- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി 20യിൽ അംഗത്വമുള്ള ഏക അറബ് രാജ്യം സൗദി അറേബ്യ ആണെങ്കിലും യുഎഇയും ഒമാനും ഈജിപ്തും അതിഥികളായത് മോദിയുടെ ക്ഷണത്തിൽ; ഇന്ത്യ- ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലേക്ക് തീരുമാനം എത്തിയത് അറബ് പിന്തുണയിൽ
ന്യൂഡൽഹി: ജി 20യിൽ അംഗത്വമുള്ള ഏക അറബ് രാജ്യം സൗദി അറേബ്യ ആണെങ്കിലും യുഎഇയും ഒമാനും ഈജിപ്തും ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ സജീവമായി. ഇന്ത്യൻ നിലപാടുകളെ ഇവർ പിന്തുണച്ചു. സാമ്പത്തിക ഇടനാഴിക്ക് പിന്നിലും ലോകത്തിന്റെ ഭാവിക്കായുള്ള ഇന്ത്യൻ അജണ്ടയുടെ വിജയത്തിലുമെല്ലാം ഈ രാജ്യങ്ങളുടെ നിലപാട് നിർണ്ണായകമായി.
ഇന്ത്യയുടെ പ്രത്യേക ക്ഷണിതാക്കളായാണ് യുഎഇയും ഒമാനും ഈജിപ്തും എത്തിയത്. ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് യുഎഇയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ലോകത്തെ പ്രമുഖ സമ്പദ്വ്യവസ്ഥകളുടെ വ്യാപാര പങ്കാളിയെന്ന നിലയിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ക്ഷണമെന്നായിരുന്നു യുഎഇയുടെ വിലയിരുത്തൽ.
യുഎഇ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബിൻ സായിദ് ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനും ഉച്ചകോടിയിൽ നിറഞ്ഞു. ഇന്ത്യ, ഗൾഫ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 കൂട്ടായ്മയിൽ ഗൾഫ് രാജ്യങ്ങൾക്കുള്ള പ്രാധാന്യം കൂടി അടിവരയിട്ടു. ചൈനയുടെ വിശാല റോഡ് ഇടനാഴി പദ്ധതിക്ക് ബദലാണ് പുത്തൻ സാമ്പത്തിക ഇടനാഴി. ഈ പദ്ധതിയിൽ ഗൾഫും നിർണ്ണായക ശക്തിയാകും.
ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രയേൽ, യൂറോപ്യൻ യൂണിയൻ അതിൽത്തന്നെ ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾക്ക് ഇടനാഴിയിൽ നിർണ്ണായക റോളുണ്ടാകും. റയിൽവേലൈനുകളും റോഡുകളും മാത്രമുള്ള പരമ്പരാഗത സാമ്പത്തിക ഇടനാഴിയെന്ന സങ്കൽപ്പമല്ല. മറിച്ച് തുറമുഖങ്ങളും ഡേറ്റ ലൈനുകളും വൈദ്യുതി നെറ്റ്‌വർക്കുകളും ഹ്രൈഡ്രജൻ പൈപ്പ് ലൈനുകളുമൊക്കെയുള്ള വമ്പൻ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
വ്യാപാരവും വാണിജ്യവുമാണ് ലക്ഷ്യമെന്ന് പറയുമ്പോൾ തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും പ്രകടമായുണ്ട്. ജി7 രാജ്യങ്ങളുടെ ആഗോള അടിസ്ഥാന സൗകര്യ നിക്ഷേപ പങ്കാളിത്ത പദ്ധതി പ്രകാരം വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇടനാഴിയെന്ന് പാശ്ചാത്യലോകം പറയുന്നു. എന്നാൽ ചൈനയുടെ വിശാല റോഡ് ഇടനാഴിക്ക് ബദലായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയോട് ചൈനയും റഷ്യയും എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമായിരിക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് ഗൾഫിനേയും ജി 20യുമായി മോദി അടുപ്പിച്ചത്.
കടംകയറിയതാണ് ചൈനയുടെ വൺ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെന്ന് വിമർശനുള്ളപ്പോൾ തന്നെയാണ് സമാനതകളില്ലാത്ത ഈ പുത്തൻ സാമ്പത്തിക ഇടനാഴി പ്രഖ്യാപനം വരുന്നത്. 140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വൻ അവസരമാകും സാമ്പത്തിക ഇടനാഴിയെന്ന കാര്യത്തിൽ സംശയമില്ല.
മറുനാടന് മലയാളി ബ്യൂറോ