ഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ചൈനയുമായിട്ടുള്ള ബന്ധത്തിൽ പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമീപകാലത്തെ സൈനിക നയതന്ത്ര ചര്‍ച്ചകളിലൂടെ അതിർത്തി പ്രശ്‌നങ്ങൾ പരിഹരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ പരസ്പര സ്വീകാര്യമായ ചട്ടക്കൂട് തയ്യാറാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും.

പ്രശ്‌നബാധിത മേഖലകളിലെ സേനാപിന്മാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ തര്‍ക്കബാധിത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിലും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ജൂണില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടാവുകയും പ്രതിരോധത്തിനായി ഇന്ത്യന്‍ സേനയെ അണിനിരത്തിയതോടെ ഗാല്‍വനില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. പിന്നീട് നടന്ന നയതന്ത്ര സൈനിക ചര്‍ച്ചകളിലൂടെ തര്‍ക്കം മെല്ലെ പരിഹരിച്ചു വരുകയാണ്.

ഉഭയകക്ഷി ബന്ധം മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടുവെന്നും വിശാലചര്‍ച്ചകളിലൂടെ പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ ഉണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.