ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ യുദ്ധക്കെടുതി പേറുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. 38.5 ടൺ മെഡിക്കൽ-ദുരന്ത നിവരാണ സാമഗ്രികളാണ് വ്യോമസേന വിമാനത്തിൽ കയറ്റി അയച്ചത്. 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരിതാശ്വാസ സാമഗ്രികളുമാണ് ഇന്ത്യ എത്തിക്കുന്നത്.

'ഫലസ്തീനിലെ ജനങ്ങൾക്കായി 6.5 ടൺ മെഡിക്കൽ സഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ഈജിപ്തിലെ അൽഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെ അറിയിച്ചു.

ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചീകരണ വസ്തുക്കൾ, ജല ശുദ്ധീകരണ ടാബ്ലറ്റുകൾ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'ഫലസ്തീനിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ സമ്മാനം' എന്ന് സഹായ പായ്ക്കുകളിൽ ഒട്ടിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഈജിപ്തിലെ എൽ-ഐറിഷ് വിമാനത്താവളത്തിലേക്കാണു വിമാനം പോകുന്നത്. ഇവിടെനിന്ന് അതിർത്തി വഴിയാവും ഗസ്സയിലേക്ക് സഹായം എത്തിക്കുക.

യുദ്ധവും ഉപരോധവും തകർത്തുകളഞ്ഞ ഗസ്സയിലെ ജനങ്ങൾക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിർത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദിവസങ്ങൾനീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശനിയാഴ്ച ഗസ്സയിലെ യുദ്ധമുഖത്തേക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം അല്പമെങ്കിലുമെത്തിയത്.

സഹായവുമായെത്തിയ ഈജിപ്ഷ്യൻ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെയാണ് നിലവിൽ കടത്തിവിട്ടത്. യുദ്ധം അഭയാർഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് കുടിവെള്ളവും ഭക്ഷണവുമില്ലാതെ ഗസ്സയിൽ ദുരന്തമുഖത്തുള്ളത്. പരിക്കേറ്റവർപോലും അഭയതീരം തേടി പലായനത്തിലാണ്. 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗസ്സയിൽ 20 ട്രക്ക് സഹായംകൊണ്ട് ഒന്നുമാവില്ലെന്ന് റെഡ് ക്രെസന്റ് അറിയിച്ചിരുന്നു.

അടുത്ത ഘട്ട ട്രക്ക് വ്യൂഹത്തിന് ഉടൻ റഫാ അതിർത്തിയിലൂടെ കടന്നെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎൻ അറിയിച്ചു. 30 ഓളം ട്രക്കുകളാണ് രണ്ടാം ഘട്ടത്തിൽ ഗസ്സയിലെത്തുകയെന്നാണ് വിവരം.

ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങൾ ഇതിനോടകം ഗസ്സയ്ക്കായി ഈജിപ്തിലേക്ക് സഹായം അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ വ്യോമാക്രമണം ശക്തമാക്കുമെന്നും വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യണമെന്നുള്ള ഇസ്രയേൽ ഭീഷണി ആശങ്കൾക്കിടയാക്കിയിട്ടുണ്ട്.