- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
ജറുസലേം: മുസ്ലിംസമൂഹത്തിന്റെ അതീവ വിശ്വാസ കേന്ദ്രങ്ങളിൽ ഒന്നാണ് അൽഅഖ്‌സ പള്ളി. കഴിഞ്ഞ ദിവസം ഇറാന്റെ മിന്നലാക്രമണം ഉണ്ടായപ്പോൾ ആ പള്ളിക്ക് അടക്കം പോറൽപോലും ഏൽക്കാതെ കാത്തത് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവാണ്. ഇറാന്റെ മിന്നലാക്രമം കാരണം കാര്യമായ നാശനഷ്ടങ്ങളൊന്നും ഇസ്രയേലിന് ഉണ്ടായില്ല. അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ്. അതിൽ 99 ശതമാനവും ഇസ്രയേൽ തടഞ്ഞു.
170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നതാണ് കൃത്യമായ കണക്കെന്ന് ഇസ്രയേൽ സേനാവക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. എന്നാൽ, അതിൽ ചുരുക്കം എണ്ണം മാത്രമാണ് അതിർത്തിക്കുള്ളിൽ കടന്നത്. ആക്രമണത്തിൽ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തിന് ചെറുതായി കേടുപാടുകൾ പറ്റി. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് പോർവിമാനങ്ങളാണ്.
ആക്രമണസമയത്ത് ജറുസലേമിലും ടെൽഅവീവിലും സൈറണുകൾ നിലയ്ക്കാതെ മുഴങ്ങിയിരുന്നു. തെക്കൻ ഇസ്രയേൽ, വടക്കൻ ഇസ്രയേൽ, വെസ്റ്റ്ബാങ്കിന്റെ വടക്കൻഭാഗം, ജോർദാൻ അതിർത്തിയോടുചേർന്ന ചെങ്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ടായി. ഗോലാൻ കുന്നുകൾ, സിറിയൻ, ലെബനീസ് അതിർത്തിപ്രദേശങ്ങൾ, നെവാതിം, ഡിമോണ, എയ്ലറ്റ് തുടങ്ങിയ നഗരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഇസ്രയേലികളോട് ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് മാറാൻ സൈന്യം മുന്നറിയിപ്പുനൽകി. സ്‌കൂളുകൾ അടച്ചു. പൊതു ഇടങ്ങളിൽ കൂട്ടംചേരൽ വിലക്കി.
ഇസ്രയേൽ പോർവിമാനങ്ങൾ ആകാശത്തു തുടരുകയാണെന്നും സംഘർഷം അവസാനിച്ചിട്ടില്ലെന്നും സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും ഹഗാരി പറഞ്ഞു. ഇറാൻ ആക്രമണ ഭീഷണി മുഴക്കിയതുമുതൽ ഇസ്രയേൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനായി സൈനികട്രൂപ്പുകളെയും പടക്കപ്പലുകളെയും യു.എസും മേഖലയിലേക്ക് അയച്ചു.
ഇത്രയെല്ലാം സജ്ജീകരണങ്ങളൊരുക്കി രാജ്യത്തെ കാക്കുന്നത് മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിന് ചെലവായത് കോടികളാണ്. ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ (4600 കോടിയോളം രൂപ). ഡേവിഡ് സ്‌ളിങ് വ്യോമപ്രതിരോധസംവിധാനമാണ് ഇസ്രയേൽ പ്രധാനമായും ഉപയോഗിച്ചത്. ഇതിനു പുറമെ, ഇന്ധനത്തിന്റെയും മറ്റ് ആയുധങ്ങളുടെയും ചെലവുമുൾപ്പെടുന്നു. 100 ഇസ്രയേലി യുദ്ധവിമാനങ്ങൾ ആറുമണിക്കൂറാണ് ആകാശത്ത് പറന്നത്.
ഇതിന്റെ ചെലവും കണക്കിലെടുത്ത് ടെൽ അവീവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഇറാന് തിരിച്ചടി നൽകാൻ വാർ കാബിനെറ്റിൽ തീരുമാനം ആയെങ്കിലും എപ്പോഴെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരിട്ടുള്ള സൈനിക നടപടി ഉണ്ടാകില്ലെന്നാണ് സൂചനകൾ. ആക്രമണം തന്നെയാണ് വഴിയെന്ന് ഇസ്രയേൽ തീരുമാനിച്ചാൽ പശ്ചിമേഷ്യ വീണ്ടും വലിയ യുദ്ധത്തിലേക്ക് നീങ്ങും.
'ഇസ്രയേൽ ഇറാനെതിരെ, എങ്കിൽ ലോകം ഇറാനെതിരെ. നയപരമായ ഈ നേട്ടം ഇസ്രയേലിന്റെ സുരക്ഷക്കായി പ്രയോജനപ്പെടുത്താൻ നമുക്കാകണം"- ഇറാനിൽനിന്നുള്ള മിസൈലുകളും ഡ്രോണുകളും ആക്രമണവുമായി എത്തിയതിന് പിറകെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യൊആവ് ഗാലന്റിന്റെതാണ് വാക്കുകളാണ് ഇത്. ഇത് വീണ്ടുമൊരു യുദ്ധത്തിലേക്ക് പോകാൻ മടിയില്ലെന്ന് വ്യക്തമാക്കുന്നതാണ്.
ഏപ്രിൽ ഒന്നിന് ഇസ്രയേൽ നടത്തിയ എംബസി ആക്രമണത്തിന് ദിവസങ്ങൾക്കു ശേഷം ഒരേ സമയം നൂറുകണക്കിന് മിസൈലുകൾ വർഷിച്ച് ഇറാൻ തിരിച്ചടിക്കുമ്പോൾ ലോകം ഞെട്ടലിലാണ്. ഇസ്രയേലിനെതിരെ ഏറെ പണിപ്പെട്ട് മൗനം തുടരുന്ന വൻശക്തികളേറെയും ഇറാൻ ആക്രമണത്തിനു തൊട്ടുപിന്നാലെ കടുത്ത ഭാഷയിൽ അപലപിച്ച് രംഗത്തെത്തി. ഇസ്രയേലിന് സ്വയം പ്രതിരോധം അവകാശമാണെന്നും അതിന് എത്രവേണേലും സഹായം നൽകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായി ഒളിഞ്ഞുള്ള നീക്കങ്ങളാണ് ഇറാനും ഇസ്രയേലും പരസ്പരം നയിച്ചുകൊണ്ടിരുന്നത്. അയൽപക്കത്ത് ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ല, ഹൂതി തുടങ്ങിയവ ഇസ്രയേലിനെതിരെ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇസ്രയേലാകട്ടെ, ഇറാൻ നേതൃത്വത്തെ ഇല്ലാതാക്കാനാണ് ഏറെയായി ശ്രമം നടത്തിയത്.
2021ൽ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫഖ്‌റിസാദയെയും 2022ൽ റവലൂഷനറി ഗാർഡ്‌സ് കമാൻഡർ സയാദ് ഖുദാഈയെയും വധിച്ചവർ അവസാനം ഏപ്രിൽ ഒന്നിന് ഖുദ്‌സ് സേന കമാൻഡർ മുഹമ്മദ് റിസ സഹേദിയെയും ഇല്ലാതാക്കി. ഇതിന് പ്രതികാരമെന്നോണമാണ് ഇറാന്റെ ആക്രമണം, എന്നാൽ, ഈ ആക്രമണം ഇസ്രയേൽ പ്രതിരോധ സംവിധാനത്തിൽ തട്ടി വെറുതേയാകുകയും ചെയ്തു.