- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി പ്രശ്‌നങ്ങൾ വേഗത്തിൽ തീർപ്പാക്കും; ശാന്തിയും സമാധാനവും നിലനിർത്താൻ ശ്രമിക്കും; തീരുമാനം ഇന്ത്യ-ചൈന കോർ കമാൻഡർതല ചർച്ചയിൽ; തുടർച്ചയായി രണ്ടുദിവസം 19 ാം റൗണ്ട് ചർച്ച നടത്തിയത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി; ഉച്ചകോടിക്കിടെ മോദിയും ഷി ജിൻ പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന
ന്യൂഡൽഹി: അതിർത്തി പ്രശ്‌നങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന ഭിന്നതകൾ തുടർച്ചയായ ചർച്ചയിലൂടെ തീർക്കാനാണ് ഇന്ത്യൻ സൈന്യവും, പിഎൽഎയും തീരുമാനിച്ചത്. ഓഗസ്റ്റ് 13 നും 14 നുമാണ് 19 ാമത് റൗണ്ട് സൈനിക ചർച്ച നടന്നത്.
സൈനികവും, നയതന്ത്രപരവുമായ മാർഗ്ഗങ്ങളിലെ ചർച്ചകൾ വഴി പ്രശ്‌നപരിഹാരത്തിന് വേഗം കൂട്ടും. ഇക്കാലയളവിൽ അതിർത്തി പ്രദേശത്ത് ഇരുപക്ഷവും ശാന്തിയും, സമാധാനവും നിലനിർത്താൻ ശ്രമിക്കും. രണ്ടുദിവസമായി സൈനികതല ചർച്ച നടന്നത് ഇതാദ്യമാണ്. ചുഷുൽ-മോൽഡോ അതിർത്തിയിൽ വച്ചാണ് ഇന്ത്യ-ചൈന കോർ കമാൻഡർതല ചർച്ച അരങ്ങേറിയത്. ഇരുപക്ഷവും പടിഞ്ഞാറൻ മേഖലയിൽ നിയന്ത്രണ രേഖയിൽ ഉടനീളമുള്ള അവശേഷിക്കുന്ന പ്രശ്‌നങ്ങൾ, ക്രിയാത്മകവും, ആഴമേറിയതുമായ ചർച്ചയിലൂടെ പരിഹരിക്കും. ഇരുപക്ഷത്തിന്റെയും നേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരം തുറന്നമനസ്സോടെ ആശയവിനിമയം നടത്തിയെന്നാണ് അറിയിപ്പ്.
മൂന്നുവർഷമായി ലഡാക്കിൽ ഇരുപക്ഷവും മുഖാമുഖം നിൽക്കുന്നതോടെ സംഘർഷാന്തരീക്ഷം തുടരുകയാണ്. 18 ാമത് കോർ കമാൻഡർതല ചർച്ച ഏപ്രിൽ 23 നായിരുന്നു ആ ചർച്ചകളിൽ കാര്യമായ ഫലങ്ങൾ ഉണ്ടായില്ലെങ്കിലും ഇരുപക്ഷവും ചർച്ച തുടരാൻ തീരുമാനിച്ചിരുന്നു.
ഗാൽവൻ താഴ് വര, പാങ്‌ഗോങ് സോ, ഗോഗ്ര( പിപി-17 എ), ഹോട്ട് സ്പ്രിങ്‌സ്( പിപി-15) എന്നിവിടങ്ങളിൽ നിന്ന് നാല് വട്ടമായി സൈനികരെ പിൻവലിച്ചെങ്കിലും, ഇന്ത്യയുടെയും, ചൈനയുടെയും ആയിരക്കണക്കിന് സൈനികർ സർവ ആധുനിക സജ്ജീകരണങ്ങളോടെയും നിലകൊള്ളുന്നത് തുടരുകയാണ്.
2022 സെപ്റ്റംബറിലായിരുന്നു പിപി-15 നിൽ നിന്നുള്ള അവസാന വട്ട സൈനിക പിന്മാറ്റം. ജൂലൈയിൽ നടന്ന 16 ാം റൗണ്ട് ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ഓഗസ്റ്റ് 22-24 വരെ ജോഹനസ്ബർഗിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് 19 ാം റൗണ്ട് ചർച്ച നടന്നത്.
ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻ പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും. സെപ്റ്റംബറിൽ ജി-20 ഉച്ചകോടിക്ക് പങ്കെടുക്കാൻ ഷി ഇന്ത്യയിൽ എത്തുമെന്നും കരുതുന്നു.
മറുനാടന് മലയാളി ബ്യൂറോ