ജറുസലം: ഗസ്സയിൽ സഹായം എത്തിക്കുന്നതിനായി ഏർപ്പെടുത്തിയ വെടിനിർത്തലിലെ വ്യവസ്ഥകൾ ലംഘിച്ചു ഹമാസ്. വടക്കൻ ഗസ്സയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കുംവരെ രണ്ടാം ദിവസത്തെ ബന്ദികളെ വിട്ടയക്കുന്നതു ഹമാസ് വൈകിപ്പിച്ചു. ഫലസ്തീൻ തടവുകാരുടെ മോചനം സംബന്ധിച്ചു കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിക്കുന്നതായും ആരോപിച്ചു. എന്നാൽ, ഇതിന് പിന്നാലെ സമയം വൈകി തടവുകാരെ മോചിപ്പിച്ചു.

അതേസമയം കരാർ പ്രകാരം 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ടാം ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതിൽ 13 ഇസ്രയേൽ പൗരന്മാരും നാല് തായ്‌ലാൻഡ് പൗരന്മാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രയേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് ഇസ്രയേൽ അറിയിച്ചു.

അതിനിടെ, വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രതിനിധിസംഘം ഇന്നലെ ഇസ്രയേലിലെത്തി. ദിവസം 10 പേർ എന്ന നിലയിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച 13 ഇസ്രയേലുകാരുടെയും 39 ഫലസ്തീൻകാരുടെയും കൈമാറ്റം സുഗമമായിരുന്നു. 4 ദിവസത്തെ വെടിനിർത്തലിനിടെ സ്ത്രീകളും കുട്ടികളുമായ 50 ബന്ദികളെയും 150 ഫലസ്തീൻ തടവുകാരെയും വിട്ടയക്കാമെന്നാണു കരാർ.

ഒരു ഇസ്രയേലുകാരനു പകരം 3 ഫലസ്തീൻകാർ എന്ന അനുപാതത്തിലാണിത്. ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക. പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ് വിട്ടയച്ചിരുന്നു. ഗസ്സ ഇന്നലെ ശാന്തമായിരുന്നു. ബോംബാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവർക്കായുള്ള തിരച്ചിൽ ഗസ്സയിലെങ്ങും തുടരുന്നു.

ഇസ്രയേൽ ആക്രമണത്തിനു ശേഷം കാണാതായ 7,000 പേർ അവശിഷ്ടങ്ങൾക്കടിയിലുണ്ടെന്നാണു കരുതുന്നത്. അതേസമയം വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ ജയിലിൽ നിന്നും വിട്ടയച്ച 39 ഫലസ്തീനികൾക്കും നാട്ടിൽ ലഭിച്ചത് വൻ വരവേൽപ്പാണ്. ജയിൽ മോചിതരായ ഫലസ്തീനികളെ കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും എത്തിയിരുന്നു.

വടക്കൻ ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വന്ന ട്രക്കുകൾ ഇസ്രയേൽ സൈന്യം തടഞ്ഞതായി ഫലസ്തീനിൽനിന്നുള്ള മാധ്യമപ്രവർത്തക ദിമ കാത്തിബ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ബാക്കി തടവുകാരുടെ മോചനം വൈകുമെന്ന് ശനിയാഴ്ച ഹമാസ് പ്രഖ്യാപിച്ചതിന് പിന്നിൽ ഇസ്രയേലിന്റെ വ്യവസ്ഥ ലംഘനമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു.

വെടിനിർത്തൽ നിലനിൽക്കെ ഇസ്രയേൽ വെടിവെപ്പിൽ ഗസ്സയിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും? ചെയ്തു. വെടിയേറ്റവരുടെ അടുത്തേക്ക് വരാൻ ആരെയും അനുവദിച്ചില്ല. ഗസ്സയിലെ നിശ്ചിത മേഖലകളിൽ നിശ്ചിത സമയത്ത് ഇസ്രയേലിന്റെ വിമാനങ്ങളോ ഡ്രോണുകളോ പറക്കാൻ പാടില്ലെന്ന വ്യവസ്ഥയും പാലിച്ചില്ല.

മോചിതരാകുന്ന ഫലസ്തീനി തടവുകാരോട് മോശമായാണ് പെരുമാറിയത്. എത്രകാലം ജയിലിൽ കഴിഞ്ഞു എന്നതിനെ അടിസ്ഥാനമാക്കിയാണ് മോചിതരാകേണ്ടവരെ തെരഞ്ഞെടുക്കേണ്ടത് എന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. ചില തടവുകാരെ ബന്ധുക്കൾ സ്വീകരിക്കുന്നയിടത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം, ഹമാസ് ധാരണകൾ എല്ലാം പാലിച്ചെന്ന് ദിമ കാത്തിബിന്റെ കുറിപ്പിൽ പറയുന്നു.

അതിനിടെ ജബൽ അലി തുറമുഖത്തുനിന്നു ചൊവ്വാഴ്ച പുറപ്പെട്ട ഇസ്രയേൽ ചരക്കുകപ്പലിനുനേരെ ഇന്ത്യൻ സമുദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടായി. സ്‌ഫോടനത്തിൽ കപ്പലിനു കേടുപാടു പറ്റി. ജീവനക്കാർ സുരക്ഷിതരാണ്. ആക്രമണത്തിനുപിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചു. ഇസ്രയേൽ ശതകോടീശ്വരൻ ഇദാൻ ഓഫറിന്റെ നിയന്ത്രണത്തിലുള്ള സിംഗപ്പൂർ ആസ്ഥാനമായ ഈസ്റ്റേൺ പസിഫിക് ഷിപ്പിങ്ങിന്റേതാണു കപ്പൽ. കഴിഞ്ഞയാഴ്ച യെമൻ തീരത്തുനിന്ന് ഇറാൻ പിന്തുണയുള്ള ഹൂതികൾ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോയിരുന്നു.