസ്സയിലെ ഹോസ്പിറ്റലുകൾ, ബേക്കറികൾ എന്നിവ അറ്റകുറ്റപ്പണികൾ നടത്തുന്നതിനൊപ്പം ഇതിനാവശ്യമായ അവശ്യ വസ്തുക്കളും ഇന്ധനവും അനുവദിക്കും. ഇസ്രയേൽ ബോംബിങ് ബാക്കിവെച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാവശ്യമായ വലിയ യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും എത്തിക്കും. ഇവ ഇസ്രയേലിന് ഭീഷണിയാകുംവിധം ഹമാസ് ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകും.
പ്രതിദിനം 500 സഹായ ട്രക്കുകൾ വീതം ഗസ്സയിലേക്ക് കടത്തിവിടും. രണ്ട് ലക്ഷം തമ്പുകളും 60,000 കാരവനുകൾ അനുവദിക്കും. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികൾക്ക് തിരിച്ചുവരവും അനുവദിക്കും. ആദ്യ ഘട്ട വെടിനിർത്തലിലേക്കാണ് ഈ വ്യവസ്ഥകൾ. ശാശ്വത യുദ്ധവിരാമത്തിലെ വ്യവസ്ഥകൾ തുടർ ചർച്ചകളിലാകും തീരുമാനിക്കുക.
ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾ ഹമാസ്, ഇസ്രയേൽ പ്രതിനിധികളുമായി വെവ്വേറെയാണ് നടക്കുന്നത്. മാർച്ച് 10ഓടെ തുടക്കമാകുമെന്ന് കരുതുന്ന റമദാൻ വ്രതാരംഭത്തിനുമുമ്പേ കരാർ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നവംബറിലെ വെടിനിർത്തലിനു ചുക്കാൻപിടിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിൽ കൂടിക്കാഴ്ച നടത്തും. ഫ്രാൻസിലേക്കു തിരിക്കുംമുമ്പ് ഖത്തറിലെ ദോഹയിൽക്കഴിയുന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുമായി അമീർ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥിരമായ വെടിനിർത്തൽ അടിയന്തരമായി സാധ്യമാക്കുന്നതിനുള്ള ചർച്ചയായിരുന്നു ഇതെന്ന് 'ഖത്തർ ന്യൂസ് ഏജൻസി' റിപ്പോർട്ടുചെയ്തു.
അതേസമയം, വെടിനിർത്തൽ കൊണ്ടുവരുന്നതിലൂടെ റാഫയിൽ നടത്താനുദ്ദേശിക്കുന്ന കരയാക്രമണം വൈകിപ്പിക്കാമെന്നല്ലാതെ തടയാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനുമേൽ പൂർണവിജയം നേടാൻ റാഫയിൽ കരയുദ്ധം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമാസത്തോടടുക്കുന്ന യുദ്ധത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,782 ആയി.