ധാക്ക: ബംഗ്ലാദേശില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ അഴിഞ്ഞാടുന്നു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍ റഹ്‌മാന്റെ വീടിന് ജനക്കൂട്ടം തീയിട്ട കൊണ്ടാണ് ഇവരുടെ അഴിഞ്ഞാട്ടം. മകളും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനയുടെ തത്സമയ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയാണ് അക്രമികള്‍ വസതിക്ക് തീയിട്ടത്.

ശൈഖ് ഹസീന ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് ഓണ്‍ലൈനില്‍ പ്രസംഗിക്കുന്നതിനിടെ ധന്‍മോണ്ടി പ്രദേശത്തെ മുജീബുര്‍റഹ്‌മാന്റെ വീടിന് മുന്നില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് തീയിടുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാര്‍ നേരത്തെ മുജീബുര്‍റഹ്‌മാന്റെ വസതി മ്യൂസിയമാക്കി മാറ്റിയിരുന്നു.

അവാമി ലീഗിന്റെ പിരിച്ചുവിട്ട വിദ്യാര്‍ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗത്തിലാണ് നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ ഹസീന ജനങ്ങളോട് ആഹ്വാനം ചെയ്തത്. 'ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവന്‍ പണയപ്പെടുത്തി നമ്മള്‍ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ അവര്‍ക്ക് ഇതുവരെ ശക്തിയില്ല,' മുഹമ്മദ് യൂനുസിന്റെ നിലവിലുള്ള ഭരണകൂടത്തെ പരാമര്‍ശിച്ചുകൊണ്ട് ഹസീന പറഞ്ഞു.

'ഇന്ന് ഈ വീട് പൊളിച്ചുമാറ്റുകയാണ്. എന്ത് കുറ്റമാണ് അവര്‍ ചെയ്തത്? എന്തിനാണ് അവര്‍ ആ വീടിനെ ഇത്രയധികം ഭയപ്പെട്ടത്.' അതേസമയം, ഹസീനയെയും മറ്റുള്ളവരെയും ഇന്ത്യയില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ഇടക്കാല സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ആഭ്യന്തര ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്‍ എം.ഡി. ജഹാംഗീര്‍ ആലം ചൗധരി ബുധനാഴ്ച പറഞ്ഞു.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും ആരോപിച്ച് ശൈഖ് ഹസീനക്കും നിരവധി മുന്‍ കാബിനറ്റ് മന്ത്രിമാര്‍ക്കും, ഉപദേഷ്ടാക്കള്‍ക്കും, സൈനിക, സിവില്‍ ഉദ്യോഗസ്ഥര്‍ക്കും എതിരായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.