ലണ്ടൻ: ജനുവരി മുതൽ വിദ്യാർത്ഥി വിസക്കാരിൽ ബഹുഭൂരിപക്ഷത്തിനും ആശ്രിത വിസ നൽകാൻ ആകില്ലെന്ന ബ്രിട്ടന്റെ നിലപട് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ആയിരുന്ന ബോറിസ് ജോൺസൺ ഇന്ത്യയിൽ എത്തിയപ്പോൾ മോദിക്ക് വാക്കാൽ നൽകിയ ഉറപ്പ് ബ്രിട്ടൻ ലംഘിച്ചു എന്നാണ് ഇന്ത്യയുടെ പരാതി. ഇതോടെ ഈ മാസങ്ങളിൽ പൂർണ കരാറിൽ ഏർപ്പെടേണ്ടിയിരുന്ന ഇൻഡോ ബ്രിട്ടീഷ് വ്യാപാര കരാറിന്റെ ഭാവിയിൽ ആശങ്കയായി. കരാർ പൂർണമായും നടപ്പാക്കപ്പെടും എന്ന ചിന്തയ്ക്ക് കരുത്തു പകർന്നു കഴിഞ്ഞ വർഷവും കയറ്റുമതിയിലും ഇറക്കുമതിയിലും റെക്കോർഡ് നേട്ടം കൈവരിച്ച ശേഷമാണ് ഇപ്പോൾ ആശങ്ക പരത്തി കരാർ പൂർണ രൂപം പ്രാപിക്കാൻ വൈകുന്നത്. ഇതോടെ ഇനിയും രണ്ടു മാസം പിന്നിട്ട ശേഷം ഋഷി സുനക് ഡൽഹിയിൽ എത്തി മോദിയെ കണ്ട ശേഷമേ എന്തെങ്കിലും പുരോഗതിക്കു പ്രതീക്ഷ പോലും ഉള്ളെന്നതാണ് പുറത്തു വരുന്ന വാർത്തകൾ.

ഇരു രാജ്യങ്ങൾക്കും കീറാമുട്ടിയാകുക വിസ തർക്കം

കഴിഞ്ഞ വർഷം വിദേശ പഠനത്തിന് ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ പഠനത്തിനു പോയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ ഒന്നര ലക്ഷത്തോളമാണ് അധികമാണ് യുകെയിൽ എത്തിയവരുടെ എണ്ണം. വിദേശ വിദ്യാർത്ഥികൾ പുറത്തു പോയി പഠിക്കുന്നത് അതാതു രാജ്യങ്ങൾക്ക് ഗുണം ചെയ്യും എന്ന് ഇന്ത്യ വ്യക്തമാക്കുമെങ്കിലും അവരോടൊപ്പം വരുന്ന കുടുംബവും അതുവഴി രാജ്യത്തേക്ക് ചേക്കാറാനുള്ള ശ്രമവുമാണ് തങ്ങൾക്ക് പിടിക്കാത്തതെന്നു ബോധ്യപ്പെടുത്താനാകും ഋഷി ശ്രമിക്കുക. എന്നാൽ ഏഴു ലക്ഷം പേര് പുറത്തു പോയപ്പോൾ ബ്രിട്ടനിലേക്ക് വന്ന ഒന്നര ലക്ഷം പേർ മാത്രമെന്താ കുഴപ്പക്കാർ ആയതെന്നാകും മോദിയുടെ മറുചോദ്യം.

ഇതിനെ ന്യായയുക്തം പ്രതിരോധിക്കാൻ ഋഷിക്ക് കഴിയുമോ എന്നതും പ്രധാനം. രാഷ്ട്രീയമായി തന്നെക്കാൾ വളരെ ഉയരത്തിലും പ്രായം കൊണ്ടും വംശം കൊണ്ടും ഭാര്യയുടെ ജന്മ നാട് എന്നതുകൊണ്ടുമൊക്കെ വേണ്ടതിലധികം വിനയത്തോടെയേ ഋഷിക്ക് സംസാരിക്കാനാകൂ എന്നതിനാൽ മോദി ചർച്ചയിൽ മുൻതൂക്കം നേടിയെടുക്കാൻ സാധ്യത ഏറെയാണ്. എന്നാൽ തിരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുന്ന തന്റെ നിസ്സഹായവസ്ഥ മോദിയെ മനസിലാക്കിക്കാനാകും ഋഷിയുടെ ശ്രമം. തന്റെയും പ്രശ്‌നം അതുതന്നെയാണ് എന്ന് മുന്നിൽ നിൽക്കുന്ന ലോക് സഭ ഇലക്ഷനെ ചൂണ്ടിക്കാട്ടി മോദിയും പ്രതിരോധിക്കും. ഇരുവരുടെയും പ്രയാസങ്ങൾ സമാനമാണെങ്കിലും ഇക്കാര്യത്തിൽ ഋഷി തന്നെയാകും കൂടുതൽ പരുങ്ങലിൽ ആകുക.

പാതി ഇന്ത്യക്കാരനായേ ഋഷിക്ക് മോദിക്ക് മുന്നിലിരിക്കാനാകൂ

ടാറ്റ ഉൾപ്പെടെയുള്ള ഇന്ത്യൻ കുത്തകകൾ ബ്രിട്ടനിൽ നടത്തുന്ന നിക്ഷേപവും തൊഴിൽ അവസരവും ഒന്നും കണ്ടില്ലെന്നു വച്ച് മോദിക്കൊപ്പം ഇരുന്നു ചർച്ച ചെയ്യാൻ ഋഷിക്കാകില്ല. മാത്രമല്ല വ്യാപാര കരാർ വഴി കിട്ടുന്ന നേട്ടം കൊണ്ട് വേണം തിരഞ്ഞെടുപ്പ് വേളയിൽ ബ്രക്‌സിറ്റ് ദോഷത്തിനൊക്കെ മറുപടി പറയാൻ. ചർച്ചയ്ക്ക് ശേഷം പരാജിതനായി എത്തിയാൽ ഇന്ത്യൻ വംശജൻ ആയിട്ടും പിടിച്ചു നിൽക്കാൻ ആയില്ലെന്നു വന്നാൽ കൺസർവേറ്റീവ് പാർട്ടിയിൽ ഋഷിക്ക് ഉത്തരം മുട്ടുകയും ചെയ്യും. ഈ സാഹചര്യങ്ങൾ ഒക്കെ മനസ്സിൽ ഇരുത്തിയേ സെപ്റ്റംബറിൽ ഋഷിക്ക് ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഡൽഹിയിൽ എത്താനും മോദിയെ കാണാനും സാധിക്കൂ. മോദിയെ സംബന്ധിച്ചിടത്തോളം ബ്രിട്ടനുമായുള്ള കരാറും സ്റ്റുഡന്റ് വിസക്കാര്യവും ഒന്നും തിരഞ്ഞെടുപ്പ് വിഷയം പോലും ആകാൻ വിദൂര സാധ്യത പോലുമില്ല.

അതിനാൽ തികച്ചും കംഫർട്ടബിൾ ആയ നിലയിലാകും മോദി ഋഷിയെ കാണാനിരിക്കുക. ഈ സാഹചര്യത്തിൽ ഔപചാരികതകൾ ഒക്കെ മറന്നു തിരഞ്ഞെടുപ്പാണ്, രക്ഷിക്കണം എന്ന മട്ടിൽ ഋഷി സംസാരിക്കാൻ തയ്യാറാകുമോ അത് പ്രായോഗിക രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മോദി സ്വീകരിക്കാൻ തയ്യാറാകുമോ എന്ന കൗതുകവും ഈ വരാനിരിക്കുന്ന ചർച്ചയെ കൗതുകത്തോടെ വീക്ഷിക്കാൻ നയതന്ത്ര വിദഗ്ധരും തയ്യാറാകും. വളരെ ചുരുങ്ങിയ കാലം മാത്രം രാഷ്ട്രീയ പരിചയവും ചെറുപ്പവും അധികാരത്തിലും കുറച്ചു മാത്രം പ്രായോഗിക പരിചയവും എന്നതൊക്കെ ഋഷിക്ക് ഉള്ള കുറവുകളും ഈ പറയുന്ന കാര്യങ്ങൾ ഒക്കെ മോദിക്ക് ലോകത്തെ മറ്റേതു നേതാക്കളെക്കാൾ കൂടുതൽ ആയതിനാലും ഇത്തരം ചർച്ചകളിൽ വഴങ്ങി കൊടുക്കുക എന്ന പഴയ നയം ഇപ്പോൾ ഇന്ത്യക്കില്ല എന്നതാണ് വാസ്തവം.

ബോറിസ് നൽകിയ ഉറപ്പുകൾ അട്ടിമറിക്കപ്പെട്ടതായി ഇന്ത്യ

ബോറിസ് പ്രധാനമന്ത്രി ആയിരിക്കെ വളരെ സജീവമായി മുന്നോട്ടു പോയിരുന്ന വ്യാപാര ചർച്ചകൾ അദ്ദേഹത്തിന്റെ സ്ഥാന ചലനത്തോടെ പൊടുന്നനെ മയക്കത്തിലാകുക ആയിരുന്നു. തുടർന്നു പ്രധാനമന്ത്രി ആയ ലിസ് ട്രേസ് കസേരയിൽ ഇരിപ്പുറപ്പിക്കും മുൻപേ സ്ഥാനം ഒഴിഞ്ഞെങ്കിലും മുൻപ് വ്യാപാര കാര്യ സെക്രട്ടറി എന്ന നിലയിൽ ലിസ് ചെയ്ത കാര്യങ്ങളുടെ തുടർച്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പിന്നീട് ഋഷി വന്നതോടെ ഇന്ത്യൻ വംശജൻ എന്ന നിലയിൽ ചർച്ചകളിൽ മുൻതൂക്കം ലഭിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഋഷിയുടെ ശ്രദ്ധ പാർട്ടി തർക്കത്തിലും വിലകയറ്റത്തിലും നാണയപ്പെരുപ്പത്തിലും എല്ലാം തട്ടി നിന്നപ്പോൾ വ്യാപാര കരാർ പിന്നിലായി. ഇപ്പോൾ മുൻ നിശ്ചയിച്ച ഡെഡ്‌ലൈൻ അടുത്ത് വന്നപ്പോഴാണ് വീണ്ടും ചൂടുപിടിച്ചത്. പക്ഷെ അതിനിടയിൽ ചില കാര്യങ്ങൾ ഇന്ത്യയെ വീണ്ടും പിന്നോട്ട് പിടിച്ചു വലിക്കാൻ ഉള്ള കരുത്തോടെ ബ്രിട്ടനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യ ഗൗരവത്തോടെയാണ് വീക്ഷിച്ചത്.

ഇതിൽ വിസ നിയന്ത്രണവും ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങളും സ്ഥിരതയില്ലായ്മ കാട്ടുന്ന പൗണ്ടിന്റെ വിനിമയ മൂല്യം അടക്കമുള്ള കാര്യങ്ങളും ഉൾപ്പെടും. ബോറിസുമായുള്ള ചർച്ചയിൽ നിയന്ത്രണം ഇല്ലാതെ വിസ അനുവദിക്കണം എന്നതിൽ അനുകൂലമായ നിലപാടാണ് ഇന്ത്യ നേടിയെടുത്തത്. ഇന്ത്യൻ യുവത്വത്തിന് ബ്രിട്ടനിൽ എത്തി പഠിക്കാനും തൊഴിൽ ചെയ്യാനും ഉള്ള സൗകര്യത്തിനു പകരമായി ഞങ്ങൾ കച്ചവടം നൽകാം എന്നതായിരുന്നു ഇന്ത്യൻ ഭാഗത്തുനിന്നുള്ള ഓഫർ. ഇതിനോട് തികച്ചും പോസിറ്റീവായ മറുപടിയാണ് ബോറിസ് നൽകിയത്. എന്നാൽ ഇതിനിടയിൽ കുടിയേറ്റം സംബന്ധിച്ച കണക്കുകൾ പുറത്തു വരുകയും അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഈ കണക്കിലേക്ക് വലിയ സംഭാവന നൽകുകയാണ് എന്ന് ബ്രിട്ടൻ തിരിച്ചറിയുമായും ആയിരുന്നു. ഈ സാഹചര്യത്തിലാണ് ജനുവരി മുതൽ ആശ്രിത വിസയിലെന്ന കർക്കശ നിലപാടിലേക്ക് ഋഷിയും കൂട്ടരും എത്തുന്നത്.

എന്നാൽ ഇതോടെ ചർച്ചകളുടെ അന്തസ് തന്നെ നഷ്ടമായ വിലയിരുത്തലാണ് ഇന്ത്യ നടത്തുന്നത്. ഇക്കാര്യത്തിൽ ഇപ്പോൾ ഒരു പുരോഗതിയും ഇല്ലെന്നാണ് ഇന്ത്യൻ വാണിജ്യ സെക്രട്ടറി സുനിൽ ഭരത് വാളിനെ ഉദ്ധരിച്ചു ബ്രിട്ടീഷ് പത്രമായ ദി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം അവസാനത്തോടെ കരാർ നിലവിൽ വന്നാൽ ഭാഗ്യം എന്ന ചിന്താഗതിക്കാരാണ് ഇന്ത്യൻ പക്ഷം. ആകെ ചർച്ച ചെയ്യുന്ന 26 കാര്യങ്ങളിൽ 19 ലും തീരുമാനം ആയെന്നും ഇതിൽ കാർ വ്യവസായം അടക്കമുള്ള കാര്യങ്ങളും ഉൾപ്പെടുമെന്നും സുനിൽ ഭാരത്‌വാൾ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ബോറിസ് നൽകിയ വാഗ്ദാനങ്ങളിൽ നിന്നും ഇപ്പോൾ ബ്രിട്ടൻ പിന്നോക്കം പോയതായാണ് ഇന്ത്യ വിലയിരുത്തുന്നത്.