ബെയ്‌റൂത്: തങ്ങൾ ബന്ദികളാക്കിയവരിൽ എത്രപേർ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ബാക്കി എത്രപേർ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമല്ലെന്ന് ഹമാസ് വക്താവും പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ ഉസാമ ഹംദാൻ. സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുന്ന ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ നിരവധി ബന്ദികൾക്കും ജീവൻ നഷ്ടമായതായി അദ്ദേഹം ലബനീസ് തലസ്ഥാനമായ ബെയ്റൂത്തിൽ സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗസ്സയിലെ നുസൈറാത്തിൽനിന്ന് നാല് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ നടത്തിയ ഓപറേഷനിടെ അമേരിക്കൻ പൗരൻ ഉൾപ്പെടെ മൂന്ന് ബന്ദികൾ കൊല്ലപ്പെട്ടതായാണ് ഹംദാന്റെ അവകാശവാദം. നോആ അറഗാമി (25), ആൽമോങ് മെയർ (21), ആന്ദ്രേ കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് കര, നാവിക, വ്യോമ സൈനിക നീക്കത്തിലൂടെ ഇസ്രയേൽ മോചിപ്പിച്ചത്. ഇതിന് ശേഷമാണ് ഗസ്സയിൽ കഴിയുന്ന 100ലധികം ബന്ദികളിൽ 70ലേറെ പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്. എന്നാൽ, എത്രപേർ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് ഹമാസ് നേതാവ് പറഞ്ഞിരിക്കുന്നത്.

ബന്ദികളെ വിട്ടയക്കണമെങ്കിൽ ശാശ്വത വെടിനിർത്തലും ഗസ്സയിൽനിന്ന് ഇസ്രയേൽ സേനയെ പൂർണമായി പിൻവലിക്കുന്നതും ഫലസ്തീനി തടവുകാരുടെ മോചനവും ഉറപ്പാക്കണം. തടവുകാരുടെ കൈമാറ്റം, ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങൽ, ഗസ്സ പുനർനിർമ്മാണം, ഉപരോധം അവസാനിപ്പിക്കൽ, ഗസ്സയുടെ ഭരണത്തിൽ ഫലസ്തീനികൾക്ക് സ്വയം നിർണയാവകാശം എന്നീ കാര്യങ്ങളിൽ ഇസ്രയേൽ നിലപാട് വ്യക്തമാക്കിയാൽ മാത്രമേ ബന്ദിമോചന ചർച്ച ഫലവത്താകൂ. എന്നാൽ, കഴിഞ്ഞ മാസം അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച പദ്ധതിയിൽ ഹമാസ് ഉന്നയിച്ച ആവശ്യങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വെടിനിർത്തൽ കരാർ ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഇസ്രയേൽ ഇക്കാര്യത്തിൽ പൂർണ സമ്മതം അറിയിച്ചിട്ടില്ല. ബൈഡന്റെ നിർദേശത്തോടുള്ള ഹമാസ് പ്രതികരണം മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുഖേന സമർപ്പിച്ചിരുന്നു. എന്നാൽ, ഹമാസ് നേരത്തെ ഉന്നയിച്ച ആവശ്യങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും മറുപടിയിൽ ഇല്ലെന്നും കരാറിൽ നിരവധി തിരുത്തലുകൾ നിർദേശിച്ചത് നിരാശാജനകമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കിയരുന്നു.

തിങ്കളാഴ്ച യു.എൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച യു.എസ് പിന്തുണയുള്ള വെടിനിർത്തൽ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇതിൽ ആദ്യ ഘട്ടമായ ആറാഴ്ചയാണ് വെടിനിർത്തൽ ഉറപ്പുനൽകുന്നത്. തടവുകാരെ പരസ്പരം കൈമാറുന്ന ഈ ഘട്ടത്തിൽ ഇസ്രയേൽ സൈന്യം ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് പിൻവാങ്ങും. എന്നാൽ, ആറാഴ്ച കഴിഞ്ഞാൽ പിന്നെയെന്ത് എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുക്കില്ല.

യുദ്ധം ശാശ്വതമായി നിർത്തുന്നതും ഗസ്സയിൽ നിന്ന് ഇസ്രയേൽ പൂർണ്ണമായി പിൻവാങ്ങുന്നതുമാണ് രണ്ടാം ഘട്ടത്തിൽ നിർദേശിക്കുന്നത്. ആദ്യ ആറാഴ്ചക്കാലയളവിൽ ഇരുപക്ഷവും തമ്മിൽ കൂടുതൽ ചർച്ച നടത്തിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്നും ആറാഴ്ച കഴിഞ്ഞാൽ വീണ്ടും അതിക്രമം തുടരാനുള്ള ഇസ്രയേൽ ഗൂഢതന്ത്രമാണ് ഇതിനുപിന്നിലെന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേൽ സർക്കാർ അംഗീകരിച്ച്, അവർ മുന്നോട്ടുവെച്ച കരാറാണിത് എന്ന മുഖവുരയോടെയാണ് ബൈഡൻ വെടിനിർത്തൽ പദ്ധതി പുറത്തുവിട്ടത്. വൈറ്റ് ഹൗസ് ഇക്കാര്യം ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. എന്നാൽ, ഇസ്രയേൽ ഇതുവരെ കരാർ തങ്ങൾ പൂർണമായി അംഗീകരിച്ചതായി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നുമാത്രമല്ല, ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ച് പറയുന്നത്.