ദമ്മാം: ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ഊഷ്മള ബന്ധം തുടരുന്ന ഇന്ത്യ സൗദിയുമായുള്ള ബന്ധവും ഊർജ്ജിതമാക്കുന്നു. നാലു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിച്ചപ്പോൾ ഇന്ത്യയും സൗദിയും ഒപ്പുവെച്ച നയതന്ത്ര മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി തുടർ നടപടികൾ ഇപ്പോഴും പുരോഗമിക്കയാണ്. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെഭാഗമായി പ്രതിരോധ രംഗത്താണ് സഹകരണം ഊർജ്ജിതമാക്കിയത്.

അതിപ്രധാന പ്രതിരോധ മേഖലകളിൽ സംയുക്ത സമിതി നിരവധി പദ്ധതികളാണ് ഇരുരാജ്യങ്ങളും ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സൗദിയിലെ കിങ് ഫഹദ് നേവൽ അക്കാദമിയിൽ നിന്നുള്ള 55 കാഡറ്റുകൾ പരിശീലനത്തിനായി കൊച്ചിയിൽ വ്യോമസേന ആസ്ഥാനത്തെത്തി. 55 ട്രെയിനികളും അഞ്ച് ഇൻസ്ട്രക്ഷണൽ സ്റ്റാഫും ഉൾപ്പെടുന്ന സൗദി സംഘം കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്.

24 ദിവസത്തെ പരിശീലനമാണ് ഇവർക്ക് വേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദക്ഷിണമേഖല നാവിക കമാൻഡർ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള സംയുക്ത പരിശീലനം രാജ്യങ്ങളുടെ പരസ്പര സഹകരണത്തിലെ മികച്ച മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ നിന്നെത്തിയ സംഘത്തിന് കൊച്ചിയിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഐ.എൻ.എസ് ടിയർ, ഐ.എൻ.എസ് സുജാത തുടങ്ങിയ കപ്പലുകളിലെ പരിശീലനത്തിന് ശേഷം പ്രധാന പരിശീലന കപ്പലായ ഐ.എൻ.എസ് സുദർശനയിൽ ഇവരെ നിയോഗിക്കും. അതേസമയം കഴിഞ്ഞ ദിവസം സൗദി തീരത്ത് എത്തിയ ഐ.എൻ.എസ് തർക്കാഷ്, ഐ.എൻ.എസ് സുഭദ്ര എന്നീ കപ്പലുകൾ ജുബൈൽ നാവിക അക്കാദമിയിലെ സൈനികരുമായി പരിശീലനം നടത്തി.

ഇത്തവണ നേവൽ ബേസ് വിമാനങ്ങളും പരിശീലനത്തിൽ പങ്കെടുത്തിരുന്നു. 2021ൽ ആരംഭിച്ച സംയുക്ത പരിശീലന പദ്ധതിയായ അൽ മൊഹദ് അൽഹിന്ദിയുടെ രണ്ടാം പതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. 'ഇത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ തെളിവുകളാണെന്ന് ഇന്ത്യൻ എംസ്‌സി ഡീൻസ് അറ്റാഷെ കേണൽ ജി. എസ്. ഗ്രിവാൾ പറഞ്ഞു.

നേരത്തെ സൗദി അറേബ്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ നാവികസേനാ കപ്പലുകൾ സൗദി തുറമുഖത്തെത്തിയിരുന്നു. ഐ.എൻ.എസ്. തർക്കാഷ്, സുഭദ്ര യുദ്ധകപ്പലുകളാണ് സൗദിയിലെ ജുബൈൽ തീരത്ത് നങ്കൂരമിട്ടത്. സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെത്തിയ ഇന്ത്യൻ നാവിക സേന കപ്പലുകൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയിരുന്നു.

ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നു വരുന്ന നാവിക അഭ്യാസത്തിന്റെ രണ്ടാം പതിപ്പിന് ഇതോടെ തുടക്കമായി. അൽ മുഹീത്വുൽ ഹിന്ദി 2023 എന്ന പേരിലാണ് സൈനികാഭ്യാസ പ്രകടനം. 2019ൽ ആരംഭിച്ച പരിശീലനത്തിന്റെ ഭാഗമാണിത്. നാവിക പട്രോളിങ് വിമാനവും ഇത്തവണ പങ്കെടുക്കുന്നുണ്ട്. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് എല്ലാവിധ സഹായവും ഒരുക്കിയ സൗദി ഭരണാധികാരികൾക്ക് അംബാസിഡർ നന്ദിയർപ്പിച്ചു.

സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച 'ഓപറേഷൻ കാവേരി'യെ വിജയത്തിലെത്തിച്ചത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ വ്യക്തമാക്കി. സുഡാനിലെ ആഭ്യന്തര കലഹത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച 'ഓപറേഷൻ കാവേരി'യെ വിജയകരമാക്കിയത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു.

സുഡാനിൽ നിന്നും 3,500 ഇന്ത്യക്കാരെയാണ് ജിദ്ദ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾക്കും വിമാനങ്ങൾക്കുമൊപ്പം സൗദി അറേബ്യൻ ഫോഴ്‌സും ഇന്ത്യക്കാരെ സൗദിയിലെത്തിക്കാൻ കൂടെ നിന്നു. സൗദിയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ നൽകിയ പിന്തുണയും സഹകരണവുമാണ് ഓപറേഷൻ കാവേരിയെ വിജയകരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തെ തുടർന്ന് ഒപ്പുവെപ്പ നയതന്ത്ര സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൗദിയുടെ രണ്ടാമത്തെ കച്ചവട പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഒപ്പം ഇന്ത്യയുടെ നാലാമത്തെ കച്ചവട പങ്കാളിയാണ് സൗദി അറേബ്യ ഇതുകൂടാതെ കലയും സംസ്‌കാരവുമുൾപ്പെടെ നിരവധി രംഗങ്ങളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.

ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ് ഗ്രിവാൾ, കപ്പൽ ക്യാപ്റ്റൻ രാഹുൽ ഉപാധ്യായ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കെ. മുഹമ്മദ് ഷബീർ എന്നിവരും അംബാസഡറോടൊപ്പം സന്നിഹിതരായിരുന്നു.