വാഷിങ്ടൺ: ഹമാസ്- ഇസ്രയേൽ പോരാട്ടം റഫയിൽ തുടരുമ്പോൾ അമേരിക്ക കടുത്ത സമ്മർദ്ദത്തിലാണ്. അമേരിക്കയിൽ ജനങ്ങൾക്കിടയിൽ ഇസ്രയേൽ വിരുദ്ധ വികാരം ശക്തമാകുകയും ചെയ്യുന്നു. ഇതിനിടെ ഗസ്സയിലേക്ക് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെട്ടു. യു.എസ് നിർമ്മിച്ച താൽക്കാലിക തുറമുഖത്തിലൂടെയാണ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ എത്തിച്ചത്. 33,000 പേർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങളാണ് ഗസ്സയിൽ എത്തിച്ചതെന്നും ജോ ബൈഡൻ അറിയിച്ചു. എക്‌സിലൂടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.

യു.എസ് എയ്ഡുമായി ചേർന്ന് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തിച്ചു. പോഷസമ്പുഷ്ടമായ ഫുഡ് ബാറുകൾ, റെഡി ടു ഈറ്റ് ഉൽപന്നങ്ങൾ എന്നിവയെല്ലാം ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പടെ 11,000 പേർക്ക് ഉപയോഗിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചത്. 33,000 പേർക്ക് വേണ്ട സൗകര്യങ്ങൾ ഗസ്സയിൽ എത്തിച്ചിട്ടുണ്ടെന്ന് ബൈഡൻ എക്‌സിൽ കുറിച്ചു. ഇസ്രയേലുമായി ചേർന്ന് കരമാർഗം കൂടുതൽ സഹായം നൽകുന്നതിന് ശ്രമിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

മാനുഷിക സഹായ വസ്തുക്കൾ എത്തിക്കാനായി അമേരിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗസ്സ തീരത്ത് നിർമ്മിച്ച താൽക്കാലിക തുറമുഖം തുറന്നിരുന്നു. 32 കോടി ഡോളർ ചെലവിലാണ് തുറമുഖം നിർമ്മിച്ചത്. ഇതുവഴി എത്തിച്ച ആദ്യ ലോഡ് സഹായവസ്തുക്കളുടെ വിതരണം ആരംഭിച്ചു. വിവിധ രാജ്യങ്ങളുടെ ഏകോപനത്തിൽ സഹായവിതരണത്തിന് ശ്രമം നടക്കുന്നുണ്ട്.

അതിനിടെ ഇസ്രയേലിന്റെ എല്ലാ അക്രമങ്ങൾക്കും പിന്തുണ നൽകി അമേരിക്ക അൽപം ഭക്ഷണം തന്ന് കണ്ണിൽ പൊടിയിടുകയാണെന്ന് ഫലസ്തീനികൾ ആരോപിക്കുന്നു. കര അതിർത്തികൾ തുറക്കുകയാണ് സഹായ വിതരണത്തിനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വഴി. ആത്മാർഥതയുണ്ടെങ്കിൽ അമേരിക്ക അതിന് സമ്മർദം ചെലുത്തണമെന്ന് സഹായ വിതരണത്തിന് തയാറായ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

അതിനിടെ ഗസ്സയിലെ ആക്രമണത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ വിചാരണക്കിടെ അക്രമത്തെ ന്യായീകരിച്ച് ഇസ്രയേലും രംഗത്തുവന്നു. റഫയിൽ പൂർണതോതിലുള്ള അക്രമവുമായി മുന്നോട്ടുപോവാൻ അവകാശമുണ്ടെന്ന് ഇസ്രയേലി അഭിഭാഷകൻ വാദിച്ചു.

സഹായവസ്തുക്കൾ ലഭ്യമാക്കാൻ കാര്യമായി ശ്രമിക്കുന്നുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമോപദേശകൻ അഭിഭാഷകൻ തമർ കപ്ലൻ ടൂർഗ്മാൻ പറഞ്ഞു. അതിർത്തി അടച്ചിട്ടില്ലെന്ന ഇസ്രയേൽ വാദം കള്ളമാണെന്ന് റഫയിൽനിന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

അക്രമം അടിയന്തരമായി നിർത്താൻ നിർദേശിക്കണമെന്ന് ദക്ഷിണാഫ്രിക്ക കോടതിയോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കോടതിക്ക് മുന്നിലുള്ള അവസാന അവസരമാണിതെന്ന് ദക്ഷിണാഫ്രിക്കൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനിടെ വിചാരണ നടക്കുന്നതിനിടെയും ഇസ്രയേൽ ഗസ്സയിൽ മാരക ബോംബാക്രമണം നടത്തി.