- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്; നടപടി, ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍; ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്രയേലും ഹമാസും
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് അറസ്റ്റ് വാറന്റ്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്രയേലിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് രാജ്യാന്തര ക്രിമിനല്‍ കോടതി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, യോവ് ഗാലന്റ് എന്നിവര്‍ക്കു വാറണ്ട് അയച്ചത്. റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ തന്നെ ഇതിനുള്ള അപേക്ഷ ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മേയ് 20-ന് മുന്നോട്ടുവെച്ചിരുന്നു.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉള്‍പ്പെടെ അവരുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ ബോധപൂര്‍വം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബര്‍ വിലയിരുത്തി. തുടര്‍ന്നായിരുന്നു വാറണ്ട് പുറപ്പെടുവിക്കാനുള്ള ഏകകണ്ഠമായ തീരുമാനം. നേരത്തേ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നല്‍കാനുള്ള കരീം ഖാന്റെ ആവശ്യം ഇസ്രയേല്‍ നിരസിച്ചിരുന്നു.
ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ആശങ്കയുണയര്‍ത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും ഗാസയില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലേക്കും പരിക്കുകളിലേക്കും നയിച്ച വലിയ തോതിലുള്ള ബോംബാക്രമണവുമെല്ലാം ഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നു.
മുഹമ്മദ് ദിയാബ് ജൂലൈയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നത്. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ യുദ്ധകുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിലാണ് വാറണ്ട്. മൂന്നുപേര്‍ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും അതു വ്യക്തമാക്കുന്ന സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇസ്രയേലും ഹമാസും ആരോപണങ്ങള്‍ നിഷേധിച്ചു.
മേയ് മാസത്തിലാണ് ഐസിസി പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ നെതന്യാഹുവിനും ഗാലന്റിനും മുഹമ്മദ് ദിയാബിനും രണ്ട് ഹമാസ് നേതാക്കള്‍ക്കുമെതിരെ വാറണ്ട് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതില്‍ ഹമാസ് നേതാക്കളായ ഇസ്മയില്‍ ഹനിയയും യഹ്യ സിന്‍വറും കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് ദിയാബും കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.
2023 ഒക്ടോബര്‍ ഏഴിലെ അക്രമ സംഭവങ്ങളിലാണ് കേസ് നടക്കുന്നത്. ഹമാസ് തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1200 പേരെ കൊലപ്പെടുത്തിയിരുന്നു. 251പേരെ ബന്ദികളാക്കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ 44000 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനങ്ങളെ ബന്ദികളാക്കി ഉപദ്രവിക്കുക, ബലാല്‍സംഗം, തടവില്‍ പാര്‍പ്പിക്കുക, കൊലപാതകം എന്നിവയാണ് ഹമാസിനെതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍. ജനവാസ മേഖലകളില്‍ ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിനു നേരെ ആരോപിക്കുന്ന കുറ്റം.
ഗാസയില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതിനായിരത്തിലേറെ പേരെ കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകര്‍ത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തിയത്. ഐസിസി പ്രീ-ട്രയല്‍ ചേംബര്‍ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇവര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദിയാബിന് എതിരെയും കോടതിയുടെ വാറന്റുണ്ട്.
നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളില്‍ എവിടേക്കെങ്കിലും യാത്ര ചെയ്താല്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാല്‍ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍, ഇസ്രായേലും അമേരിക്കയും ഐസിസിയില്‍ അംഗത്വമെടുക്കാത്തതിനാല്‍ ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ടായേക്കും.