- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ജി 20 മീറ്റിൽ ഒപ്പ് വയ്ക്കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്; ഈ വർഷം അവസാനമോ ഒരുപക്ഷെ രണ്ട് രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ ഇത് സംഭവിക്കാൻ സാധ്യതയുള്ളുവെന്നും സുനക്
ലണ്ടൻ: ഏറെ പ്രതീക്ഷയോടെ ഇന്ത്യയും ബ്രിട്ടനും കാത്തിരുന്ന ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാർ ഉടനെയുണ്ടാകില്ലെന്ന സൂചനകളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഈയാഴ്‌ച്ച ഡൽഹിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ കരാർ യാഥാർത്ഥ്യമായേക്കും എന്നൊരു സൂചന നേരത്തെയുണ്ടായിരുന്നു. അത് ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇരു രാജ്യങ്ങളിലും അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ഒരുപക്ഷെ അത് കഴിഞ്ഞാവും കരാർ യാഥാർത്ഥ്യമാവുക.
ധൃതിപിടിച്ചുള്ള ഒരു കരാറിന് ഋഷി സുനകിന് താത്പര്യമില്ല എന്നാണ് ചർച്ചകളിൽ പങ്കെടുക്കുന്നവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. വിസ്‌കി ഉൾപ്പടെയുള്ള പല സാധനങ്ങളുടെയും ഇറക്കുമതി ചുങ്കം ഇതുവഴി കുറഞ്ഞു കിട്ടുമെങ്കിലും, ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പ്രൊഫഷണൽ സർവീസുകളുടെ കാര്യം ഉൾപ്പടെ വിശദമായി ചർച്ച ചെയ്തതിനു ശേഷം മാത്രം മതി എന്ന നിലപാടാണത്രെ ഋഷിക്കുള്ളത്.
അതോടെ ഈയാഴ്‌ച്ച, ഡൽഹിയിൽ ഋഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോൾ കരാറുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഇരു രാജ്യങ്ങളിലും 2024 ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും കരാർ സാധ്യമാവുക എന്നാണ് പൊതുവെയുള്ള വിശ്വാസം എങ്കിലും, ഈ വർഷം അവസാനത്തോടെ അത് സാധ്യമായേക്കും എന്ന് വിശ്വസിക്കുന്നവരും ഉന്നത കേന്ദ്രങ്ങളിലുണ്ട്.
ഇതോടെ, ബ്രെക്സിറ്റിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപാര കരാർ എന്ന് ബ്രിട്ടൻ വിശേഷിപ്പിച്ച കരാർ ഒരു സ്വപ്നമായി തന്നെ കുറേ നാൾ തുടരും. കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ കരാർ ഒപ്പിടുമെന്ന ഒരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ, വിപുലമായ ഒരു വ്യാപാര കരാറിന് പകരം ഏതെങ്കിലും പരിമിതമായ ചരക്കുകൾ മാത്രം ഉൾപ്പെടുന്ന ഒരു കരാറായിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നു എന്നാണ് ചില ഉദ്യോഗസ്ഥർ പറയുനന്ത്. എന്നാൽ, അതുപോലെ ഒരു പരിമിതമായ കരാർ അല്ല വാണിജ്യ സെക്രട്ടരി കെമി ബേഡ്നോക്കും ഋഷി സുനകും പ്രതീക്ഷിക്കുന്നത്.
ചരക്കുകളുമായി ബന്ധപ്പെട്ട കരാർ എത്രയും വേഗം സാധ്യമാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് ഇതുമായി ബന്ധപ്പെട്ട ചില ഉന്നത വൃത്തങ്ങൾ പറയുന്നു. എന്നാൽ, അത്തരത്തിൽ ഒരു കരാർ ഉണ്ടായാൽ ഒരുപക്ഷെ എല്ലാം അവിടം കൊണ്ട് അവസാനിച്ചേക്കും. ബ്രിട്ടൻ ആവശ്യപ്പെടുന്ന പല അടിസ്ഥാന കാര്യങ്ങളും ലഭിച്ചേക്കില്ല. അതുകൊണ്ടു തന്നെ വിശദമായ ചർച്ചകളാണ് ബ്രിട്ടന് താത്പര്യം എന്നും ഈ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ചർച്ചകൾ തുടരുമ്പോഴും വിയോജിപ്പിന്റെ മേഖലകൾ ഏറെയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇന്ത്യൻ കമ്പനികളിലെ ഉദ്യോഗസ്ഥർക്കുമായി കൂടുതൽ വിസകൾ ഇന്ത്യ ആവശ്യപ്പെടുകയാണ്. എന്നാൽ, അത്തരം നിബന്ധനകൾ വ്യാപാര കരാറിൽ ഉൾപ്പെടുത്തുന്നതിനോട് ബ്രിട്ടന് യോജിപ്പില്ല. മാത്രമല്ല, കുടിയേറ്റം വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും എന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ വിസ ഇളവുകൾ നൽകാൻ ബ്രിട്ടന് താത്പര്യവുമില്ല.
അതുപോലെ ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരിലും വിയോജിപ്പ് ഏറെയുണ്ട്. ഇന്ത്യയിൽ വ്യാപാരം ചെയ്യുന്ന ബ്രിട്ടീഷ് കമ്പനികളുടെ, പ്രത്യേകിച്ചും ഫാർമസ്യുട്ടിക്കൽ മേഖലയിലുള്ളവയുടെ ബൗദ്ധിക സ്വത്ത് അവകാശം സൂക്ഷിക്കാൻ ബ്രിട്ടൻ താത്പര്യപ്പെടുന്നു. അതുപോലെ, മറ്റു രാജ്യങ്ങൾ ഈ കരാറിൽ നിന്നും കൂടുതൽ പ്രയോജനം എടുക്കാതിരിക്കാൻ, യു കെയുടെ വെളിയിൽ ഉത്പാദിപ്പിക്കുന്ന ചരക്കുകൾ ഈ കരാറിൽ ഉൾപ്പെടുത്തുന്നത് പരിമിതപ്പെടുത്താൻ ഇന്ത്യയും ആഗ്രഹിക്കുന്നു.
മറുനാടന് ഡെസ്ക്