- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കടലിൽ അമേരിക്കൻ ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം
മനാമ: ചെങ്കടലിൽ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം. സ്റ്റാർ ഐറിസ് എന്ന ചരക്ക് കപ്പലിനെ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. തങ്ങളുടെ നാവിക സേനയാണ് ആക്രമണം നടത്തിയതായി ഇറാൻ പിൻതുണയുള്ള ഹൂതികൾ പ്രസ്താവനയിൽ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം നാലരയോടെയാണ് ആക്രമണം ഉണ്ടായത്. യെമനിലെ തീരദേശ നഗരമായ അൽ മുക്കക്ക് തെക്ക് 74 കിലോമീറ്റർ അകലെ ചെങ്കടലിൽ രണ്ട് മിസൈലുകൾ ഉപയോഗിച്ച് കപ്പൽ ആക്രമിച്ചതായി ബ്രിട്ടീഷ് സമുദ്ര വാണിജ്യ സംഘടന സ്ഥിരീകരിച്ചു. 20 മിനിറ്റിനിന്റെ വ്യത്യാസത്തിൽ കപ്പലിൽ രണ്ട് മിസൈലുകളും പതിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്നും കപ്പൽ അടുത്ത തുറമുഖത്തേക്ക് പോകുകയാണെന്നും സംഘനയുടെ റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 12 ന് ബ്രസീലിലെ വിലാ ഡോ കോണ്ടെ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇറാനിലെ ബന്ദർ ഇമാം ഖൊമേനി തുറമുഖത്തേക്ക് പോവുകയായിരുന്നുവെന്ന് മറൈൻ ട്രാഫിക്കിൽ നിന്നുള്ള എഐഎസ് ഡാറ്റ കാണിക്കുന്നു. മിസൈൽ ഏറ്റ് കപ്പലിന്റെ സ്റ്റാർബോർഡ് ഭാഗത്ത് കേടുപാട് പറ്റിയതായി സമുദ്ര ഗതാഗത സുരക്ഷാ ഏജൻസിയായ ആംബ്രെ അറിയിച്ചു.
യെമന് എതിരെയുള്ള അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. അനുയോജ്യമായ നാവിക മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നെന്നും അവകാശപ്പെട്ടു. ഗസ്സയിൽ ഇസ്രയേൽ അധിനിവേശ ആക്രമണം അവസാനിപ്പിക്കുംവരെ ഇസ്രയേൽ താൽപ്പര്യങ്ങൾക്കെതിരെ ചെങ്കടലിൽ ആക്രമണം തുടരുമെന്നും സാരി പറഞ്ഞു. നവംബർപ മുതൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന 51-ാമത്തെ ആക്രമണമാണിത്.
അമേരിക്കയിലെ നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഗ്രീസ് ആസ്ഥാനമായ സ്റ്റാർ ബൾക്ക് കാരിയേഴ്സ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് 20 വർഷം പഴക്കമുള്ള കപ്പൽ. കഴിഞ്ഞ ആറിന് മറ്റൊരു സ്റ്റാർ ബൾക്ക് കപ്പലായ സ്റ്റാർ നാസിയ കംസർമാക്സിന് മൂന്ന് മിസൈലുകൾ ഏറ്റ് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു.