ഗാസ സിറ്റി: ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് മുന്നില്‍ പത്ത് വയസുകാരിക്ക് നേരേ ഇസ്രയേല്‍ സൈന്യം വെടിവെച്ചു. നെഞ്ചില്‍ വെടിയേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. രണ്ട് ദിവസം മുമ്പ് നാല് ഐക്യരാഷ്ടസഭാ ജീവനക്കാര്‍ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. തെക്കന്‍ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക് പോസ്റ്റിലൂടെ കടന്ന് പോകുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരേ വെടിവെയ്പ് ഉണ്ടായത്.

വെടിയേറ്റ പത്ത് വയസുകാരി തറയില്‍ വീണ് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. വെടിയേറ്റ് വീണ പെണ്‍കുട്ടിക്ക് ഐക്യരാഷ്ട്ര സഭാ ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഐക്യരാഷ്ട്രസഭാ ജിവനക്കാരുടെ വിശദാംശങ്ങള്‍ യു.എന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപനമായ ഒ.സി.എച്ച്.എയുടെ പ്രതിനിധിയായ മുഹന്നാഡ് ഹാദിയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.

മൂന്ന് പേര്‍ സംഘടനയുടെ പാചകശാലയില്‍ ജോലി ചെയ്യുന്നവരും ഒരാള്‍ സേവ് ദി ചില്‍ഡ്രന്‍ എന്ന പ്രസ്ഥാനത്തിലെ ജീവനക്കാരനുമാണ്. എന്നാല്‍ ഇസ്രയേല്‍ സൈന്യം വിശദീകരിക്കുന്നത് കൊല്ലപ്പെട്ട ജീവനക്കാരില്‍ ഒരാള്‍ ഹമാസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള വ്യക്തിയാണെന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു എന്നുമാണ്്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ജീവനക്കാര്‍ ഈ ആരോപണം നിഷേധിക്കുകയാണ്.

എന്നാല്‍ ഹമാസ് പ്രവര്‍ത്തകന്‍ എങ്ങനെയാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തത് എന്ന കാര്യം വിശദീകരിക്കണം എന്നാണ് ഇസ്രയേല്‍ സൈന്യം തിരിച്ചടിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഹമാസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെട്ട അഹമ്മദ്അസ്മി ഖുദേയുടെ കുടുംബവും ഇസ്രയേലിന്റെ ആരോപണം നിഷേധിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ച വ്യക്തിയായിരുന്നു ഖുദേ എന്നും തീവ്രവാദികളുമായി ഇയാള്‍ക്ക് യാതൊരു തരത്തിലുമുള്ള ബന്ധം ഇല്ലായിരുന്നു എന്നുമാണ്.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള പ്രശ്തനമായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണും തങ്ങളുടെ ജീവനക്കാര്‍ക്ക് ആര്‍ക്കും തീവ്രവാദ

സംഘടനകളുമായി ബന്ധം ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഗാസയില്‍ സന്നദ്ധ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന 330 പേരാണ് ഇതേ വരെ കൊല്ലപ്പെട്ടിട്ടുള്ളത്. ഗാസയില്‍ 20 ലക്ഷത്തോളം പേരാണ് ഇപ്പോഴും മതിയായ തോതില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകാതെ ദുരിതം അനുഭവിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന ആക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ ഏഴ് ജീവനക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. അബദ്ധവശാലാണ് ഇവര്‍ക്ക് നേരേ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അന്ന് വിശദീകരണം നല്‍കിയത്. സംഭവത്തില്‍ ലോകവ്യാപകമായി തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.