- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു ഇസ്രായേല്‍ സൈന്യം; നയതന്ത്ര പ്രതിനിധികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും കാണാന്‍ അവസരം ഒരുക്കും; ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും പ്രദര്‍ശനത്തില്‍; ലക്ഷ്യം ഹമാസിന്റെ ഭീകരത തുറന്നുകാട്ടല്‍
ഹമാസില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു ഇസ്രായേല്‍ സൈന്യം
ടെല്‍ അവീവ്: ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിലേക്ക് കടന്ന് കയറി ആക്രമണം നടത്തിയതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഹമാസ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വാഹനങ്ങളും പ്രദര്‍ശിപ്പിച്ച് ഇസ്രയേല്‍ സൈന്യം. ഇപ്പോള്‍ നയതന്ത്ര പ്രതിനിധികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കുമാണ് ഇവ കാണാന്‍ അനുമതിയുള്ളത്.
പൊതു ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രദര്‍ശനം കാണാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ആയുധങ്ങളും കവചിത വാഹനങ്ങളും കൂടാതെ ഭീകരര്‍ ഇസ്രയേലിലേക്ക് എത്തിയ പിക്കപ്പ് വാനുകള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. തീവ്രവാദികള്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളുകള്‍, ട്രാക്റ്ററുകള്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ യൂണിഫോമുകള്‍ എന്നിവയും ഇവിടെ കാണാന്‍ കഴിയും.
ആക്രമണത്തിനായി ഉപയോഗിച്ച ആയുധശേഖരവും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ടാങ്ക് വേധ മിസൈലുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹമാസ് ഭീകരര്‍ ഇസ്രേയലിനെ നേരിടാന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും വിദേശ പ്രതിനിധികള്‍ക്ക് കാണാന്‍ കഴിയും. ലോകത്തിന് മുന്നില്‍ ഇസ്രയേലിനെ മോശക്കാരായി ചിത്രീകരിക്കാന്‍ ഹമാസും ഹിസ്ബുളളയും എല്ലാം നടത്തുന്ന ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രദര്‍ശനം എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന് ശേഷം എഴുപതിനായിരത്തോളം ആയുധങ്ങളാണ് ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തത്. ഇവയില്‍ 1250 എണ്ണം ടാങ്ക് വേധമിസൈലുകളാണ്. 4500 ഓളം സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തവയില്‍ പെടുന്നു. ഇതിന്റെ ദൃശ്യങ്ങളും വിശദാംശങ്ങളും എല്ലാം തന്നെ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ച് തങ്ങള്‍ക്ക് നേരേ ഉയരുന്ന ആരോപണങ്ങളെ നേരിടാന്‍ തന്നെയായിരിക്കും ഇസ്രയേല്‍ തയ്യാറെടുക്കുന്നത് എന്നത് ഉറപ്പാണ്.
ഐക്യരാഷ്ട്രസഭയില്‍ വരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു സ്വന്തം രാജ്യത്തിന്റെ നിലപാട് ശക്തമായ ഭാഷയില്‍ തന്നെയായിരുന്നു പ്രഖ്യാപിച്ചത്. അതിനിടെ ഗസ്സ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. അഭയാര്‍ഥി ക്യാമ്പിന് നേരെ ഉള്‍പ്പടെ ഇസ്രായേല്‍ ആക്രമണം നടത്തി. 17 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ജബലിയക്ക് പുറമേ വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ജബലിയയില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ഒമ്പത് പേര്‍ കുട്ടികളാണെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. പ്രദേശത്ത് ഇസ്രായേല്‍ ശക്തമായി സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ ഇവിടെ സൈനിക വിന്യാസം നടത്തുന്നത്. രാത്രി നിരവധി തവണ ജബലിയക്ക് നേരെ ആക്രമണമുണ്ടായെന്ന് ഫലസ്തീനിയന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മഹമുദ് ബാസല്‍ പറഞ്ഞു. മാസങ്ങള്‍ക്കിടയില്‍ ശക്തമായ ആക്രമണമാണ് ജബലിയ നിവാസികള്‍ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യോമാക്രമണത്തിന് പുറമേ ടാങ്കുകള്‍ ഉപയോഗിച്ച് കരയാക്രമണവും ഇസ്രായേല്‍ നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അഭയാര്‍ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളും സ്‌കുളുകളും ആശുപത്രികളും ആക്രമണത്തില്‍ ഇസ്രായേല്‍ തകര്‍ത്തിട്ടുണ്ട്.