ഇസ്ലാമാബാദ്: അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ സഹോദരി ഡോ. ഉസ്മ ഖാന് അനുമതി നല്‍കി. ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകളും സന്ദര്‍ശനം നിഷേധിക്കുന്നുവെന്ന കുടുംബത്തിന്റെ ആരോപണങ്ങളും ശക്തമായതിനെ തുടര്‍ന്നാണ് അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്.

പാക്കിസ്ഥാന് വേണ്ടി ലോകകപ്പ് നേടിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ (72), 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച.

കഴിഞ്ഞ മാസം, ഇമ്രാന്‍ ഖാന്റെ മൂന്ന് സഹോദരിമാര്‍ നുറീന്‍ നിയാസി, അലീമ ഖാന്‍, ഉസ്മ ഖാന്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചപ്പോള്‍ അവരെ ജയില്‍ അധികൃതര്‍ ആക്രമിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. തന്റെ പിതാവ് സുരക്ഷിതനാണോ, പരിക്കേറ്റോ, ജീവനോടെയുണ്ടോ എന്നറിയാത്തത് മാനസിക പീഡനമാണെന്ന് ഇമ്രാന്‍ ഖാന്റെ മകന്‍ കാസിം ഖാന്‍ അടുത്തിടെ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിരുന്നു. അധികാരികള്‍ എന്തെങ്കിലും മറച്ചുവെക്കുന്നുണ്ടോയെന്ന ഭയവും അദ്ദേഹം പ്രകടിപ്പിച്ചു.

പ്രതിഷേധം ശക്തം; നിരോധനാജ്ഞ കര്‍ശനമാക്കും

ഇമ്രാന്‍ ഖാന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ടി.ഐ. പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും സെക്ഷന്‍ 144 (നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് നിരോധിക്കുന്നത്) കര്‍ശനമായി നടപ്പാക്കുമെന്ന് ആഭ്യന്തര സഹമന്ത്രി തലാല്‍ ചൗധരി മുന്നറിയിപ്പ് നല്‍കി.

ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലായാലും അഡിയാല ജയിലിന് സമീപമായാലും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ വിവേചനമില്ലാതെ നടപടിയെടുക്കുമെന്നും, നിയമം അനുസരിക്കാന്‍ പി.ടി.ഐ. പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് എതിരായ അഴിമതി കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് ഇമ്രാന്‍ ഖാന്റെ നിലപാട്യ