ഗസ്സ: ഗസ്സയിലെ ആശുപത്രിയിൽ മിസൈൽ വീണ് 500ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികൾ ആരെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിലാണ് ആശുപത്രിയിൽ മിസൈൽ വീണതെന്നാണ് ഹമാസിന്റെ അവകാശവാദം. എന്നാൽ, ഗസ്സയിൽ ഇസ്ലാമിക് ജിഹാദ് നിന്നും തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി വീണതാണെന്ന് ഇസ്രയേലും അവകാശപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ഇസ്രയേൽ പ്രതിരോധ സേന പുറത്തു വിട്ടിട്ടുണ്ട്.

കുരുന്നുകളുടെ അടക്കം ജീവനെടുത്ത ആ മിസൈൽ ആക്രമണത്തിൽ വാദപ്രതിവാദം തുടരുമ്പോഴും അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് വ്യക്തമാകുന്ന കാര്യം. ജനീവ കൺവെൻഷൻ കരാർ അനുസരിച്ചു ആശുപത്രികൾ സംരക്ഷിത മേഖലകളാണ്. ഒരു കാരണവശാലും ആശുപത്രികൾ ആക്രമിക്കാൻ പാടില്ലെന്നതാണ് അന്താരാഷ്ട്ര നിയമം. യുദ്ധവേളയിൽ ആശുപത്രികളെ ആക്രമിക്കുന്നതിനെതിരെ കൃത്യമായ വ്യവസ്ഥകൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ പറയുന്നുണ്ട്. ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും സംരക്ഷണത്തിന് തടസ്സമാകുന്ന എല്ലാ പ്രവൃത്തികളും യുദ്ധക്കുറ്റമായാണ് അന്താരാഷ്ട്ര മാനുഷിക നിയമം കണക്കാക്കുന്നത്.

നാലാമത് ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 18 അനുസരിച്ച്, രോഗികളെയും പരിക്കേറ്റവരെയും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും മൊബൈൽ മെഡിക്കൽ സൗകര്യങ്ങളെയും യുദ്ധവേളയിൽ സംരക്ഷിക്കണം. ഒരു സാഹചര്യത്തിലും അവരെ ആക്രമിക്കാൻ പാടില്ല. അത്തരം നീക്കങ്ങൾ യുദ്ധക്കുറ്റമായി കണക്കാക്കും.

കൂടാതെ, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെയോ മറ്റുള്ളവരെയോ ജീവൻ രക്ഷാർഥം സായുധരായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകരെയോ ആക്രമിക്കാൻ പാടില്ല. 'പരിക്കേറ്റവർക്കും രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും ഗർഭിണികൾക്കും പ്രസവിച്ചവർക്കും പരിചരണം നൽകുന്ന ആശുപത്രികൾ ഒരു സാഹചര്യത്തിലും ആക്രമിക്കരുത്. സംഘട്ടനത്തിൽ ഏർപ്പെട്ട കക്ഷികൾ ഇവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം' -ആർട്ടിക്കിൾ 18ൽ പറയുന്നു.

''ശത്രുവിന് ഹാനികരമായ പ്രവൃത്തികൾ ചെയ്യാൻ ഉപയോഗിക്കാത്തിടത്തോളം സിവിലിയൻ ആശുപത്രികൾക്ക് സംരക്ഷണം നൽകണം. ആക്രമണലക്ഷ്യമാകുന്നുണ്ടെങ്കിൽ ആവശ്യമായ മുന്നറിയിപ്പ് നൽകിയ ശേഷം ന്യായമായ സമയപരിധി നൽകി മാത്രമേ മാത്രമേ സുരക്ഷ പിൻവലിക്കാവൂ..' -ആർട്ടിക്കിൾ 19ൽ വ്യക്തമാക്കുന്നു. അതേസമയം, രോഗികളോ മുറിവേറ്റവരോ ആയ സായുധ സേന അംഗങ്ങൾക്ക് ഈ ആശുപത്രികളിൽ പരിചരണം ലഭിക്കുന്നു എന്നതോ അല്ലെങ്കിൽ അത്തരക്കാരുടെ കൈവശമുള്ള ചെറിയ ആയുധങ്ങളും വെടിക്കോപ്പുകളും ഇവിടെ കണ്ടെത്തി എന്നതോ ശത്രുവിന് ഹാനികരമായ പ്രവൃത്തിയായി കണക്കാക്കില്ല -അതേ ആർട്ടിക്കിളിൽ വിശദീകരിക്കുന്നു.

ഈ സാഹചത്തിലാണ് ഹമാസ്- ഇസ്രയേൽ യുദ്ധത്തിനിടെ ആശുപത്രിയിൽ മിസൈൽ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് അന്താരാഷ്ട്ര യുദ്ധ കുറ്റമായി കണക്കാക്കണമെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. അതേസമയം, ഗസ്സയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം.

ഇത് തെളിയിക്കുന്ന ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയിൽ നിന്നും മിസൈൽ ഉയർന്നതിന് പിന്നാലെ ആശുപത്രിയിൽ സ്‌ഫോടനം ഉണ്ടാകുന്നതാണ് വീഡിയോയിൽ ഉണ്ടത്. ഇത് ഫലസ്തീനിൽ നിന്നുള്ള ഇസ്ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്‌ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇസ്ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു.

ഗസ്സയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ''ലോകം മുഴുവൻ അറിയണം. ഗസ്സയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്''- കുറിപ്പിൽ വിശദീകരിക്കുന്നു.

ഇസ്ലാമിക് ജിഹാദികൾ ഇസ്രയേലിനെതിരെ തൊടുത്ത മിസൈൽ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്ന് ഇസ്രയേൽ സൈനിക വക്താവും അറിയിച്ചു അൽ അഹ്ലി ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗസ്സയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവർത്തന സംവിധാനങ്ങൾ വിശകലനം ചെയ്തപ്പോൾ, ഗസ്സയിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച ഇന്റലിജൻസ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേൽ സൈനിക വക്താവ് എക്‌സിൽ പോസ്റ്റ് ചെയ്തു.

അതേസമയം ഗസ്സയിലെ ആശുപത്രി ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.

യുദ്ധത്തിൽമരണസംഖ്യ 3,500 കവിഞ്ഞു. അതിനിടെയാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഗസ്സയിലെ അൽ-അഹ്ലി അൽ-അറബ് ഹോസ്പിറ്റലിനു നേരെ വ്യോമാക്രമണം നടത്തിയത്. കുറഞ്ഞത് 500 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. ആക്രമണത്തെ കാനഡ, തുർക്കി, ഇറാൻ, ഖത്തർ, ഈജിപ്ത്, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സിറിയ, ടുണീഷ്യ, സ്‌പെയിൻ, ബെർലിൻ, തുർക്കി, ലെബനൻ എന്നിവിടങ്ങളിൽ വൻ പ്രതിഷേധങ്ങൾ നടന്നു.

ജോർദാനിൽ പ്രതിഷേധക്കാർ ഇസ്രയേൽ എംബസി ആക്രമിച്ചു. വെസ്റ്റ് ബാങ്കിലുടനീളം വ്യാപക പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. നാളെ ജോർദാനിൽ നടത്താനിരുന്ന യു.എസ്, ഈജിപ്ത്, ഫലസ്തീൻ നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി ആശുപത്രി ആക്രമണത്തെത്തുടർന്ന് ഉപേക്ഷിച്ചതായി ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി അറിയിച്ചു.

അൽഅഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച വൈകുന്നേരം ഇസ്രയേൽ നടത്തിയ കൂട്ടക്കൊലയെ അറബ് പാർലമെന്റ് ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയ്ക്കെതിരെ നടത്തുന്ന കൂട്ടക്കൊലകൾക്ക് അധിനിവേശ സേനയുടെ നേതാക്കളെ വിചാരണ ചെയ്യണമെന്നും ഉത്തരവാദികളാക്കണമെന്നും പാർലമെന്റ് ആവശ്യപ്പെട്ടു. മൗനം വെടിഞ്ഞ് കൂട്ടക്കൊലകൾ തടയാനും ഫലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തരമായി ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സെക്യൂരിറ്റി കൗൺസിലിനോടും അമേരിക്കൻ ഭരണകൂടത്തോടും അറബ് പാർലമെന്റ് ആവശ്യപ്പെട്ടു.