തെൽ അവീവ്: ഹമാസിനെ പൂർണമായും ഇല്ലാതാക്കുയാണ് ലക്ഷ്യമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുന്ന കാര്യം. എന്നാൽ, ഇക്കാര്യം എത്രകണ്ട് നടക്കുമെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അമേരിക്കയുടെ ഇടപെടലിൽ ഉടമ്പടി ഉണ്ടാക്കിയതോടെ ഹമാസിനെ പൂർണമായും തീർക്കാൻ സാധിക്കില്ലെന്ന കാര്യവും വ്യക്തമായിട്ടുണ്ട്. ഇതിനിടെ ഇക്കാര്യം തുറന്നു പറഞ്ഞ് ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് രംഗത്തുവന്നു.

ഹമാസിനെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് പ്രതിരോധസേന വക്താവ് ഡാനിയൽ ഹാഗരി പറഞ്ഞിരിക്കുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്നത് ഇപ്പോൾ നേടാനാവാത്ത ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക വക്താവിന്റെ പരാമർശത്തോടെ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഉന്നത സൈനികവൃത്തങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു എന്ന വ്യാഖ്യാനങ്ങളും സജീവമാണ്.

ഹമാസിനെ തകർക്കുക, ഇല്ലാതാക്കുക തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ചാനൽ 13 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഹാഗരി പറഞ്ഞു. ഹമാസ് ഒരു ആശയമാണ്, പാർട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

ഹമാസിനെ പൂർണമായും ഇല്ലാതാക്കാമെന്ന് ആരെങ്കിലും ചിന്തിക്കുകയാണെങ്കിൽ അത് തെറ്റാണ്. ഹമാസിന് പകരം മറ്റൊന്നിനെ കണ്ടെത്തിയില്ലെങ്കിൽ അത് അവിടെ തന്നെ നിൽക്കുമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു. സൈനികന്റെ പ്രസ്താവനക്ക് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് വിശദീകരണം പുറത്തുവന്നു.

ഗസ്സയിൽ നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഹമാസിനെ ഇല്ലാതാക്കുകയാണ്. ഇത് ചെയ്യാൻ ഇസ്രയേൽ പ്രതിരോധസേന പ്രതിജ്ഞബദ്ധരാണെന്നായിരുന്നു നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും വന്ന പ്രസ്താവന. അതേസമയം, സൈനിക വക്താവ് ജോലി ചെയ്യുന്ന സൈനിക യൂണിറ്റും ഇക്കാര്യത്തിൽ പ്രതികരണം നടത്തി. ഹമാസിനെ ഇല്ലാതാക്കുകയെന്നത് യുദ്ധത്തിന്റെ ലക്ഷ്യമാണ്. സർക്കാറിന്റെ ഈ ലക്ഷ്യത്തിനൊപ്പം സൈന്യം നിൽക്കുമെന്ന് സൈനിക യൂണിറ്റ് അറിയിച്ചു.

ഗസ്സയിൽ ശക്തമായ ആക്രമണം നടത്തുന്ന ഇസ്രയേൽ സൈന്യത്തിന് വൻ തിരിച്ചടി നേരിട്ടിരുന്നു. ഹമാസ് നടത്തിയ ഒളിയാക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. മാസങ്ങൾക്കിടെ ഒരു സംഭവത്തിൽ ഇത്രയും സൈനികർ കൊല്ലപ്പെടുന്നത് ആദ്യമാണ്. ഗസ്സയിലെ ഓരോ പ്രദേശങ്ങളിലും ഇസ്രയേൽ സൈന്യം ബോംബുകൾ വർഷിക്കുകയാണ്. ഇതുവരെ 37000ത്തിലധികം പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് വീടുകൾ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ 28 ഫലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണ് സൈന്യത്തിന് വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. സൈനികർ കൊല്ലപ്പെട്ട കാര്യം ഹമാസും ഇസ്രയേലും ശരിവച്ചു.

ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് ആണ് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത്. റഫയിൽ നിന്നു വരികയായിരുന്ന ഇസ്രയേൽ സൈനിക വാഹനമാണ് ആക്രമിക്കപ്പെട്ടത്. ആദ്യം റോക്കറ്റ് പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന ഹമാസ് അംഗങ്ങൾ വെടിയുതിർത്തു. സൈനിക വാഹനത്തിലും ഇതിന് പിന്നാലെ വന്ന സഹായികളുടെ വാഹനത്തിലുമുണ്ടായിരുന്ന എല്ലാവരെയും വധിച്ചു എന്നാണ് ഹമാസ് പറയുന്നത്.

പടിഞ്ഞാറൻ റഫയിലെ താൽ സുൽത്താൻ ജില്ലയിലാണ് സംഭവം. യാസീൻ-105 ആർപിജി റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ആദ്യം വന്ന ഇസ്രയേലി സൈനിക വാഹനം ആക്രമിച്ച പിന്നാലെ ഇവരെ സഹായിക്കാൻ മറ്റൊരു സൈനിക വാഹനമെത്തി. രണ്ടും ആക്രമിച്ചുവത്രെ. തെക്കൻ ഗസയിൽ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇസ്രയേൽ സൈന്യവും അറിയിച്ചു.