ലണ്ടന്‍: കഴിഞ്ഞയാഴ്ച, ബാള്‍ട്ടിക് കടലില്‍ രണ്ട് ഫൈബര്‍ ഓപ്ടിക് കെബിളുകള്‍ വിഛേദിക്കപ്പെടുന്നതു വരെ ബ്രിട്ടനില്‍ ഒരു ഇന്റര്‍നെറ്റ് അട്ടിമറി സൃഷ്ടിക്കാന്‍ എത്ര എളുപ്പമാണെന്ന് പലരും തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഈ കേബിള്‍ വിഛേദിക്കപ്പെട്ടതുമായി സംശയം ഉയരുന്നത് ചൈനീസ് കപ്പലായ യി പെംഗ് 3 യുടെ മേലാണ്. ഫിന്‍ലാന്‍ഡിനെ ജര്‍മ്മനിയുമായും, അതുപോലെ സ്വീഡനെ ലിത്വാനിയയുമായും ബന്ധിപ്പിക്കുന്ന ഈ രണ്ട് കേബിളുകള്‍ക്ക് മേലെയും ഈ കപ്പല്‍ സഞ്ചരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇക്കാര്യത്തില്‍ പക്ഷെ കേടുപാടുകള്‍ നിസ്സാരമായിരുന്നു. എന്നാല്‍, ബ്രിട്ടന്‍ വന്‍കരയില്‍ നിന്നും വേര്‍പെട്ട് കിടക്കുന്ന ഒരു ദ്വീപായതിനാല്‍, ബ്രിട്ടനിലേക്കുള്ള കേബിളുകള്‍ വിഛേദിക്കപ്പെട്ടാല്‍, ഒരുപക്ഷെ ബ്രിട്ടന്‍ അതിന്റെ ആഘാതം അതിജീവിച്ചേക്കില്ല എന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കേവലം രണ്ട് ദിവസം മാത്രമായിരുന്നു പൊട്ടിയ കേബിളുകള്‍ പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ കൂടി, അതിന്റെ പ്രത്യാഘാതം എത്രമാത്രമായിരുന്നു എന്നതില്‍നിന്നു തന്നെ, ബ്രിട്ടനില്‍ കേബിള്‍ വിഛേദിക്കുക വഴി എത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമെന്ന് ചിന്തിക്കാവുന്നതെയുള്ളു.

രാത്രിയില്‍ കേബിള്‍ ബന്ധം വിഛേദിക്കപ്പെടുമ്പോള്‍ ബ്രിട്ടന്‍ ഉറങ്ങുകയായിരുന്നു. ആരും ഒന്നും അറിഞ്ഞില്ല. ചെല്‍റ്റന്‍ഹാമിലെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ സെന്ററിലെ ഒരു ഡാറ്റാ അനലിസ്റ്റ് ആയിരുന്നു, വടക്കന്‍ കടലിന്റെ മാപ്പിന് മേല്‍ ഒരു ലൈറ്റ് മാത്രം കത്തുന്നതായി ശ്രദ്ധിച്ചത്. ഇതിനര്‍ത്ഥം ബ്രിട്ടനും ജര്‍മ്മന്‍ തീരത്തിനും ഇടയിലുള്ള ആശയവിനിമയം തകര്‍ന്നു എന്നാണ്. ഇത് തികച്ചും സാധാരണ സംഭവം മാത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സമുദ്രാന്തര കേബിളുകള്‍ അറിയാതെ തന്നെ എല്ലാ ആഴ്ചയും മുറിയാറുണ്ട്. സമുദ്രത്തിനടിയില്‍ നടക്കുന്ന ഭൂചലനങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, കപ്പലൂകളുടെ നങ്കൂരങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാറുണ്ട്.

എന്നാല്‍, കഴിഞ്ഞ 18 മാസങ്ങളിലായി ഇത്തരത്തില്‍ കേബിള്‍ ബന്ധം വിഛേദിക്കപ്പെടുന്നത് വര്‍ദ്ധിച്ചു വരികയാണെന്ന് ടെലെകോം ഭീമനായ ആര്‍ ഇ ടി എന്‍ പറയുന്നു. യൂറോപ്പിനും എഷ്യയ്ക്കും ഇടയിലുള്ള ആശയവിനിമയം ബന്ധം മുന്‍കാലങ്ങളെ അപേക്ഷിച്ച് 70 ശതമാനം കൂടുതലായി 2024 ല്‍ മുറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേവലം ഒരു കേബിള്‍ മുറിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല. 60 ഡിജിറ്റല്‍ പൈപ്പ് ലൈനുകളാണ് ബ്രിട്ടനും വന്‍കരയ്ക്കും ഇടയിലായി സ്ഥാപിച്ചിട്ടുള്ളത്. ഒന്ന് മുറിഞ്ഞാല്‍, ഡാറ്റകള്‍ മറ്റ് കേബിളുകളിലൂടെ വഴി മാറ്റി വിടും.

എന്നാല്‍, അറ്റ്‌ലാന്റിക്കിന് കുറുകെയുള്ള പൈപ്പ്‌ലൈന്‍ മുഴുവനുമായി വിഛേദിക്കപ്പെട്ടാല്‍ അത് വന്‍ നാശനഷ്ടങ്ങളായിരിക്കും സൃഷ്ടിക്കുക. ആദ്യമായി വിമാനത്താവളങ്ങളിലെ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ കണ്ണടയ്ക്കും. ഏതാനും നിമിഷങ്ങള്‍ക്കകം, വ്യാപകമായ ഐ ടി പ്രശ്നം അഭിമുഖീകരിക്കുന്നു എന്ന മുന്നറിയിപ്പ് വരും. എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ യാത്രക്കാര്‍ വലയും. അതുപോലെ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പണ വിനിമയം ചെയ്യാന്‍ കഴിയാതെ വരും. പവര്‍ ഗ്രിഡുകളുടെ പ്രവര്‍ത്തനത്തെ പോലും ഇത് ബാധിച്ചെന്നുവരും എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.