ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം നടത്തിയെന്ന ഗുരുതര ആരോപണവുമായി ഇറാനിയൻ ആരോഗ്യ സഹമന്ത്രി യൂനെസ് പാനാഹി. ടെഹ്റാനടുത്തുള്ള വിശുദ്ധ നഗരമായ ക്വോമിൽ നിരവധി പെൺകുട്ടികൾക്ക് ശ്വാസകോശവിഷബാധ സ്ഥിരീകരിച്ചെന്നും പാനാഹി പറഞ്ഞു. വിഷം നൽകിയത് ആസൂത്രിതമാണെന്നും പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാനുള്ള ചിലരുടെ നീക്കമാണിതെന്നും പാനാഹി ആരോപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേകിച്ച് പെൺകുട്ടികൾക്കുള്ള സ്‌കൂളുകൾ അടച്ചു പൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അതാണ് ഈ കൂട്ട വിഷബാധ വ്യക്തമാക്കുന്നത്.

''ക്വോം സ്‌കൂളുകളിലെ നിരവധി വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തിൽ എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.'' യൂനസ് പനാഹിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.

കഴിഞ്ഞ നവംബർ മുതൽ ക്വോമിൽ പെൺകുട്ടികൾക്ക് വിഷബാധയേറ്റ നൂറുകണക്കിനു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആസൂത്രിതമാണെന്നാണ് യൂനെസ് പാനാഹി ഞായറാഴ്ച വ്യക്തമാക്കിയത്. വിഷബാധയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാനിയൻ വാർത്ത ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. വിഷബാധയേപ്പറ്റി ഇന്റലിജൻസ് വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുകയാണെന്ന് ഗവൺമെന്റ് വക്താവ് അലി ബഹദോരി ജെറോമി അറിയിച്ചു.

രാജ്യ തലസ്ഥാനമായ ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള ക്വോമിൽ, നവംബർ അവസാനം മുതൽ നൂറുകണക്കിന് വിദ്യാർത്ഥിനികൾക്കിടയിൽ ശ്വാസകോശ വിഷബാധ റിപ്പോർട്ട് ചെയ്‌തെന്നും നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും മന്ത്രി വെളിപ്പെടുത്തി. ബോധപൂർവം ചിലർ വിഷം നൽകിയതിനെ തുടർന്നാണ് ഇതെന്നു മന്ത്രി സ്ഥിരീകരിച്ചു.

ഫെബ്രുവരി 14ന്, വിഷബാധയെക്കുറിച്ച് അധികാരികൾ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതരായ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ നഗരത്തിലെ ഗവർണറേറ്റിന് പുറത്തു പ്രതിഷേധിച്ചതായും ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ, വിഷബാധയുടെ കാരണം കണ്ടെത്താൻ ഇന്റലിജൻസ്, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് അലി ബഹദോരി ജഹ്‌റോമി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇറാൻ വ്യക്തമാക്കി.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുൻതസിരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്‌സ അമിനി (22) സെപ്റ്റംബർ 16ന് ആശുപത്രിയിൽ മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അടങ്ങുന്നതിന് മുൻപാണ് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് വിഷം നൽകിയെന്ന റിപ്പോർട്ടും പുറത്തുവരുന്നത്