ദുബായ്: മെലഡി ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി ദുബായിൽ നടക്കുന്ന കോപ് 28( കാലാവസ്ഥാ ഉച്ചകോടി) ൽ വച്ചെടുത്ത സെൽഫിയാണ് ഇപ്പോൾ ട്രെൻഡിങ്. നല്ല കൂട്ടുകാർ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചത്തെ പോസ്റ്റിന് കമന്റുകളുടെ പ്രവാഹമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം എന്ന് മോദിയും പ്രതികരിച്ചു. രണ്ടുലോക നേതാക്കൾ തമ്മിലുള്ള ഊഷ്മള സൗഹൃദത്തെ വാഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ.

മോദി ലോകത്തിലെ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന നേതാവാണെന്ന് ഈ വർഷം മാർച്ചിൽ മെലോണി വിശേഷിപ്പിച്ചിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള ഇറ്റലിയിലെ ആദ്യ തീവ്ര വലതുപക്ഷ സർക്കാറാണ് മെലോണിയുടേത്. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി എന്ന പദവിയും 45 വയസുള്ള മെലോണിയെ തേടിയെത്തി. 2018ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് മെലോണിയുടെ പാർട്ടിക്ക് നേടാനായത്. ആ പാർട്ടിയാണ് കഴിഞ്ഞ വർഷം വൻ കുതിപ്പു നടത്തിയത്. തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ വ്യക്തമായി തന്നെ വോട്ടർമാരോട് പറഞ്ഞിരുന്നു. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി.

മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും. 15 വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ഇടമുണ്ട്.