ടെൽ അവീവ്: ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മുപ്പതുപേരെ ഹമാസ് ഗസ്സയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.

ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മുപ്പത് പേരെ ഹമാസ് ഗസ്സയിൽ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികൾ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ആക്രമണം നടന്ന് നാലാം ദിവസവും ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ആയിട്ടില്ല.

്അതേസമയം ഗസ്സയിലെ ഫലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന രംഗത്തുവന്നു. ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ രാത്രിയിൽ ഗസ്സയിലുടനീളം ബോംബ് വർഷം നടത്തിയതിന് പിന്നാലെയാണ് നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേൽ സേന പിൻവലിച്ചു. ഈജിപ്ത് അതിർത്തി അടച്ചതിനെ തുടർന്നാണിത്.

'ഈജ്തിലേക്കുള്ള റഫാ അതിർത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവർ ആ വഴി തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർദേശിക്കുന്നു' ഇസ്രയേൽ സേനാ വക്താവ് ലെഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് ആദ്യം നിർദേശിച്ചിരുന്നു. ഇതാണ് തൊട്ടുപിന്നാലെ പിൻവലിക്കേണ്ടിവന്നത്.

കഴിഞ്ഞ രാത്രിയിൽ ഹമാസിന്റേയും മറ്റു ഫലസ്തീൻ സായുധ സംഘങ്ങളുടേയുമടക്കം ഗസ്സയിലെ 200 കേന്ദ്രങ്ങളിൽ വ്യോമാക്രണം നടത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകർത്തതായി ഐഡിഎഫ് പറഞ്ഞു. അതിനിടെ, ഗസ്സ അതിർത്തിയുടെ നിയന്ത്രണം പൂർണ്ണമായും തിരിച്ച് പിടിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സ അതിർത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ഹമാസ് തകർത്ത അതിർത്തിയിലെ വേലികൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടത്തിവരികയാണെന്നും സൈന്യം വ്യക്തമാക്കി. ഇങ്ങോട്ടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്.

എന്നാൽ നുഴഞ്ഞു കയറ്റത്തിന് ഈ മാർഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടൽ വഴിയും പാരാഗ്ലൈഡർമാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ആ രീതികൾ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങൾ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേൽ തള്ളി കളയുന്നില്ല. തെക്കൻ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂർണ്ണമായും ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തായും ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. ഗസ്സ മുനമ്പിന് സമീപമുള്ള എല്ലാ ഇസ്രയേൽ പൗരന്മാരേയും മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ലെബനൻ അതിർത്തിയിലും സ്ഥിതി മോശമാകുകയാണ്. ലബനാനിലെ ഹിസ്ബുല്ല സംഘം ഇസ്രയേലിന് ഉള്ളിലേക്ക് വീണ്ടും വെടിയുതിർത്തു. തിരിച്ചടിയായി ലെബനോനിൽ ഇസ്രയേൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആക്രമണം നടത്തി. ഹിസ്ബുല്ല സായുധ സംഘത്തിലെ ആറു പേർ കൊല്ലപ്പെട്ടു. ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടു. വർഷങ്ങളായി ഇറാന്റെ പൂർണ്ണ പിന്തുണയുള്ള ഹിസ്ബുല്ല ലെബനോനിൽ വലിയ സ്വാധീനവും ഭരണ പങ്കാളിത്തവുമുള്ള സായുധസംഘമാണ്. അവർ യുദ്ധത്തിന് ഇറങ്ങുമെന്ന് ഇപ്പോഴും ഇസ്രയേൽ കരുതുന്നില്ല. അഥവാ ഇറങ്ങിയാൽ ഇതൊരു വലിയ ഏറ്റുമുട്ടലായി മാറുമെന്നതിൽ സംശയവുമില്ല.

അതേ സമയം, ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും പ്രസിഡന്റ് അറിയിച്ചു. പ്രശ്‌നത്തിൽ ഇടപെടരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.