വാഷിങ്ടൺ: ഖലിസ്ഥാൻ മൗലികവാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യയുടെ ഏജന്റുമാരാണ് കനേഡിയൻ പൗരനായ നിജ്ജറിനെ വകവരുത്തിയതെന്ന ആരോപണം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ആരോപണം ഉന്നയിക്കാൻ വേണ്ട ഇന്റലിജൻസ് വിവരങ്ങൾ കാനഡയ്ക്ക് നൽകിയത് അമേരിക്കയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. നിജ്ജർ ഒരു പ്ലംബർ മാത്രമായിരുന്നെന്ന് ട്രൂഡോയുടെ അവകാശവാദത്തെ തള്ളി പെന്റഗണിലെ മുൻ ഉദ്യോഗസ്ഥൻ മൈക്കിൾ റൂബിൻ രംഗത്തെത്തി.

ട്രൂഡോയുടെ പ്രസ്താവന മുൻവിധിയോടെ ഉള്ളതാണെന്ന് റൂബിൻ കുറ്റപ്പെടുത്തി. ' നമ്മൾ സ്വയം വിഡ്ഢികളാകരുത്. ഒസാമ ബിൻ ലാദൻ വെറും കൺസ്ട്രക്ഷൻ എഞ്ചിനിയർ മാത്രമായിരുന്നില്ല. നിജ്ജറും വെറും പ്ലംബർ മാത്രമായിരുന്നില്ല. ഒന്നിലധികം ആക്രമണങ്ങളിലൂടെ അയാളുടെ കൈകളിൽ രക്തം പുരണ്ടിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വലിയൊരു തെറ്റാണ് ചെയ്തിരിക്കുന്നത്. തിരുത്താൻ കഴിയാത്ത വിധത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ അദ്ദേഹം തോക്കിൽ കയറി വെടിവെക്കുകയാണ്. അല്ലെങ്കിൽ ഇന്ത്യൻ സർക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ കൈയിൽ തെളിവുകളില്ല. ഒരു ഭീകരവാദിയെ എന്തിന് സംരക്ഷിച്ചുവെന്നതിന് കാനഡ ഉത്തരം നൽകണം.ഖാസിം സൊലൈമാനിക്കും, ലാദനും എതിരെ അമേരിക്ക നടപടിയെടുത്തതിൽ നിന്നും വ്യത്യസ്തമല്ല, ഇന്ത്യക്കെതിരെ ഉയർത്തിയിരിക്കുന്ന ആരോപണം, റൂബിൻ പറഞ്ഞു.

'മറ്റ് രാജ്യങ്ങളിലേക്കു കടന്നുകയറിയുള്ള അടിച്ചമർത്തൽ' സംബന്ധിച്ച് യുഎസ് ജാഗ്രത പുലർത്തുന്നതായി കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ പരോക്ഷമായി പരാമർശിച്ചിരുന്നു. അന്വേഷണത്തിൽ സഹകരിക്കണമെന്ന് ബ്ലിങ്കൺ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. ബ്ലിങ്കന്റെ പ്രസ്താവനയ്ക്കെതിരേയാണ് അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായ മൈക്കിൾ റൂബിൻ വിമർശനം ഉന്നയിച്ചത്. ഈ സന്ദർഭത്തിലാണ്, ഇറാനിയർ ഖുദ്സ് തലവൻ ഖാസിം സുലൈമാനിയുടെയും മുൻ അൽഖൈ്വദ തലവൻ ഒസാമ ബിൻ ലാദന്റെയും കൊലപാതകങ്ങളെ മൈക്കിൾ റൂബിൻ പരാമർശിച്ചത്.. അന്താരാഷ്ട്ര അടിച്ചമർത്തലിനെക്കുറിച്ചല്ല, മറിച്ച് അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രൂഡോയെ പരിഹസിച്ച് ട്രോളുകൾ

ഈ വിഷയത്തിൽ ചില ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. 'നിജ്ജർ പ്ലംബറായിരുന്നങ്കിൽ വീരപ്പൻ കാർപ്പന്ററായിരുന്നു'.

'ബഹുമാന്യ കനേഡിയൻ പൗരനും, സമാധാനകാംക്ഷിയുമായ ഖലിസ്ഥാൻ ഭീകരൻ പ്ലംബർ ഹർദീപ് സിങ് നിജ്ജറിനെ അമേരിക്ക നോ ഫ്‌ളൈ ലിസ്റ്റിൽ പെടുത്തിയിരുന്നു. എനിക്ക് അദ്ഭുതം തോന്നുന്നു, എന്തായിരിക്കും കാരണം?

'' നിഷ്‌ക്കളങ്കനായ പ്ലംബർ നിജ്ജർ ഇതാ തന്റെ പണിയായുധങ്ങളുമായി നിങ്ങളുടെ ബാത്ത് ടബ് നന്നാക്കാൻ എത്തിയിരിക്കുന്നു, ഇങ്ങനെ പോകുന്നു ട്രോളുകൾ.