ന്യൂഡൽഹി: ഖത്തറിൽ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികർക്ക് വേണ്ടി ഇന്ത്യ കോടതിയിൽ അപ്പീൽ നൽകി. ഇവരെ ചാരപ്രവർത്തനം ആരോപിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുണ്ടെങ്കിലും, ക്യത്യമായ കാരണങ്ങൾ പുറത്തുവന്നിട്ടില്ല. ഖത്തർ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നാവികർ അറസ്റ്റിലായത്.

' കേസ് വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. വിധി അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട നിയമസംഘത്തിന് മാത്രമാണ് കേസ് വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഇപ്പോൾ നമ്മൾ കൂടുതൽ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ് '-വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാവിക ഉദ്യോഗസ്ഥരുടെ കുടുബങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. ഡൽഹിയിൽ വച്ച് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാധ്യമായ എല്ലാ നിയമ സഹായവും, കോൺസുലേറ്റിന്റെ പിന്തുണയും നാവികർക്ക് തുടർന്നും നൽകും, ബാഗ്ചി പറഞ്ഞു.

ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് റിപ്പോർട്ട്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. നവ്‌തേജ് സിങ് ഗിൽ രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്.

നാവികസേനയിൽ നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്‌റയിൽ ജോലിചെയ്യുകയായിരുന്നു ഇവർ. 2022 ഓഗസ്റ്റിലാണ് ഖത്തർ ഇന്റലിജൻസ് ഇവരെ അറസ്റ്റുചെയ്തത്. സൈനികസേവനം നൽകുന്ന കമ്പനിയുടെ ഉടമയായ ഖത്തർ പൗരനും കേസിൽ അറസ്റ്റിലായിരുന്നെങ്കിലും നവംബറിൽ മോചിപ്പിച്ചു. മാർച്ചിലാണ് വിചാരണയാരംഭിച്ചത്.

ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്‌റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്തൊക്കെയാണ് ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

വിചാരണ വളരെ രഹസ്യമായതിനാൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ചച്ചകൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം. കഴിഞ്ഞ ഒരു വർഷമായി ഇവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവർക്ക് വധശിക്ഷ വിധിച്ചതായാണ് പുറത്തുവന്ന വിവരം.

ഇറ്റാലിയൻ സാങ്കേചിക വിദ്യ ആധാരമാക്കിയുള്ള ചാര അന്തർവാഹിനികളുടെ പദ്ധതിയിലാണ് ചില ഇന്ത്യൻ നാവികർ ജോലി ചെയ്തിരുന്നതെന്നാണ് ചില റിപ്പോർട്ടുകൾ. ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാണ് ആരോപണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഖത്തർ നാവിക സേനയ്ക്കും ആ രാജ്യത്തിന്റെ സുരക്ഷയ്ക്കും വേണ്ടിയാണ് നാവികർ ജോലി ചെയ്തതന്നും ചാര പ്രവർത്തനം എന്ന ആരോപണത്തിന് തെളിവില്ലെന്നും അവരുടെ കുടുംബങ്ങൾ വാദിക്കുന്നു.