ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയെ നടുക്കി ചോരക്കളി. ജോഹന്നാസ്ബര്‍ഗിന് സമീപമുള്ള ബെക്കേഴ്സ്ഡാല്‍ ടൗണ്‍ഷിപ്പിലെ മദ്യശാലക്ക് സമീപമുണ്ടായ കൂട്ടവെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കന്‍ പോലീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ജൊഹന്നാസ്ബര്‍ഗില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ബെക്കേഴ്‌സ്ഡാല്‍ പ്രദേശത്താണ് വെടിവെപ്പ് നടന്നത്.

ജൊഹന്നാസ്ബര്‍ഗിന് സമീപമുള്ള ബെക്കേഴ്‌സ്ഡാല്‍ ടൗണ്‍ഷിപ്പില്‍ നടന്ന കൂട്ടവെടിവെപ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 9 പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തിന് ശേഷം ആക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിനോദയാത്രയ്ക്കും മറ്റും ഇന്ത്യക്കാര്‍ അടക്കം പോകുന്ന ഇടമാണ് ജോഹന്നാസ് ബര്‍ഗ്. ഇവിടെ ഉണ്ടായ അരുകൊല ഇന്ത്യക്കാരെയും ശരിക്കും നടുക്കുന്നുണ്ട്. മദ്യശാലയില്‍ കയറിയാണ് വെടിവെപ്പുണ്ടാത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബെക്കേഴ്സ്ഡാലിലെ ഒരു ടാവേണിലേക്ക് രണ്ട് കാറുകളിലായി 12 പേരടങ്ങുന്ന ക്രിമിനല്‍ സംഘം പാഞ്ഞെത്തുകയായിരുന്നു. കയ്യില്‍ കരുതിയ പിസ്റ്റളുകളും മാരകമായ എകെ-47 തോക്കുകളും ഉപയോഗിച്ച് യാതൊരു ദയയുമില്ലാതെ ഇവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയവര്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ഓടിയെങ്കിലും അക്രമികള്‍ അവരെ പിന്തുടര്‍ന്ന് വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. മരണ സംഖ്യ വീണ്ടും ഉയര്‍ന്േക്കും. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഒരു ടാക്‌സി ഡ്രൈവറാണ്. ഒരു യാത്രക്കാരനെ ഇറക്കി മടങ്ങുന്നതിനിടെയാണ് വിധിയുടെ രൂപത്തില്‍ വെടിയുണ്ടകള്‍ അയാളെ തേടിയെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ സാധാരണമാണെങ്കിലും ഇത്രയും ആസൂത്രിതമായ ഒരു ആക്രമണം പോലീസിനെ പോലും ഞെട്ടിച്ചിട്ടുണ്ട്. 'ക്രിമിനലുകള്‍ ഇവിടെ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു' എന്നാണ് ഒരു പ്രാദേശിക നിവാസി പ്രതികരിച്ചത്. സന്ധ്യ കഴിഞ്ഞാല്‍ തോക്കുകളുടെ ശബ്ദമില്ലാത്ത ഒരു ദിവസം പോലും അവിടെയില്ല. പോലീസിനെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റിയിരിക്കുകയാണ് അവിടുത്തെ ഗുണ്ടാ മാഫിയകള്‍. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ ഇറക്കണമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ ആവശ്യം.

ദക്ഷിണാഫ്രിക്കയില്‍ ഓരോ ദിവസവും ശരാശരി 63 പേരാണ് കൊലചെയ്യപ്പെടുന്നത്. ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തോക്ക് സംസ്‌കാരം എത്രത്തോളം ഭീകരമാണെന്ന് മനസ്സിലാക്കാം. ഏകദേശം 63 ദശലക്ഷം ജനങ്ങളുള്ള ഈ രാജ്യത്ത് മൂന്ന് ദശലക്ഷത്തോളം ലൈസന്‍സുള്ള തോക്കുകളുണ്ട്. എന്നാല്‍ അതിലേറെയോ അതിന് തുല്യമോ ആയ അനധികൃത തോക്കുകള്‍ അവിടെ ഓരോ പൗരന്റെയും കയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊലപാതകികള്‍ക്കായി പോലീസ് വന്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും, അവരെ പിടികൂടാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ല. സ്വര്‍ണഖനികള്‍ക്ക് സമീപമുള്ള ദാരിദ്ര്യബാധിത മേഖലയാണ് ബെക്കേഴ്സ്ഡാല്‍. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ മാസം ആദ്യം, ഡിസംബര്‍ 6-ന് പ്രിട്ടോറിയയ്ക്ക് സമീപം നടന്ന മറ്റൊരു വെടിവെപ്പില്‍ മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക.