ജനീവ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ബോംബ് ആക്രമണങ്ങൾക്കെതിരെ അമേരിക്ക തന്നെ രംഗത്തുവന്നത് അടുത്തിടെയാണ്. ഇസ്രയേലിന്റെ ഇപ്പോഴത്തെ നടപടികളെ അമേരിക്കക്കയും പിന്തുണക്കാതിരിക്കുമ്പോൾ ഇസ്രയേലിന് മേൽ ആഗോള തലത്തിൽ സമ്മർദ്ദവും ശക്തമാണ്. യുഎൻ മനുഷ്യാവകാശ സമിതിയിൽ അടക്കം ഇസ്രയേലിന് എതിരെയാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ. മനുഷ്യാവകാശസമിതി പാസാക്കി. 48 അംഗസമിതിയിൽ 28 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ആറുരാജ്യങ്ങൾ എതിർത്തു. ഇന്ത്യയടക്കം 13 രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടെ കയറ്റുമതി നിരീക്ഷിക്കാനും ഇസ്രയേൽസൈന്യത്തിന് ലഭിക്കുന്ന ആയുധങ്ങൾ ഫലസ്തീൻ ജനതയ്ക്കുനേരേ ഉപയോഗിക്കുന്നില്ലെന്നുറപ്പുവരുത്താനും സ്വതന്ത്ര അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യരാശിക്കുമേലുള്ള യുദ്ധമാണെന്നും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയായിരിക്കുമെന്നും പ്രമേയം പറയുന്നു. അടിയന്തരവെടിനിർത്തൽ, കൂടുതൽ ജീവകാരുണ്യസഹായമെത്തിക്കൽ, ഗസ്സയ്കുമേൽ ഇസ്രയേലേർപ്പെടുത്തിയ സമ്പൂർണഉപരോധം പിൻവലിക്കൽ എന്നിവയും പ്രമേയം ആവശ്യപ്പെടുന്നു.

അതേസമയം ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള അവസാന ശ്രമവും പാളിയിട്ടുണ്ട്. ഇസ്രയേൽ വംശഹത്യ തുടരുന്ന ഗസ്സയിൽ റമദാന് മുമ്പ് ആറാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള അവസാന ശ്രമങ്ങളാണ് പാളിയത്. കൈറോയിൽ നടന്ന ചർച്ചകളിൽ പ്രതിനിധികളെ അയക്കാതെ ഇസ്രയേൽ വിട്ടുനിന്നതോടെ ചർച്ചകൾ വഴിമുട്ടി. രണ്ടു ദിവസത്തെ ചർച്ചകളുടെ ഭാഗമായി തങ്ങളുടെ നിർദേശങ്ങൾ സമർപിച്ചിരുന്നതായി മുതിർന്ന ഹമാസ് പ്രതിനിധി ബാസിം നഈം പറഞ്ഞു. എന്നാൽ, പ്രതികരണമറിയിക്കേണ്ട ഇസ്രയേൽ നിസ്സഹകരണം തുടരുകയായിരുന്നു.

ഘട്ടങ്ങളിലായി നടപ്പാക്കേണ്ട വെടിനിർത്തലിൽ വിട്ടയക്കുന്ന 40 ബന്ദികളുടെ പട്ടിക ഹമാസ് നേരത്തെ പുറത്തുവിടണമെന്നായിരുന്നു ഇസ്രയേൽ ആവശ്യം. ഇത് തയാറാക്കി നൽകാൻ മധ്യസ്ഥരായ ഈജിപ്തും ഖത്തറും ഹമാസിനു മുന്നിൽ ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാൽ, അടിസ്ഥാന മേഖല തകർന്നുകിടക്കുന്ന ഗസ്സയിൽ വെടിനിർത്തൽ നടപ്പിൽ വരാതെ പലയിടങ്ങളിലായി പാർപിച്ച ബന്ദികളുടെ വിവരങ്ങൾ ലഭ്യമാക്കാനാകില്ലെന്ന് ഹമാസ് അറിയിച്ചു.

വെടിനിർത്തലിന് പ്രായമായവരും സ്ത്രീകളുമായ 40 ബന്ദികളെ വിട്ടയക്കുന്നതിന് പകരം 500 ഫലസ്തീനികളെ മോചിപ്പിക്കണമെന്നായിരുന്നു ഹമാസ് ആവശ്യം. ഗസ്സയിലുടനീളം സഹായ വിതരണം നിരുപാധികമായി അനുവദിക്കുകയും വടക്കൻ ഗസ്സയിലേക്ക് പൂർണമായ മടങ്ങിപ്പോക്ക് അനുവദിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. ചർച്ചകൾ വഴി മുടങ്ങിയതോടെ ഗസ്സയിലെ കടുത്ത മാനുഷിക പ്രതിസന്ധി കൂടുതൽ തീവ്രമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

ഇതുവരെ 30,631 ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസ്സയിൽ 23 ലക്ഷം വരുന്ന ജനസംഖ്യയിൽ 85 ശതമാനത്തിലേറെയും ഭവനരഹിതരാണ്. കെട്ടിടങ്ങളിൽ പകുതിയിലേറെയും ഇസ്രയേൽ ഇതിനകം തകർത്തുകഴിഞ്ഞു. സഹായ ട്രക്കുകൾ തടഞ്ഞുവെച്ചതിനാൽ വൻഭക്ഷ്യക്ഷാമവും പട്ടണവും മരണം കൂട്ടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എട്ടു വിമാനങ്ങളിലായി ഗസ്സയുടെ വിവിധ മേഖലകളിൽ സഹായ വിതരണം നടന്നതായി ജോർഡൻ അറിയിച്ചു.