ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് സംഘർഷം തുടങ്ങിയപ്പോൾ മുതൽ ഇന്ത്യയുടെ നിലപാട് ലോകം ഉറ്റുനോക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതായിരുന്നു. ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും ഹമാസിനെ തള്ളിപ്പറയുകയും ചെയ്യും. എന്നാൽ, ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുകയും ചെയ്തു. ഇതിനിടെ ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കപ്പെട്ട ചില പ്രമേയത്തെ ഇന്ത്യ അനുകൂലിക്കാതിരുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ ഫലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ രംഗത്തുവന്നു നേരത്തെ ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തെ തുടർന്ന് യുഎന്നിൽ ജോർദാൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ വോട്ടുചെയ്യാതെ പിന്മാറിയിരുന്നു. ഇസ്രയേൽ -ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനുള്ള പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. എന്നാൽ, യുദ്ധത്തിന് പിന്നാലെ ഫലസ്തീൻ മേഖലയിലേക്കുള്ള ഇസ്രയേൽ കുടിയേറ്റത്തെ അപലപിച്ച് യുഎൻ പ്രമയേത്തെ ഇന്ത്യ അനുകൂലിച്ചു.

കിഴക്കൻ ജറുസലം ഉൾപ്പെടെ അധിനിവേശ ഫലസ്തീനിലേക്കും അധിനിവേശ സിറിയൻ ഗൊലാനിലേക്കുമുള്ള ഇസ്രയേലിന്റെ കുടിയേറ്റത്തെ എതിർത്താണ് യുഎൻ വ്യാഴാഴ്ച പ്രമേയം അവതരിപ്പിച്ചതും വോട്ടിനിട്ടതും. 145 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഏഴ് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇസ്രയേൽ, അമേരിക്ക, കാനഡ, ഹംഗറി, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് യു എൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. നവംബർ 9 ന് കരട് പ്രമേയം അംഗീകരിച്ചു.

നേരത്തെ ഭീകരസംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമർശവും നടത്താത്തതിനാൽ, ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിൽ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ യു എൻ ജനറൽ അസംബ്ലിയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഇസ്രയേലിന് പ്രതികൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം യു എൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതിൽ അതിയായ സന്തോഷമുണ്ട് എന്ന് യു എന്നിലെ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ പറഞ്ഞു. കുടിയേറ്റക്കാർ വഴി ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണ് എന്നും സാകേത് ഗോഖലെ പറഞ്ഞു.

അതിനിടെ അറബ് ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ കടുത്ത നിലപാടാണ് ഇറാനും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഇസ്രയേൽ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം എന്നാണ് ഇറാൻ പ്രസിഡന്റ് ഇബ്രഹിം റൈസി ആവശ്യപ്പെട്ടത്. ഇസ്രയേലുമായുള്ള കരാർ തൽക്കാലം നിർത്തി വെച്ച് ഇറാനുമായി ബന്ധം ദൃഢമാക്കാനാണ് സൗദി അറേബ്യയുടെ ശ്രമം.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നുഴഞ്ഞ് കയറി ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. പിന്നാലെ ഇസ്രയേൽ പ്രത്യാക്രമണവും തുടങ്ങി. ഇതുവരെ 1500 ഓളം ഇസ്രയേലികളും പതിനായിരത്തിലേറെ ഫലസ്തീനികളുമാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഫലസ്തീനിൽ ഇതുവരെ മരണ സംഖ്യ 11,000 കടന്നു. 1400 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗസ്സയിൽ കടന്ന് ഇസ്രയേൽ ആക്രമണം തുടരുകയാണ്.

കഴിഞ്ഞദിവസം റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി ഗസ്സയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഗസ്സ അക്രമണത്തെ 'സ്വയം പ്രതിരോധം' എന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ അംഗീകരിക്കനാകില്ലെന്നും ഉച്ചകോടി പറഞ്ഞു. ഗസ്സയിലെ യുദ്ധം എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.

ഫലസ്തീനികൾക്കെതിരായ ഇസ്രയേൽ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കുന്നത് തള്ളിക്കളയുകയാണ്. ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണ്. അധിനിവേശ ഭരണകൂടത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൂട്ടക്കൊലകളെ ഉച്ചകോടി ശക്തമായി അപലപിക്കുന്നു. ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടേക്ക് മാനുഷിക സഹായം അനുവദിക്കാനും ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവയ്ക്കാനും പ്രസ്താവന ആവശ്യപ്പെട്ടു.