- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം; അധിനിവേശ മേഖല വിട്ടുതരണം, ഭീകരതയ്ക്കെതിരെ പ്രവർത്തിക്കുക; പാക്കിസ്ഥാൻ നിരന്തരം പ്രശ്നക്കാർ; കശ്മീർ വിഷയം യു.എന്നിൽ ഉന്നയിച്ച പാക് പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി ഇന്ത്യ
ന്യൂയോർക്ക്: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) ഉന്നയിച്ച പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കറിനെതിരെ ഇന്ത്യ. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ പ്രദേശം വിട്ടുനൽകണമെന്നും അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കർക്കശ നടപടിയെടുക്കണമെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെലോട്ട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഫസ്റ്റ് സെക്രട്ടറി പറഞ്ഞു.
'ദക്ഷിണ ഏഷ്യയിൽ സമാധാനം പുലരണമെങ്കിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് മൂന്നുതലത്തിലുള്ള നടപടി ആവശ്യമാണ്. ഒന്നാമതായി, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കണം. രണ്ടാമതായി, അനധികൃതമായി ബലപ്രയോഗത്തിലുടെ പിടിച്ചെടുത്ത ഇന്ത്യയുടെ ഭൂപ്രദേശം വിട്ടുനൽകണം, മൂന്നാമതായി, പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം'- ഫസ്റ്റ സെക്രട്ടറി മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അവിടെ പാക്കിസ്ഥാന് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ ഒരു അവകാശവുമില്ല. ഏറ്റവും മോശമായ മനുഷ്യാവകാശ റെക്കോർഡ്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളിൽ, ഉള്ള രാജ്യത്തിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു നേർക്ക് വിരൽ ചൂണ്ടാൻ അവകാശമില്ലെന്നും ഫസ്റ്റ് സെക്രട്ടറി തിരിച്ചടിച്ചു.
യു.എൻ പൊതുസഭയിൽ ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ വിദ്വേഷ പ്രചാരണം നടത്തുന്നതിൽ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരെ ഇത്തരം പരാമർശം നടത്തുന്ന പാക്കിസ്ഥാൻ ഒരു സ്ഥിരംകുറ്റവാളിയായി മാറിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
അതിനിടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തിൽ കാനഡയെ അനുകൂലിച്ച് പാക്കിസ്ഥാൻ രംഗത്തുവന്നിരുന്നു. ഇന്ത്യ സ്ഥിരമായി തങ്ങളുടെ രാജ്യത്ത് ചെയ്യുന്നതാണ് കാനഡയിലും പോയി ചെയ്തതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയുന്നതിനിടെ, കാനഡയിലുള്ള പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐയുടെ ഏജന്റുമാരും ഖലിസ്ഥാൻ ഭീകരസംഘടനകളുടെ തലവന്മാരും കാനഡയിലെ വാൻകൂവറിൽ വച്ച് അടുത്തിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടും പുറത്തുവന്നിരുന്നു.
അഞ്ചു ദിവസം മുൻപു നടന്ന കൂടിക്കാഴ്ചയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിങ് പന്നൂനും മറ്റു ഖലിസ്ഥാൻ സംഘടനാ മേധാവികളും പങ്കെടുത്തതായി രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇന്ത്യാവിരുദ്ധ പ്രചാരണം പരമാവധി പ്രചരിപ്പിക്കാൻ പദ്ധതിയിട്ടെന്നാണ് റിപ്പോർട്ട്.
'പ്ലാൻ-കെ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് ഐഎസ്‌ഐ വൻതോതിൽ ധനസഹായം നൽകുന്നുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി പോസ്റ്ററുകളും ബാനറുകളും നിർമ്മിക്കാനും ഈ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ജൂണിൽ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.
മറുനാടന് ഡെസ്ക്