- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയര്‍ന്ന ഫീസ് നല്‍കി ഇന്ത്യയില്‍നിന്ന് ജീവനക്കാരെ കൊണ്ടുപോകുന്നത് അമേരിക്കന്‍ കമ്പനികളെ ബാധിക്കും; പകരം ഇന്ത്യയിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടേക്കാം; ട്രംപില്‍ ഉടക്കില്‍ ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ പൊലിയുന്നു; പലവിധ ന്യായീകരണങ്ങളുമായി ട്രംപ് ഭരണകൂടം; ആശയക്കുഴപ്പം തീര്‍ക്കാന്‍ ഹെല്‍പ് ലൈന്‍ തുറന്ന് യുഎസിലെ ഇന്ത്യന്‍ എംബസി
ഉയര്‍ന്ന ഫീസ് നല്‍കി ഇന്ത്യയില്‍നിന്ന് ജീവനക്കാരെ കൊണ്ടുപോകുന്നത് അമേരിക്കന്‍ കമ്പനികളെ ബാധിക്കും;
വാഷിങ്ടണ്‍: എച്ച് വണ്‍ ബി വീസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പുതിയ അപേക്ഷകര്‍ക്കാണ് നിലവില്‍ വര്‍ധന ബാധകമാകുക എന്നാണ് വൈറ്റ്ഹൗസ് വിശദീകരിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള എച്ച് വണ്‍ ബി വീസക്കാര്‍ക്ക് തീരുമാനം ബാധകമാകില്ലെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. ഇതോടെ തല്‍ക്കാലം നിലവില്‍ ഈ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസകമാണ് കാര്യങ്ങള്‍. എന്നാല്‍ ഭാവിയില്‍ എച്ച് വണ്‍ ബി വിസ നേടാം എന്ന ഇന്ത്യന്‍ യുവാക്കളുടെ മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ച എച്ച് വണ്‍ ബി വിസ അപേക്ഷയ്ക്കുള്ള ഫീസുമായി ബന്ധപ്പെട്ട ആശങ്ക തുടരുന്നതിനിടെ യുഎസിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. അടിയന്തര സഹായം തേടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് +1-202-550-9931 എന്ന സെല്‍ നമ്പറിലേക്ക് (വാട്‌സ്ആപ്പ്) വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അടിയന്തര സഹായം തേടുന്ന ഇന്ത്യന്‍ പൗരന്മാര്‍ മാത്രമേ ഈ നമ്പര്‍ ഉപയോഗിക്കാവൂ എന്നും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പതിവ് അന്വേഷണങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് യുഎസിലെ ഇന്ത്യന്‍ എംബസി എക്സിലൂടെ അറിയിച്ചു. എച്ച്-1ബി വിസ ഉള്‍പ്പെടെയുള്ള എല്ലാവിധ യുഎസ് വിസകളുടെയും എഴുപത് ശതമാനവും ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.
അമേരിക്കന്‍ ഡ്രീമില്‍ ആശങ്ക
അമേരിക്ക എച്ച് വണ്‍ ബി വിസാ ഫീസ് ഉയര്‍ത്തിയത് ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇപ്പോഴത്തെ തീരുമാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധരം അമേരിക്കയില്‍ എത്തിക്കുന്ന അമേരിക്കന്‍ ഐ ടി കമ്പനികളുടെ നടപടികള്‍ കുറയാനാണ് സാധ്യത. അവിടെ തൊഴില്‍നല്‍കുന്നതും ഇന്ത്യയില്‍നിന്ന് ജീവനക്കാരെ അങ്ങോട്ട് കൊണ്ടുപോവുന്നതുമായ അമേരിക്കന്‍ കമ്പനികളെയും ഇത് വലിയതോതില്‍ ബാധിക്കും. വിസ ഫീസ് ഉയര്‍ത്തുന്നത് കമ്പനികളുടെ ലാഭം ഗണ്യമായി കുറയ്ക്കുമെന്നാണ് മുന്‍ ടെക്‌നോപാര്‍ക്ക് സിഇഒ ജി വിജരാഘവന്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ കമ്പനികളില്‍നിന്നുള്ള ജീവനക്കാരെ എടുക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ കൂടുതല്‍ പണം ചെലവിടേണ്ടിവരുന്നത് അവരുടെ ചെലവ് കൂട്ടും. അതിന് പരിഹാരമായി ഇന്ത്യന്‍ ജീവനക്കാര്‍ ഇന്ത്യയില്‍ത്തന്നെയിരുന്ന് ജോലി ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടേക്കാം. അമേരിക്കയിലെ ചെറിയ-ഇടത്തരം കമ്പനികളെയാണ് ട്രംപിന്റെ തീരുമാനം കൂടുതല്‍ ബാധിക്കുക. ഇന്ത്യക്കാര്‍ തുടങ്ങിയ കമ്പനികളുമുണ്ട്. അമേരിക്കക്കാരെത്തന്നെ നിയമിക്കാനായാല്‍ അതാകും അവര്‍ക്ക് ലാഭം.
അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡുള്ളവര്‍ക്ക് ഇതൊരു അവസരമാണുതാനും. എച്ച് വണ്‍ ബി വിസയില്‍ ജോലിചെയ്യുന്ന ഒട്ടേറെ മലയാളികള്‍ അമേരിക്കയിലുണ്ട്. ഉന്നതപദവികളിലുള്ള പ്രൊഫഷണലുകളെ കാര്യമായി ബാധിക്കാനിടയില്ല. പഠനം കഴിഞ്ഞാല്‍ തുടര്‍ച്ചയായി ജോലിചെയ്യാന്‍ അവസരമില്ലെങ്കില്‍ ഇത്രയും പണംമുടക്കി പഠിക്കാന്‍ അമേരിക്കയില്‍ പോകുന്നതെന്തിനെന്ന ചോദ്യം ഉയരാം.
അമേരിക്കയിലെ സര്‍വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇത് ബാധിക്കുക. ജീവിക്കാനും ജോലിചെയ്യാനും പറ്റുന്ന മികച്ച സ്ഥലങ്ങളിലൊന്നായി കേരളത്തെ മാറ്റുകയാണ് വേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.
16,000 അമേരിക്കക്കാരെ പിരിച്ചുവിട്ട് കഥ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം
എച്ച് വണ്‍ ബി വിസ ഫീസ് ഉയര്‍ത്തിയ തീരുമാനത്തെ ന്യായീകരിച്ച് യു.എസ് ഭരണകൂടം ശക്തമായി രംഗത്തുണ്ട്. അമേരിക്കക്കാരുടെ തൊഴില്‍നഷ്ടമാക്കുന്നു എന്ന കാര്യമാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയത്. 2025ല്‍ ഒരു കമ്പനിക്ക് 5,189 എച്ച്-വണ്‍ ബി വിസകളാണ് നല്‍കിയത്. ഇതിന് പിന്നാലെ ഇവര്‍ 16,000 യു.എസ് പൗരന്‍മാരെയാണ് പിരിച്ചുവിട്ടത്. മറ്റൊരു കമ്പനിക്ക് 1,698 എച്ച് വണ്‍ ബി വിസകള്‍ നല്‍കി. ഇവര്‍ 2400 യു.എസ് പൗരന്‍മാരെ പിരിച്ചുവിട്ടത്. 2022 മുതല്‍ 25,075 വിസകള്‍ ലഭിച്ചൊരു കമ്പനി ഇതുവരെ 27,000 പേരെ പിരിച്ചുവിട്ടുവെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
2003മായി താരതമ്യം ചെയ്യുമ്പോള്‍ ഐ.ടി മേഖലയില്‍ എച്ച് വണ്‍ബി വിസയുമായി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2003ല്‍ 32 ശതമാനം ജീവനക്കാരാണ് എച്ച് വണ്‍ ബി വിസയുമായി എത്തിയിരുന്നത്. എന്നാല്‍, ഈയടുത്ത വര്‍ഷങ്ങളില്‍ ആകെ ഐ.ടി ജീവനക്കാരില്‍ 62 ശതമാനവും എച്ച് വണ്‍ ബി വിസ ഉപയോഗിച്ച് എത്തുന്നവരാണ്.
ഇതിനൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദദാരികള്‍ക്കിടയില്‍ യു.എസില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. 6.1 ശതമാനമായാണ് തൊഴിലില്ലായ്മ ഉയര്‍ന്നത്. ബയോളജി, ആര്‍ട്‌സ് വിഷയങ്ങള്‍ പഠിക്കുന്നവരേക്കാളും തൊഴിലില്ലായ്മ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദദാരികള്‍ക്കിടയിലാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.
വൈറ്റ്ഹൗസിന്റെ പ്രഖ്യാപനത്തില്‍ പരക്കംപാച്ചിലിന് ഒരുങ്ങിയവര്‍ക്ക് ആശ്വാസം
എച്ച് വണ്‍ ബി വിസ ഫീസ് 1 ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ തീരുമാനം പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് വ്യക്തമാക്കി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസും വൈറ്റ്ഹൗസും രംഗത്തുവന്നതോടെ ട്രംപിന്റെ പ്രഖ്യാപനത്തില്‍ ആശങ്കയില്‍ ആയവര്‍ക്ക് ആശ്വാസമായി മാറി.
ഇതിനോടകം വിസക്ക് അപേക്ഷിച്ചവര്‍ക്ക് വര്‍ധനവ് ബാധകമല്ല. എച്ച് വണ്‍ ബി വിസയിലുള്ളവര്‍ രാജ്യത്ത് ഉടന്‍ തിരികെ വരണമെന്നും വിസയിലുള്ളവര്‍ രാജ്യത്തിന് പുറത്തേക്ക് പോകരുതെന്നും കമ്പനികള്‍ ആവശ്യപ്പെട്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പുതിയ അറിയിപ്പെത്തിയത്. ഇത് കമ്പനികള്‍ക്കും ആശ്വാസം പകരുന്ന കാര്യമായി മാറി.
ഒരു ലക്ഷം ഡോളര്‍ എന്നത് ഒറ്റ തവണ ഫീസാണെന്നും വാര്‍ഷിക തലത്തില്‍ അടക്കേണ്ട ഫീസാണെന്നത് തെറ്റിദ്ധാരണയാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. രാജ്യത്തിന് പുറത്തുള്ള എച്ച് വണ്‍ ബി വിസ ഹോള്‍ഡര്‍മാര്‍ക്ക് രാജ്യത്ത് തിരികെ പ്രവേശിക്കുന്നതിന് ഫീസ് ബാധിക്കില്ലെന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.
എച്ച് വണ്‍ ബി വിസയിലുള്ളവരില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്.പുതിയ തീരുമാനം ഇവരില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയിരുന്നു. വിസ ഹോള്‍ഡര്‍മാര്‍ തിരികെ യു.എസിലെത്തണമെന്ന കമ്പനികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാട്ടിലേക്ക് അവധിക്ക് പോകാന്‍ ടിക്കറ്റെടുത്തവര്‍ അവ റദ്ദു ചെയ്യുന്ന സാഹചര്യം ഉണ്ടായി. പുതിയ അറിയിപ്പ് ഇവര്‍ക്ക് ആശ്വാസമാകും.
എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. വീസ ദുരുപയോഗം വഴി അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് തടയാനും ഏറ്റവും മികച്ച വിദേശ തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികളെ അനുവദിക്കുന്നതിനും വേണ്ടിയാണ് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തിയതെന്നാണ് ട്രംപിന്റെ വാദം.
ഇരു രാജ്യങ്ങളുടെയും വ്യാപാര- വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകള്‍ അനിവാര്യമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 24 മണിക്കൂറിനുള്ളില്‍ യുഎസിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും എന്നും സര്‍ക്കാര്‍ അറിയിച്ചു.
സാധാരണയായി വിദ്യാര്‍ഥി വീസയില്‍ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാര്‍ പിന്നീട് എച്ച് വണ്‍ ബി വര്‍ക്ക് വീസയിലേക്കും അതുവഴി ഗ്രീന്‍ കാര്‍ഡിലേക്കും അവിടെനിന്ന് അമേരിക്കന്‍ പൗരത്വത്തിലേക്കും നീങ്ങാറാണ് പതിവ്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അനുസരിച്ച്, 2023ല്‍ ഇഷ്യൂ ചെയ്ത 380,000 എച്ച് വണ്‍ ബി വിസകളില്‍ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. അവരില്‍ ഭൂരിഭാഗവും ഡേറ്റാ സയന്‍സ്, എഐ, മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ സ്റ്റെം വിഷയങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.
ഈ പ്രഫഷണലുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി 118,000 ഡോളര്‍ (ഏകദേശം 1.01 കോടി രൂപ) ശമ്പളം ലഭിക്കുന്നുണ്ട്. എച്ച് വണ്‍ ബീ വീസ അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ക്കും അവര്‍ക്ക് ലഭിക്കേണ്ട വേതനത്തിനും തുരങ്കം വയ്ക്കുന്നുവെന്ന് 'മാഗാ' (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) അനുകൂലികള്‍ കാലങ്ങളായി അവകാശപ്പെടുന്നുണ്ട്. എച്ച് വണ്‍ ബീ വീസയില്‍ മാറ്റം വരുത്തണം, ഇന്ത്യാക്കാരും ചൈനക്കാരും ഇവിടേക്ക് വരരുത് എന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ നാളെ യു.എസില്‍ എത്തും. കഴിഞ്ഞ ചൊവ്വാഴ്ച യു.എസ്. വ്യാപാര പ്രതിനിധി ബ്രന്‍ഡന്‍ ലിഞ്ച് ഡല്‍ഹിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് വാണിജ്യ മന്ത്രിയുടെ യു.എസ്. സന്ദര്‍ശനം. ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ കരാര്‍ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് വാണിജ്യമന്ത്രാലയം പറഞ്ഞു. അധിക തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിലച്ച വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കാണ് വീണ്ടും ജീവന്‍ വച്ചത്. പീയുഷ് ഗോയലിനൊപ്പം വന്‍ പ്രതിനിധി സംഘവും യു.എസില്‍ എത്തും.