- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെലികോപ്റ്റർ തകർന്നതിനു പിന്നാലെ യുഎസിന്റെ സഹായം തേടി ഇറാൻ
വാഷിങ്ടൻ: പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ വനമേഖലയിലെ മലമ്പ്രദേശത്ത് തകർന്നു വീണതിനു പിന്നാലെ അന്വേഷണത്തിനായി ഇറാൻ യുഎസിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇറാൻ സർക്കാർ സഹായം തേടിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പരമ്പരാഗതമായി ഇറാൻ യുഎസിനെ ശത്രുപക്ഷത്താണ് നിർത്തുന്നതെങ്കിലും അത്യാവശ്യ ഘട്ടം വന്നപ്പോൾ സഹായം തേടിയത് അസാധാരണ നീക്കമായി. ഇറാന്റെ അഭ്യർത്ഥന ചെവിക്കൊണ്ട് എന്തുസഹായത്തിനും തയാറാണെന്ന് പ്രതികരിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള വിഷമം കണക്കിലെടുത്ത് യുഎസ് ഒടുവിൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടർന്ന് റഷ്യയും തുർക്കിയുമാണ് പിന്നീട് ഇറാനെ സഹായിക്കാൻ രംഗത്തെത്തിയത്.
യുഎസിന്റെ ഉൾപ്പെടെ ഉപരോധം മൂലം മികച്ച ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇറാന് ഇല്ലാതെ പോയതാണ് അപകടത്തിൽ കലാശിച്ചതെന്ന ആരോപണവും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തള്ളി. 45 കൊല്ലം പഴക്കമുള്ള ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ പറത്താൻ തീരുമാനിച്ച ഇറാൻ തന്നെയാണ് കുറ്റക്കാരെന്ന് ഡിപ്പാർട്മെന്റ് വക്താവ് അഭിപ്രായപ്പെട്ടു.
അതേസമയം 1979ലെ വിപ്ലവത്തിനു പിന്നാലെ ഇറാന് പുതിയ വിമാനങ്ങളും വിമാന ഘടകങ്ങളും നൽകുന്നത് യു.എസും യൂറോപ്യൻ രാജ്യങ്ങളും നിർത്തിവെച്ചത് ശരിക്കും തളർത്തിയത് രാജ്യത്തിന്റെ ആകാശയാത്രകളെ തന്നെയായിരുന്നു. ബോയിങ്, എയർബസ് കമ്പനികളാണ് യാത്രാവിമാന നിർമ്മാതാക്കളെന്നതിനാൽ ഇരുവരിൽനിന്നും ഇറാനിലേക്ക് ഒരു വിമാനവും പിന്നെ എത്തിയില്ല. ലോകത്തെ ഏറ്റവും പഴക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്ന രാജ്യമാണ് ഇറാൻ. ഇതെല്ലാം അപകടത്തിൽ തിരിച്ചടികളായി.
ശരാശരി 25 വയസ്സും അതിൽ കൂടുതലുമാണ് ഓരോ വിമാനത്തിനും. എന്നേ സർവീസിൽനിന്ന് വിരമിച്ച മോഡലുകളാണ് ആഭ്യന്തര സർവീസുകൾക്ക് രാജ്യം ഉപയോഗിച്ചുപോരുന്നത്. മക്ഡണൽ ഡഗ്ലസ് എം.ഡി-83, എയർബസ് എ300, എ310 തുടങ്ങിയവ. പ്രസിഡന്റിന്റെ ജീവനെടുത്ത ഹെലികോപ്റ്റർ 1998നു ശേഷം ഉൽപാദിപ്പിക്കപ്പെട്ടിട്ടില്ല. ഇറാൻ ഹെലികോപ്റ്ററുകൾ നവീകരിക്കാൻ 2015ൽ ജർമനി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടന്നില്ല. രാജ്യത്തെ എഞ്ചിനിയർമാരുടെ മിടുക്കാണ് ഇവ ഇപ്പോഴും പറക്കാൻ സഹായിക്കുന്നതെന്ന് മാത്രം.
റഷ്യയുമായും ചൈനയുമായും അടുത്ത ബന്ധം സൂക്ഷിക്കുമ്പോഴും വ്യോമ ഗതാഗത രംഗത്ത് കാര്യമായ സഹകരണമുണ്ടാകുന്നില്ലെന്നതാണ് ചിത്രം കൂടുതൽ മോശമാക്കുന്നത്. ഇറാനുമേൽ യു.എസ് തുടരുന്ന ഉപരോധമാണ് ദുരന്തത്തിന് കാരണമെന്ന് മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചിരുന്നു.
അതേസമയം റൈസിയുടേത രക്തം പുരണ്ട കൈകളെന്ന് യുഎസ് മരണത്തിൽ പ്രതികരിച്ചത്. റൈസിയുടെ നിര്യാണത്തിൽ വാഷിങ്ടൻ ഔദ്യോഗികമായി അനുശോചനം അറിയിച്ചതിനു പിന്നാലെയാണ് പുതിയ പ്രതികരണം. ഒരുപാടു പേരുടെ രക്തം പുരണ്ട കൈകളാണ് റഈസിയുടേതെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ഇറാനിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളിലും ഹമാസ് ഉൾപ്പെടെയുള്ള സംഘടനങ്ങൾക്ക് പിന്തുണ നൽകുന്നതിലും റൈസി ഉത്തരവാദിയാണെന്നും കിർബി പറഞ്ഞു.
എന്നാൽ റൈസിക്ക് ജീവഹാനിയുണ്ടായതിൽ യുഎസിന് ദുഃഖമുണ്ടെന്നും ഉചിതമായ രീതിയിൽ ഔദ്യോഗിക അനുശോചനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതാവസാനം വരെ യുഎസിന്റെ ഉപരോധപ്പട്ടികയിലുണ്ടായിരുന്നയാളാണ് റൈസി. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ജഡ്ജിയായിരിക്കുമ്പോൾ 1988ൽ ഇറാൻഇറാഖ് യുദ്ധത്തിനുശേഷം രാഷ്ട്രീയത്തടവുകാരായ അയ്യായിരത്തിലേറെപ്പേരെ വിചാരണയില്ലാതെ തൂക്കിലേറ്റാൻ വിധിച്ച സംഭവത്തെത്തുടർന്നാണ് റൈസിക്കെതിരെ യുഎസ് ഉപരോധമേർപ്പെടുത്തിയത്.
അതിനിടെ തിരച്ചിൽ നടത്തിയ രക്ഷാസംഘത്തിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. പ്രതീക്ഷയുടെ നാമ്പുമായി ജുൽഫയിലെ ദുരന്തസ്ഥലത്ത് എത്തുമ്പോൾ ആദ്യ കാഴ്ച തന്നെ എല്ലാം അവസാനിപ്പിച്ചുകളഞ്ഞെന്നാണ് രക്ഷാസംഘങ്ങളുടെ വെളിപ്പെടുത്തൽ. പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാന്റെയും മൃതദേഹങ്ങൾ അടുത്തടുത്താണ് കിടന്നിരുന്നത്. 15 മണിക്കൂറെടുത്ത രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു തകർന്ന ഹെലികോപ്റ്ററിനരികെ എത്തിയത്. രാത്രി കാഴ്ച സൗകര്യമുള്ള തുർക്കിയ ഡ്രോൺ നൽകിയ സൂചനകൾ പ്രകാരമായിരുന്നു രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തിയതും ഞൊടിയിടയിൽ നടപടികൾ പൂർത്തിയാക്കിയതും. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.