ന്യൂഡൽഹി: കാനഡയിൽ നിന്നുള്ള ചില വിസ സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യയുടെ തീരുമാനം. ഒക്ടോബർ 26 ന് ഈ തീരുമാനം നിലവിൽ വരും. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമീഷനിലെയും, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജനറൽ ഓഫീസുകളിലെയും, സേവനങ്ങൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി റദ്ദാക്കിയിരുന്നു. കാനഡ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച ചില നടപടികൾ കണക്കിലെടുത്ത് ചില വിഭാഗങ്ങളിലെ വിസ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് അറിയിപ്പ്.

പ്രവേശന വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ സേവനങ്ങളാണ് ഇന്ത്യ പുനരാരംഭിക്കുന്നത്. 41 കനേഡിയൻ പ്രതിനിധികളെ പുറത്താക്കി ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നതിനിടെയാണ് ആശ്വാസ നടപടി വന്നിരിക്കുന്നത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പുരോഗതിയുണ്ടായാൽ, വിസ സേവനങ്ങൾ പുനഃ സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അടുത്തിടെ സൂചിപ്പിച്ചിരുന്നു.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടർന്ന് ഉടലെടുത്ത നയതന്ത്ര തർക്കമാണ് വിസ സേവനങ്ങൾ റദ്ദാക്കുന്നതിലും മറ്റും കലാശിച്ചത്. കാനഡയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാർക്ക് യാത്ര മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ബദലായി കാനഡയും സമാന യാത്രാ മുന്നറിയിപ്പ് ഇറക്കിയിരുന്നു. കനേഡിയൻ മണ്ണിൽ ഇന്ത്യൻ ഏജന്റുമാരാണ് നിജ്ജറിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയാണ് ഇന്ത്യയെ ആദ്യം ചൊടിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂണിൽ വാൻകൂവറിന് സമീപമുള്ള സിഖ് ക്ഷേത്രത്തിന്റെ പാർക്കിങ് സ്ഥലത്തു വെച്ച്, മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1997 ൽ കാനഡയിലേക്ക് കുടിയേറിയ ഇയാൾക്ക് 2015 ൽ കനേഡിയൻ പൗരത്വം ലഭിച്ചിരുന്നു.

ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെ, ഏറ്റവുമൊടുവിൽ ഇന്ത്യയിൽ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചു. 21 പേർ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടി. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിൽ ഇരുരാജ്യങ്ങളിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കാനഡയ്ക്ക് ആകെ 62 നയതന്ത്ര പ്രതിനിധികളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്.