ഇസ്ലാമാബാദ്: അദിയാല ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനവും നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സല്‍മാന്‍ സഫ്ദര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജയില്‍ അധികൃതരുടെ അനാസ്ഥ കാരണം കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇമ്രാന്‍ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തിയാണ് 85 ശതമാനത്തോളം നഷ്ടപ്പെട്ടത്. 2025 ഒക്ടോബര്‍ വരെ അദ്ദേഹത്തിന് സാധാരണ കാഴ്ചശക്തിയുണ്ടായിരുന്നു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി 73 വയസ്സുകാരനായ ഇമ്രാന്‍ ഖാന്‍ കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാന്‍ അദ്ദേഹത്തിന് അനുവാദമില്ല. ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും സ്വന്തം ഡോക്ടര്‍മാരെ കാണാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മക്കളുമായി രണ്ടു തവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചത്. നിലവില്‍ ഭാര്യയെ ആഴ്ചയിലൊരിക്കല്‍ 30 മിനിറ്റ് കാണാന്‍ മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ അഞ്ചു മാസമായി പ്രധാന അഭിഭാഷകരെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കാത്തത് നിയമപോരാട്ടങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇമ്രാന്‍ ഖാനെ ശാരീരികമായും മാനസികമായും തകര്‍ക്കാന്‍ പാകിസ്ഥാന്‍ സൈന്യവും സര്‍ക്കാരും നടത്തുന്ന നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു.

ജയിലില്‍ സംഭവിച്ചത്

2025 ഒക്ടോബര്‍ വരെ കൃത്യമായ കാഴ്ചശക്തി ഉണ്ടായിരുന്ന ഇമ്രാന്‍ ഖാന്‍, കണ്ണിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ജയില്‍ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം ഇത് അവഗണിച്ചു. പിന്നീട് വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഡോക്ടറെ കാണിക്കാന്‍ അധികൃതര്‍ തയ്യാറായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കട്ടപിടിച്ച രക്തം കണ്ണിന്റെ നാഡികള്‍ക്ക് ഗുരുതരമായ നാശം വരുത്തിയതോടെ കാഴ്ച 15 ശതമാനമായി ചുരുങ്ങി.

കണ്ണിന് കാഴ്ച മങ്ങുന്നു എന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ഒക്ടോബര്‍ മുതല്‍ ജയില്‍ അധികൃതര്‍ അത് അവഗണിച്ചു. കണ്ണിനുള്ളില്‍ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്. 2023 ഒക്ടോബര്‍ മുതല്‍ അതീവ സുരക്ഷയുള്ള അദിയാല ജയിലില്‍ ക്രൂരമായ ഏകാന്ത തടവിലാണ് അദ്ദേഹം. 73 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കേണ്ട മിനിമം പരിഗണന പോലും ഇമ്രാന്‍ ഖാന് ലഭിക്കുന്നില്ല.

സഹോദരിമാരെ കാണാന്‍ അനുവാദമില്ല. ഭാര്യ ബുഷ്‌റ ബീബിയെ ആഴ്ചയില്‍ 30 മിനിറ്റ് മാത്രമാണ് കാണാന്‍ കഴിയുന്നത്. വിദേശത്തുള്ള മക്കളുമായി 2025-ല്‍ ആകെ രണ്ടുതവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയത്. രക്തപരിശോധനയോ ദന്തചികിത്സയോ നടത്താന്‍ അനുവദിക്കുന്നില്ല.

കഴിഞ്ഞ അഞ്ച് മാസമായി തന്റെ അഭിഭാഷകരെ കാണാന്‍ ഇമ്രാന്‍ ഖാന് സാധിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ നിയമപോരാട്ടത്തെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ്.

പാക് സൈന്യത്തിനെതിരെ രോഷം

ഇമ്രാന്‍ ഖാനെ ശാരീരികമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ജയിലിനുള്ളില്‍ നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ മകന്‍ കാസിം ഖാന്‍ എക്‌സില്‍ (X) കുറിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ തടവറയിലിട്ട് പീഡിപ്പിക്കുന്നത് പാകിസ്ഥാന്റെ പ്രതിച്ഛായയെ രാജ്യാന്തര തലത്തില്‍ കൂടുതല്‍ വഷളാക്കുകയാണ്.