ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ഉജ്ജ്വല സ്വീകരണം. ഹിന്ദുവായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ന്യൂസ് ഏജൻസിയായ എഎൻഐയോട് ഋഷി സുനക് പറഞ്ഞു.

'ഹിന്ദുവായതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ അങ്ങനെയാണ് വളർന്നത്. അടുത്ത ദിവസങ്ങളിൽ ചില ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. രക്ഷാബന്ധൻ ആഘോഷിച്ചുവെന്നും ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിലൂടെ അതിന് പരിഹാരം കാണാൻ കഴിയുമെന്നാണ് കരുതുന്നതെന്നും' ഋഷി സുനക് കൂട്ടിച്ചേർത്തു.

ജീവിതത്തിൽ വിശ്വാസമുണ്ടാകാൻ സഹായിക്കുന്ന ഒന്നാണ് വിശ്വാസം എന്നാണ് കരുതുന്നത്. പ്രത്യേകിച്ച് എന്നെപ്പോലെ മാനസിക സംഘർഷം ഏറിയ ജോലി ചെയ്യുന്നവർക്ക്. നിങ്ങൾക്ക് സഹിഷ്ണുത നൽകുന്നതിനും നിങ്ങൾക്ക് ശക്തി നൽകുന്നതിനും വിശ്വാസം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.- അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷl മൂർത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം വിളികളോടെ കേന്ദ്ര മന്ത്രി അശ്വിനി കുമാർ ചൗധരിയാണ് ഇവരെ സ്വീകരിച്ചത്. രുദ്രാക്ഷവും ഭഗവത് ഗീതയും ഹനുമാൻ ചാലിസയും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ഭാര്യക്കും സമ്മാനിച്ചു.

ഖലിസ്ഥാൻ തീവ്രവാദത്തെ നേരിടാൻ യോജിച്ച് പ്രവർത്തിക്കും

ഖലിസ്ഥാൻ തീവ്രവാദത്തെ അമർച്ച ചെയ്യാൻ ഇന്ത്യയും യുകെയും യോജിച്ച് പ്രവർത്തിക്കുകയാണെന്നും യുകെ ഒരുതരത്തിലുള്ള അക്രമത്തെയും പ്രോത്സാഹിപ്പിക്കില്ലെന്നും ഋഷി സുനക് പറഞ്ഞു. ' ഖലിസ്ഥാൻ ഭീകരവാദം വളരെ സുപ്രധാന വിഷയമാണ്. ഖലിസ്ഥാൻ അനുകൂല മൗലികവാദത്തെ നേരിടാൻ ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്. ഞങ്ങളുടെ സുരക്ഷാ മന്ത്രി അടുത്തിടെ ഇന്ത്യയിൽ വന്നിരുന്നു. ഈ ഭീകരവാദത്തിന്റെ വേരറുക്കാൻ ഇന്റലിജൻസ് വിവരങ്ങൾ ഇരുരാജ്യങ്ങളും പങ്കുവയ്ക്കുന്നുണ്ട്. യുകെയിൽ ഒരുകാരണവശാലും അത് വച്ചുപൊറുപ്പിക്കില്ല, ഋഷി സുനക്ക് വ്യക്തമാക്കി.