ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ആഗോള തലത്തിൽ പ്രതിഷേധം ശക്തമാകവേ ഇരുപക്ഷവും വിട്ടുവീഴ്‌ച്ചക്ക് തയ്യാറാകുന്നതായി റിപ്പോർട്ടുകൾ. ഗസ്സ വെടിനിർത്തൽ-ബന്ദിമോചന ചർച്ച ഈജിപ്തിൽ പുരോഗമിക്കുന്നതിനിടെ ഹമാസും ഇസ്രയേലും മുൻ നിലപാടുകളിൽ നിന്ന് വിട്ടുവീഴ്ചക്ക് തയാറായതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് മുന്നിലുള്ളത്. 40 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ ഹമാസ് വനിത, സിവിലിയൻ ബന്ദികളെ മോചിപ്പിക്കും.

ഈ ഘട്ടത്തിൽ ഗസ്സയിലെ തീര റോഡിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. ഇത് മാനുഷിക സഹായം എത്തിക്കുന്നതിന് സഹായകമാകും. അഭയാർഥികളായ ഫലസ്തീനികളെ വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് തിരിച്ചുവരാനും ഈ ഘട്ടത്തിൽ അനുവദിക്കും. ജീവിച്ചിരിക്കുന്ന ബന്ദികളുടെ പട്ടിക ഈ കാലയളവിൽ ഹമാസ് ഇസ്രയേലിന് കൈമാറും. സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ മൂന്നാഴ്ചക്കുള്ളിൽ ഇരുപക്ഷവും ഇടനിലക്കാർ മുഖേന ചർച്ച ആരംഭിക്കും. ഈ സമയം സെൻട്രൽ ഗസ്സയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും. ആറാഴ്ച നീളുന്ന രണ്ടാംഘട്ടത്തിൽ സ്ഥിരം വെടിനിർത്തലുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉറപ്പിക്കും.

രണ്ടാംഘട്ടത്തിൽ ബാക്കി ബന്ദികളെയും ഇസ്രയേലി ജയിലിലുള്ള കൂടുതൽ ഫലസ്തീനികളെയും മോചിപ്പിക്കും. ഗസ്സയിൽനിന്ന് സേനാ പിന്മാറ്റവും ഊർജിതമാക്കും. മൂന്നാംഘട്ടത്തിൽ ഹമാസ് ഇസ്രയേൽ പൗരന്മാരുടെ മൃതദേഹാവശിഷ്ടം കൈമാറും. അഞ്ചു വർഷം നീളുന്ന ഗസ്സ പുനർനിർമ്മാണവും ഈ ഘട്ടത്തിൽ ആരംഭിക്കും.

ചോർന്നുകിട്ടിയതെന്ന് അവകാശപ്പെട്ട് എ.പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യങ്ങൾ. ഹമാസും ഇസ്രയേൽ അധികൃതരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് യുദ്ധം അവസാനിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം ഇടക്കിടെ ഭീഷണിയും പ്രസ്താവനകളുമായി വരുന്നത് ചർച്ച തടസ്സപ്പെടുത്താനാണെന്നും മുതിർന്ന ഹമാസ് നേതാവ് ഹുസ്സാം ബദ്‌റൻ ആരോപിച്ചു.

അതേസമയം ഗസ്സയിൽ സ്ഥിരമായി വെടിനിർത്തുന്നതു വരെ ഇസ്രയേലുമായി വ്യാപാരബന്ധം നിർത്തിവെക്കുകയാണെന്ന് തുർക്കി അറിയിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിൽ കഴിഞ്ഞ വർഷം 680 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. ഇതിൽ 70 ശതമാനത്തിലധികം തുർക്കിയിൽനിന്നുള്ള കയറ്റുമതിയാണ്.

വെടിനിർത്തിയാലും അനിയന്ത്രിതമായി ഗസ്സയിലേക്ക് മാനുഷിക സഹായപ്രവാഹം അനുവദിക്കുന്നത് വരെ ഇസ്രയേലുമായി വ്യാപാര ബന്ധമുണ്ടാകില്ലെന്ന് തുർക്കി വാണിജ്യ മന്ത്രി ഒമർ ബോലത് പറഞ്ഞു. അതിനിടെ തുർക്കി നിലപാടിനെതിരെ ഇസ്രയേൽ രംഗത്തെത്തി. ഏകാധിപതിയുടെ നടപടി എതിർക്കപ്പെടേണ്ടതാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ ഉദ്ദേശിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു.