- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നു
ന്യൂഡൽഹി: മാലദ്വീപുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നു എന്ന സൂചനകൾക്കിടെ പ്രതികരണവുമായ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മാല ദ്വീപിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിച്ചാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു..
നിലവിലെസ്ഥിതി തുടരാൻ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായൊരു പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേന മാലദ്വീപിലെ ജനങ്ങൾക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യ - മാലദ്വീപ് ഉന്നതതല യോഗം ഞായറാഴ്ച മാലിയിൽ ചേർന്നിരുന്നു. യോഗത്തിൽ ഇന്ത്യൻ സൈന്യത്തെ മാർച്ച് 15-നകം പിൻവലിക്കണമെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ഉന്നതതല യോഗം ഇന്ത്യയിൽ നടക്കും. തീയതി പിന്നീട് നിശ്ചയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈനാ സന്ദർശനത്തിനുപിന്നാലെയാണ് സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് മാലദ്വീപ് കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്.
ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുകൂടിയാണ് മൊയ്സു. ചൈനാ സന്ദർശനത്തിന് ശേഷം പ്രസിഡന്റ് മുഹമ്മദ് മുയിസു തിരികെ എത്തിയതിന് ശേഷമാണ് സൈന്യത്തെ പിൻവലിക്കണെന്ന ആവശ്യം ഉയർന്നത്. മുയിസു അധികാരത്തിലെത്തിയതു മുതൽ മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിർദേശിച്ചിരുന്നില്ല. കടൽ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്.
തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ മറ്റുള്ളവർക്ക് അനുവാദം കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മുയിസു കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവന്നിരുന്നു. ചൈനയിൽ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമർശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്ന് മുയിസു പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇതിനിടെ, ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളിൽ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സഞ്ചാരികളെ അയയ്ക്കണമെന്ന് മുയിസു ചൈനയോട് അഭ്യർത്ഥിച്ചിരുന്നു.