- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും'; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍; നിരവധി 'ട്രൂ പ്രോമിസ്' ആവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്ന് ഇറാന് പ്രതിരോധമന്ത്രിയും; വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നോ?
'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി
ബെയ്‌റൂത്ത്: ദിവസം ചെല്ലും തോറും ഓരോ നേതാക്കളെയും ഇസ്രായേല്‍ വകവരുത്തുമ്പോഴും ഭീഷണി മുഴക്കി ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള വീണ്ടും രംഗത്തുവരുന്നു. ഏറ്റവും ഒടുവിലായി ഹസന്‍ നസ്രുള്ളക്ക് പകരക്കാരനായി എത്തിയ ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറല്‍ നയിം ഖാസിമും ഇസ്രായേലിനെതിരെ ഭീഷണിയുമായി രംഗത്തെത്തി. ഖാസിമിനെ തീര്‍ക്കുമെന്ന് അധികം ആയുസ്സില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ള നേതാവിന്റെ പുതിയ വെല്ലുവിളി എത്തിയത്. അതേസമയം മറുവശത്ത് ഇറാനും ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചനയോടെ സൈബറിടത്തില്‍ വെല്ലുവിളി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഇറാന്‍ പ്രതിരോധ മന്ത്രിയാണ് ഇറാനെതിരെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോണ്‍ എത്തിയെന്നും അയാളുടെ സമയമെത്താത്തതിനാലാവാം അതിജീവിച്ചതെന്നുമാണ് ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറല്‍ നയീം ഖാസിം വെല്ലുവിളിച്ചത്. 'ഒരുപക്ഷേ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും, ചിലപ്പോള്‍ ഏതെങ്കിലും പ്രസംഗത്തിനിടെയാകും കൊല്ലപ്പെടുന്നത്' -ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഏതാനും ദിവസം മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ സൂചിപ്പിച്ചായിരുന്നു നയീ ഖാസിമിന്റെ പ്രസംഗം. ''നമ്മുടെ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും നേരെ ബോംബാക്രമണം നടത്തുന്നത് ഒരിക്കലും നമ്മെ പിന്തിരിപ്പിക്കില്ലെന്ന് ശത്രു മനസ്സിലാക്കണം. നമ്മുടെ പ്രതിരോധം ശക്തമാണ്. നെതന്യാഹുവിന്റെ കിടപ്പുമുറിയിലേക്ക് ഡ്രോണ്‍ അയക്കാന്‍ വരെ നമുക്ക് കഴിഞ്ഞു. ഞങ്ങള്‍ നെതന്യാഹുവിനെ ലക്ഷ്യമിടുന്നു എന്നത് അയാളെ ഏറെ ഭീതിയിലാക്കിയതായി നമ്മുടെ നയതന്ത്ര കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്' -ഖാസിം പറഞ്ഞു.
'ഭാരിച്ച ഉത്തരവാദിത്തവും വിശ്വാസവും എന്നില്‍ ഏല്‍പിച്ചതിന് ഹിസ്ബുല്ലയോട് ഞാന്‍ നന്ദി പറയുന്നു. നമ്മുടെ സെക്രട്ടറി ജനറലിനെ കൊലപ്പെടുത്തിയവര്‍ നമ്മുടെ ഉള്ളിലെ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്താനും ധര്‍മസമരത്തിനുള്ള ആഗ്രഹത്തെ തകര്‍ക്കാനും ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ രക്തം നമ്മുടെ സിരകളില്‍ തിളച്ചുകൊണ്ടേയിരിക്കും, ഈ പാതയില്‍ അടിയുറച്ച് നില്‍ക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കും. വെടിനിര്‍ത്താന്‍ ഹിസ്ബുല്ല ആവശ്യപ്പെടില്ല. ശത്രു യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഞങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കും. ഏത് പരിഹാരവും ചര്‍ച്ചകളിലൂടെയായിരിക്കും' - അദ്ദേഹം വ്യക്തമാക്കി.
ലബനാന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഹിസ്ബുല്ല ഇസ്രായേലുമായി യുദ്ധം ചെയ്യുന്നതെന്നും ഒരു വിദേശ സ്വാധീനത്തിന്റെ പേരിലല്ലെന്നും അദ്ദേഹം വ്യകതമാക്കി. നിങ്ങളുടെ ത്യാഗങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും അല്‍പം കൂടി ക്ഷമ കൈക്കൊള്ളണമെന്നും ലബനാനിലെ ഹിസ്ബുല്ല അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പുതിയ സെക്രട്ടറി ജനറല്‍ പറഞ്ഞു.
'ഇസ്രായേലുമായുള്ള യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും. ഒരു സഹോദരനെപ്പോലെയായിരുന്നു ഹസന്‍ നസ്റുല്ല. അദ്ദേഹം തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ ഹിസ്ബുല്ല തുടരും. ഗസ്സയെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഇസ്രായേല്‍ ഭീഷണിയെ ഞങ്ങള്‍ പ്രതിരോധിക്കും. മുമ്പ് ഇസ്രായേല്‍ ലബനാനെ ആക്രമിച്ചപ്പോള്‍ അവരെ തുരത്തിയത് ഹിസ്ബുല്ലയും സൈന്യവും ലബനാന്‍ ജനതയും ചേര്‍ന്നാണ്. അല്ലാതെ അന്താരാഷ്ട്ര പ്രമേയങ്ങളല്ല. കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നുമായി 39,000 ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയിട്ടുണ്ട്. അവര്‍ നിയമങ്ങള്‍ അനുസരിക്കുന്നവരല്ല. പ്രതിരോധിക്കാന്‍ അവരാണ് ഞങ്ങളെ പ്രേരിപ്പിച്ചത്.
ലബനാന്‍ മണ്ണില്‍ കുടിയേറാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍, അവരെ പുറത്താക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. അല്ലാതെ, ഞങ്ങള്‍ ആരുടെയും പ്രേരണയാലല്ല പോരാടുന്നത്. ഇറാന്‍ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. മറ്റേതെങ്കിലും അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രായേലിനെ നേരിടാന്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അതിനെയും സ്വാഗതം ചെയ്യും. ചെറുത്തുനില്‍പ്പിനെതിരായ ആഗോള യുദ്ധമാണ് അവര്‍ നടത്തുന്നത്. ലബനാനിലും ഗസ്സയിലും മാത്രമായി പരിമിതമല്ല. ഇത്തരമൊരു യുദ്ധത്തെയാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്. അന്തിമ വിജയം ഞങ്ങള്‍ക്കൊപ്പമാണ്' -അദ്ദേഹം വ്യക്തമാക്കി.
അതേസമംയ ഇസ്രായേലിനെതിരെ ട്രൂ പ്രോമിസ് പോലുള്ള നിരവധി ആക്രമണങ്ങള്‍ നടത്താന്‍ ഇറാന് ശേഷിയുണ്ടെന്നായിരുന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദയുടെ വെല്ലുവിളി. കഴിഞ്ഞ ഏപ്രിലില്‍ ട്രൂ പ്രോമിസ് ഒന്ന് എന്ന പേരിലും ഒക്ടോബര്‍ ഒന്നിന് ട്രൂ പ്രോമിസ് രണ്ട് എന്ന പേരിലും ഇസ്രായേലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കകള്‍ക്കിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസില്‍ ഇറാന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഏപ്രിലില്‍ ആദ്യ ആക്രമണം നടത്തിയത്. 300ലധികം മിസൈലുകളും ഡ്രോണുകളുമാണ് അന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത്. ഒക്ടോബര്‍ ഒന്നിന് നടത്തിയ ആക്രമണത്തില്‍ 200 മിസൈലുകളാണ് ഇസ്രായേലിലേക്ക് കുതിച്ചെത്തിയത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ വധത്തിന് പ്രതികാരമായാണ് ഓപറേഷന്‍ ട്രൂ പ്രോമിസ് രണ്ട് നടത്തിയത്. രണ്ടാം ആക്രമണത്തില്‍ അയച്ച 90 ശതമാനം മിസൈലുകളും ലക്ഷ്യസ്ഥാനത്ത് പതിച്ചതായി പ്രതിരോധ മന്ത്രി പറഞ്ഞു.
അതിനിടെ, ഇറാന്‍ സൈന്യം എക്‌സില്‍ പങ്കുവെച്ച പ്രതീകാത്മക വിഡിയോ പോസ്റ്റ് ചര്‍ച്ചയായി. ക്ലോക്കിന്റെ സെക്കന്‍ഡ് സൂചിയുടെയും വിക്ഷേപിക്കാന്‍ തയാറായിനില്‍ക്കുന്ന മിസൈലിന്റെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. 'ശിക്ഷാ നേരം അടുത്തെത്തി' എന്ന് എഴുതിക്കാണിക്കുന്നുമുണ്ട്. ഓപറേഷന്‍ ട്രൂ പ്രോമിസ് മൂന്നിനുള്ള മുന്നറിയിപ്പാണ് പോസ്റ്റ് എന്ന തരത്തിലാണ് ചര്‍ച്ചകള്‍.