ഇസ്ലാമബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തു. ഇസ്ലാമബാദ് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് പാക് അർദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സ് ഇമ്രാനെ കസ്റ്റഡിയിലെടുത്തത്. ജിയോ ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ടെലിവിഷൻ ചാനൽ പറഞ്ഞു.

ഇതിന് മുമ്പ്, തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്. പാക് ഭരണാധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന.

ഇസ്ലാമബാദ് കോടതിയിൽ നിറയെ അർദ്ധസൈനികരായിരുന്നു. ഇമ്രാന്റെ കാർ അവർ വളഞ്ഞു' പാക്കിസ്ഥാൻ തെഹ്രികി ഇൻസാഫ് പാർട്ടി നേതാവ് ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാനുടനീളം പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തതായി പിടിഐ നേതാവ് അസർ മഷ്വാനി ട്വീറ്റ് ചെയ്തു. ഇമ്രാന്റെ അഭിഭാഷകരെ റേഞ്ചേഴ്‌സ് ആക്രമിച്ചതായും ആരോപണമുണ്ട്. കോടതി വളപ്പിൽ പരിക്കേറ്റ ചില അഭിഭാഷകരുടെ ദൃശ്യങ്ങളുടെ വീഡിയോയും പുറത്തുവന്നു. രാജ്യത്തിനും, ജനാധിപത്യത്തിനും കരിദിനം എന്നാണ് വീഡിയോയിൽ പറഞ്ഞത്.

തനിക്കെതിരെ ഉള്ള നിരവധി കേസുകളിൽ ജാമ്യമെടുക്കാനാണ് ഇമ്രാൻ ഹൈക്കോടതിയിലെത്തിയത്. വധശ്രമവുമായും, കലാപവുമായും ബന്ധപ്പെട്ട കേസുകളിൽ ജാമ്യമെടുക്കാനായി കോടതിയുടെ ഗേറ്റ് കടന്നയുടൻ അർദ്ധസൈനികർ ഇമ്രാന്റെ കാറിനെ വളയുകയായിരുന്നു. ഇമ്രാനെ കനത്ത സുരക്ഷയിൽ സ്ഥലത്ത് നിന്ന് കൊണ്ടുപോകുമ്പോൾ കവചിത വാഹനങ്ങൾ ഉപയോഗിച്ച് ഗേറ്റിലെ പ്രവേശനം തടസപ്പെടുത്തി. എവിടേക്കാണ് ഇമ്രാനെ കൊണ്ടുപോയതെന്ന് വ്യക്തമല്ല.

ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള മുൻശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ലാഹോറിലെ വസതിയിൽ റെയ്ഡ് നടത്തിയിട്ടുപോലും ഇമ്രാനെ പിടികൂടാനായില്ല. ഇമ്രാന്റെ അറസ്റ്റോടെ ദേശീയ തലസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, സംഭവവികാസങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫറൂഖ് ഇസ്ലാമബാദ് പൊലീസിനെ വിമർശിച്ചു. സംഭവിച്ചത് എന്തെന്ന് വിശദീകരിക്കാൻ ഉടൻ കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടു.

പൊലീസ് മേധാവി കോടതിയിൽ എത്തിയില്ലെങ്കിൽ താൻ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. എന്തിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും ഏതുകേസിലാണെന്നും പൊലീസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖാന്റെ വീഡിയോ സന്ദേശം

ഹൈക്കോടതിയിലേക്ക് വരും വഴി ഇമ്രാൻ ഖാന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഒരുമുതിർന്ന സൈനിക ഓഫീസർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെ വധിക്കാൻ ഈ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് ഇമ്രാൻ ഉന്നയിച്ചത്. ' ഹൈക്കോടതിയിലേക്ക് തിരിക്കും മുമ്പ് ഞാൻ പറയട്ടെ ഈ സൈനിക ഉദ്യോഗസ്ഥൻ രണ്ടുവട്ടം എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചു. അന്വേഷണം എപ്പോൾ നടന്നാലും, ഇയാളാണ് അതിന് പിന്നിലെന്ന് ഞാൻ തെളിയിക്കും.' ഇമ്രാൻ വീഡിയോയിൽ പറഞ്ഞു.