ബെയ്‌റൂത്ത്: ഹിസ്ബുല്ലയുടെ ആക്രമണം ശക്തമാകുന്നതിനിടെ തിരിച്ചടിക്കാൻ ശക്തമായ നീക്കവുമായി ഇസ്രയേൽ. അതിനുള്ള ഒരുക്കങ്ങൾ സജീവമായിരിക്കവേ ഇസ്രയേലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ല തലവൻ ഹസൻ നസറല്ലയും രംഗത്തുവന്നു. ലെബനനെതിരായ സൈനിക നടപടി ഇസ്രയേൽ ആരംഭിച്ചാൽ നിയമങ്ങളും സംയമനവുമില്ലാത്ത യുദ്ധം ആരംഭിക്കുമെന്ന് നസറല്ല പറഞ്ഞു.

ഇസ്രയേൽ-ലെബനാൻ അതിർത്തിയിൽ സംഘർഷസാധ്യത രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലെബനനിലെ യുദ്ധത്തെ കുറിച്ച് ശത്രു പറയുന്നതും മധ്യസ്ഥരുടെ ഭീഷണികളും ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകളും തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിനാണ് ഇക്കാര്യത്തിൽ ഭയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിസ്ബുല്ലയുടെ ആക്രമണം ശക്തമാകുന്നതിനിടെ, ലബനാനിൽ രൂക്ഷമായ പ്രത്യാക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്ക് അനുമതി ലഭിച്ചതായും അധികൃതർ സൂചിപ്പിച്ചു.

ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോൺ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇസ്രയേൽ അധികൃതർ രംഗത്തെത്തിയത്. സൈനിക, ജനവാസ മേഖലകൾ, മാളുകൾ, പാർപ്പിട സമുച്ചയങ്ങൾ, ആയുധ നിർമ്മാണ കേന്ദ്രങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട വിഡിയോ ദൃശ്യം ഇസ്രയേലിനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കമ്പനികൾ നടത്തുന്ന ഹൈഫയിലെ തുറമുഖങ്ങളുടെ ദൃശ്യം ചിത്രീകരിച്ചതായി ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല പൊങ്ങച്ചം പറയുകയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. സമ്പൂർണ യുദ്ധത്തിൽ ഹിസ്ബുല്ല തകർക്കപ്പെടുകയും ലബനാന് മാരകമായി പരിക്കേൽക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.