- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം പൊളിഞ്ഞു; യുഎന്നിൽ കിണഞ്ഞുപരിശ്രമിച്ചിട്ടും നിരാശ മാത്രം ഫലം; ദേശീയ സുരക്ഷയിലെ മോദി സർക്കാരിന്റെ വിട്ടൂവീഴ്ചയില്ലാത്ത നിലപാടിന് കയ്യടി കിട്ടുമ്പോൾ കൗശലം പാളിയ ജാള്യതയിൽ ട്രൂഡോ
ന്യൂഡൽഹി: സ്വന്തം നാട്ടിൽ ആളാവാൻ ഇന്ത്യയ്ക്ക് നേരേ ആരോപണശരമെയ്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വന്തം അമ്പേറ്റ് വീണുപോയിരിക്കുകയാണ്. ആഭ്യന്തരമായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ചെറുത്തുനിൽക്കാൻ ഖലിസ്ഥാനി ഭീകരൻ നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം പൊളിഞ്ഞുവെന്ന് തന്നെ പറയേണ്ടി വരും.
ഇന്ത്യയിൽ നിന്ന് മുങ്ങിയ ഭീകരന്മാർക്ക് കാനഡ ഒളിത്താവളം ഒരുക്കുന്നതിനെ ആഗോളതലത്തിൽ സംശയത്തോടെയും ജാഗ്രതയോടെയും ആണ് വീക്ഷിക്കുന്നത്. ഇതിനൊപ്പം ദേശീയ സുരക്ഷയുടെ കാര്യത്തിൽ, മോദി സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അന്താരാഷ്ട്ര ശ്രദ്ധയിൽ ഇടം പിടിച്ചു. ഖലിസ്ഥാൻ അനുകൂല നിലപാടെടുത്ത ട്രൂഡോ സർക്കാരിന്റെ മാനം പോയത് മിച്ചം.
യുഎന്നിൽ, ബുധനാഴ്ച, കാനഡയ്ക്ക് പിന്തുണ ആർജ്ജിക്കുന്ന തിരക്കിലായിരുന്നു ട്രൂഡോ. കെനിയ, ചിലി, ഇറ്റലി, ജർമ്മനി, യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് മുമ്പിൽ ട്രൂഡോ വിഷയം അവതരിപ്പിച്ചുവെന്നാണ് കനേഡിയൻ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ട്രൂഡോയുടെ ഓഫീസിന്റെയോ, ചർച്ച നടത്തിയ രാജ്യങ്ങളുടെയോ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
നാല് വോട്ടിന് വേണ്ടി തെളിവില്ലാതെ എടുത്തുചാടിയതിന് ട്രൂഡോയെ ചില കനേഡിയൻ മാധ്യമങ്ങൾ എടുത്തിട്ട് പൊരിക്കുന്നുണ്ട്. കാനഡക്കാരുടെ മുന്നിൽ എന്തെങ്കിലും തെളിവ് ഹാജരാക്കാൻ ട്രൂഡോ പരാജയപ്പെട്ടുവെന്നാണ് നാഷണൽ പോസ്റ്റ് എഡിറ്റോറിയലിൽ കുറിച്ചത്. മതിയായ തെളിവില്ലാതെയാണ് ട്രൂഡോ ആരോപണം ഉന്നയിച്ചതെങ്കിൽ, ആഭ്യന്തരതലത്തിലും, അന്താരാഷ്ട്രതലത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പത്രം എഴുതി.
അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ ട്രൂഡോയ്ക്ക് വെറും 33 ശതമാനം പേരുടെ മാത്രം പിന്തുണയാണ് കിട്ടിയത്. ട്രൂഡോയുടെ ലിബറൽ സർക്കാർ 24 അംഗ ന്യൂ ഡമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയിലാണ് അതിജീവിക്കുന്നത്. ഈ പാർട്ടിയുടെ നേതാവ് ജഗ്മീത് സിങ് ഖലിസ്ഥാൻ വിഘടനവാദത്തോട് അനുഭാവം ഉള്ളയാളാണ്. കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജറിനെ പുണ്യവാളൻ ആക്കാനുള്ള ശ്രമങ്ങളെ പൊളിച്ചുകൊണ്ട് ഇയാൾ ആയുധ പരിശീലനം നടത്തുന്നതിന്റെയും ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ കൊലപാതകം ആഘോഷിക്കുന്നതിന്റെയും മറ്റും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നതും, ഹിന്ദു-സിഖ് ഭിന്നത വർദ്ധിപ്പിക്കുന്നതിനും എതിരെ ട്രൂഡോയുടെ ലിബറൽ പാർട്ടി എംപിയായ ചന്ദ്ര ആര്യ തന്നെ രംഗത്ത് വന്നിട്ടുണ്ട്. 'ഭൂരിഭാഗം വരുന്ന കനേഡിയൻ സിഖ് സഹോദരീസഹോദരന്മാർ ഖലിസ്ഥാൻ വിഘടനവാദത്തെ പിന്തുണയ്ക്കുന്നില്ല. അവർ പരസ്യമായി അപലപിച്ചില്ലെങ്കിലും, കനേഡിയൻ ഹിന്ദു സമൂഹവുമായി ആഴത്തിൽ ബന്ധമുള്ളവരാണ്', ചന്ദ്ര ആര്യ പറഞ്ഞു.
കാനഡ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണം
'സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണ്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് തെളിവ് കാനഡ പങ്കുവച്ചിട്ടില്ല. തെളിവ് നൽകിയാൽ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയിൽ ഇന്ത്യക്കാർക്കെതിരായ ഭീഷണിയെ അപലപിക്കുന്നു': വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കാനഡയോട് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെന്ന് ബാഗ്ചി പറഞ്ഞു. കാനഡയിലുള്ള ഇന്ത്യൻ പ്രതിനിധികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കാനഡ പ്രതിനിധികളുടെ എണ്ണം. ഇക്കാര്യം കാനഡയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി. ഇന്ത്യാക്കാർക്ക് വിസ നൽകുന്നതിൽ കാനഡ വിവേചനം കാണിക്കുന്നുണ്ട്. അത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. ജി20 ഉച്ചകോടിക്ക് എത്തിയപ്പോൾ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി അത് നിഷേധിച്ചു. ഇന്ത്യ അന്നു തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഈ സാഹചര്യം ഇനിയുള്ള ഓരോ ആഴ്ചയും അവലോകനം ചെയ്യും. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ കാനഡയ്ക്ക് കൈമാറിയിട്ടുണ്ട്. കാനഡയുമായുള്ള നയതന്ത്ര വിഷയത്തിൽ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ പരാമർശം ആരെങ്കിലും ഗൗരവത്തിലെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നത്തിൽ സഖ്യകക്ഷികളോട് രാജ്യത്തിന്റെ കാഴ്ചപ്പാട് അറിയിച്ചോയെന്ന ചോദ്യത്തോട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം തള്ളി കാനഡ രംഗത്തെത്തി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സർക്കാർ പ്രതികരിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ