- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാനുള്ള സാങ്കേതിക സഹകരണം; പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും അമേരിക്ക സഹകരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത് കൈനിറയെ കാര്യങ്ങൾ; ഇരു രാജ്യങ്ങളും പരസ്പ്പരം കൈകൊടുക്കുന്ന മേഖലകളുടെ എണ്ണം കൂടുന്നു
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം എന്തുകൊണ്ടും വിജയകരമായി എന്നു തന്നെ പറയേണ്ടി വരും. അമേരിക്കയുമായി വിവിധ മേഖലകളിൽ സഹകരണത്തിന് അവസരം ഒരുക്കുന്നതാണ് ഈ സന്ദർശനം. സമഗ്രമേഖലകളിലും അതിശക്തമായ ഉഭയകക്ഷി സഹകരണത്തിലൂടെ വ്യാപാര ഉടമ്പടിയടക്കമുള്ള സാമ്പത്തികബന്ധങ്ങൾ ശക്തമാക്കാൻ ഇന്ത്യയും യു.എസും തീരുമാനിച്ചു.
ഇന്ത്യ-യു.എസ് ട്രേഡ് പോളിസി ഫോറം പുനരാരംഭിച്ച് പുതിയ വ്യാപാരസാധ്യതകൾ അന്വേഷിക്കുമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. യു.എസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ''ആഗോള സാമ്പത്തിക വളർച്ചയുടെ എൻജിനാണ് ഇന്ത്യ-യു.എസ് വ്യാപാര, നിക്ഷേപ പങ്കാളിത്തം.
2022ൽ 15.65 ലക്ഷം കോടി രൂപ കവിഞ്ഞ ഉഭയകക്ഷി വ്യാപാരം, 2014 നേക്കാൾ ഇരട്ടിയിലെത്തിയിരിക്കുകയാണ്'' -പ്രസ്താവന പറയുന്നു. യു.എസ്-ഇന്ത്യ വ്യാപാര സംഭാഷണവും സിഇഒ ഫോറവും പുനരാരംഭിച്ചതിൽ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. യു.എസ് ട്രഷറി വകുപ്പും ഇന്ത്യൻ ധനമന്ത്രാലയവും തമ്മിൽ സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിൽ പരസ്പരം താൽപര്യമുള്ള വിഷയങ്ങളിൽ യു.എസ് ഫെഡറൽ ഇൻഷുറൻസ്-ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയും സഹകരിക്കും. ഇരു രാജ്യങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും അക്കാദമിക സ്ഥാപനങ്ങളും തമ്മിൽ സാങ്കേതികവിദ്യ പങ്കുവെക്കും.
200 യു.എസ് നിർമ്മിത വിമാനങ്ങൾ വാങ്ങാനുള്ള ചരിത്രപരമായ കരാറിനെ ഇരു നേതാക്കളും വാഴ്‌ത്തി. ഇന്ത്യൻ വ്യോമയാന മേഖലയുടെ വികാസത്തിനും യു.എസിലെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും സഹായിക്കും. അടുത്ത 20 വർഷത്തിനുള്ളിൽ 31,000 പൈലറ്റുമാരുടെ ആവശ്യം വരുന്ന ഇന്ത്യക്ക് ഈ മേഖലയിൽ യു.എസ് സമഗ്ര പരിശീലനം നൽകും -സംയുക്ത പ്രസ്താവന കൂട്ടിച്ചേർത്തു.
ചന്ദ്രനിൽ മനുഷ്യനെ ഇറക്കി തിരികെയെത്തിക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ് പദ്ധതിയിൽ ഇന്ത്യയും സഹകരിക്കും. ഭീകരവാദത്തെ നേരിടാനുള്ള പരിശ്രമത്തിൽ പരസ്പരം സഹകരിക്കാനുള്ള വഴികളും മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. പോർവിമാന എൻജിൻ സാങ്കേതികവിദ്യ, ശൂന്യാകാശ ഗവേഷണ സഹകരണം, അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ആണവ ലാബിലേക്ക് പ്രവേശനം എന്നിവയെല്ലാം ഒരുകാലത്ത് ഇന്ത്യ ആവശ്യപ്പെട്ടിട്ടും നിഷേധിച്ചിരുന്നതാണ്. എന്നാൽ, ഇന്ന് അതൊക്കെ നേടിയെടുക്കാൻ മോദിയുട സന്ദർശനം വഴി സാധിച്ചു.
ചുരുക്കം ചില മേഖലകളിൽ മാത്രമേ സ്വയം പര്യാപ്തതയിൽ ഇന്ത്യയ്ക്കു പൂർണവിജയം അകലെയായുള്ളു. അവയാണ് ഇപ്പോൾ നൽകാൻ യുഎസ് തയാറായത്. ഏറ്റവും നല്ല ഉദാഹരണം, ഫൈറ്റർ ജെറ്റ് എൻജിൻ സാങ്കേതികവിദ്യ. 1980കളുടെ അന്ത്യം മുതൽ 'കാവേരി' എന്നപേരിൽ സ്വന്തമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമം ഇനിയും പൂർണവിജയമായിട്ടില്ല. ചുരുക്കത്തിൽ, ഇന്ത്യയെ തടഞ്ഞതുകൊണ്ടു ഫലമില്ലെന്ന ബോധ്യമാണ് എല്ലാം കൈവിട്ടുനൽകാൻ അമേരിക്കയെ ഇപ്പോൾ പ്രേരിപ്പിച്ചത്.
ഈ മനംമാറ്റം നേരത്തേ ആരംഭിച്ചിരുന്നുവെങ്കിലും 1998ലെ ആണവപരീക്ഷണങ്ങൾക്കുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതികവിദ്യാ കുതിപ്പോടെയാണ് അമേരിക്കൻ ഭരണകൂടം ഒരു നയതന്ത്രതാത്പര്യമായി കണ്ടുതുടങ്ങിയത്. 2005ൽ മന്മോഹൻ സിങ്ങിന്റെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപിച്ച ആണവസഹകരണത്തോടെ അത് ഔപചാരികയമായി ആരംഭിച്ചു എന്ന് പറയാം. പതിവിൽനിന്നു വ്യത്യസ്തമായി, ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മുൻ പ്രധാനമന്ത്രിമാരുടെ പങ്കിനെ മോദി എടുത്തുപറയുകയും ചെയ്തു.
ഒരു കാലത്തു സോവിയറ്റ്് യൂണിയനെ ബാലൻസ് ചെയ്യാൻ വാണിജ്യവിപണനത്തിലും സാങ്കേതികവിദ്യയിലും ശാക്തികതന്ത്രങ്ങളിലും പങ്കാളിയായിരുന്ന യൂറോപ്പ് പോലെ ഇന്ന് തങ്ങളുടെ താൽപര്യത്തിനു വെല്ലുവിളി ഉയർത്തുന്ന ചൈനയെ ബാലൻസ് ചെയ്യാൻ യുഎസിന് ഒരു പങ്കാളി ആവശ്യമാണ്. ഇക്കാര്യം ഇന്ത്യയ്ക്കും ബോധ്യപ്പെട്ടെന്നു സൂചന നൽകുന്നതായി പ്രധാനമന്ത്രി യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗം. പഴയ യൂറോപ്പ് പോലെ വൻകര വിസ്തൃതിയും ജനസംഖ്യയും വാണിജ്യശക്തിയും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന രാജ്യമായാണു മോദി ഇന്ത്യയെ ചിത്രീകരിച്ചത്.
ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാൻ സഹകരണം, ജോൺസൺ സ്‌പേസ് സെന്ററിൽ ഇന്ത്യൻ ബഹിരാകാശയാത്രികർക്കു പരിശീലനം, ബഹിരാകാശ സാങ്കേതികവിദ്യ കൈമാറ്റ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതെല്ലാം രാജ്യത്തിന് നേട്ടമാണ്. പ്രതിരോധ സാങ്കേതികവിദ്യ കൈമാറ്റനിയന്ത്രണങ്ങളിളും അയവ്; കൂടുതൽ സുതാര്യ സഹകരണം, സംയുക്തനിർമ്മാണം എന്നിവയും ലഭിച്ചു.
സെമികണ്ടക്ടർ ഗവേഷണത്തിൽ സഹകരണം: വിതരണശൃംഖല സുഗമമാക്കാൻ ധാരണാപത്രം, മൈക്രോൺ ടെക്‌നോളജി കമ്പനിയുടെ സെമികണ്ടക്ടർ നിർമ്മാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കും, 60,000 ഇന്ത്യൻ എൻജിനീയർമാർക്ക് പരിശീലനം നൽകും, അപ്ലൈഡ് മെറ്റീരിയൽസ് യുഎസ് പ്ലാന്റ് ഇന്ത്യയിൽ നിർമ്മിക്കും, ടെലികമ്യൂണിക്കേഷൻ രംഗം: സുരക്ഷാസഹകരണം, വിതരണശൃംഖല സുഗമമാക്കാനും സഹകരണം, 6ജി സാങ്കേതികവിദ്യ വികസനത്തിൽ സഹകരണം, ജിഇഎഫ്414 ഫൈറ്റർ വിമാന എൻജിൻ ഇന്ത്യയിൽ നിർമ്മിക്കാൻ ജനറൽ ഇലക്ട്രിക്കും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സും തമ്മിൽ ധാരണ തുടങ്ങിയ കാര്യങ്ങൾ യുഎസ് സന്ദർശനത്തിന്റെ നേട്ടങ്ങളാണ്.
ഇന്ത്യയുടെ നാഷനൽ ഗ്രീൻ ഹൈഡ്രജൻ മിഷനും യുഎസിലെ ഹൈഡ്രജൻ എനർജി എർത്‌ഷോട്ടും തമ്മിൽ സഹകരണം, അഡ്വാൻസ്ഡ് കംപ്യൂട്ടിങ് രംഗത്ത് ഇന്ത്യയുടെ സീ ഡാക്കും യുഎസിന്റെ ആക്‌സിലറേറ്റഡ് ഡേറ്റ അനലിറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ സഹകരണം, സൈബർ സുരക്ഷയ്ക്കു പുതിയ സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കും.
കൂടാതെ പ്രതിരോധസാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ് കമ്പനികൾ തമ്മിൽ സഹകരിക്കാൻ സൗകര്യങ്ങൾ ഒരുക്കും, 2023 ൽ ഇന്ത്യൻ റെയിൽവേയെ സീറോ എമിഷൻ സംവിധാനമാക്കാൻ സാങ്കേതിക സഹകരണം തുടങ്ങിയവയുമുണ്ടാകും. ആണവശാസ്ത്രരംഗത്തും നേട്ടം കൊയ്യാൻ സാധിക്കും. പ്രോട്ടോൺ ഗവേഷണവും ന്യൂട്രിനോ ഗവേഷണവും നടത്തുന്ന യുഎസ് സ്ഥാപനങ്ങളിൽ ഇന്ത്യൻ ആണവോർജ വകുപ്പ് ശാസ്ത്രജ്ഞന്മാർക്ക് പരീക്ഷണങ്ങൾ നടത്താൻ സൗകര്യം. ഇതിനായി ഇന്ത്യ 14 കോടി ഡോളർ ചെലവഴിക്കാനാണ ്തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം ഉഭയകക്ഷി ബന്ധത്തെ പുതിയ തലത്തിലേക്കെത്തിക്കുമെന്നും ബഹിരാകാശം, പ്രതിരോധം, പുതു സാങ്കേതികവിദ്യ, വിതരണശൃംഖല തുടങ്ങിയ രംഗങ്ങളിൽ ബന്ധം ശക്തിപ്പെടുമെന്നും യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അഭിപ്രായപ്പെട്ടു. ഏറ്റവും ശക്തമായ നിലയിലാണ് ഇന്ത്യ-യു.എസ് ബന്ധം. ഒരുമിച്ച് നാം ഭാവി രൂപപ്പെടുത്തും. കൂടുതൽ സമൃദ്ധിയും സുരക്ഷയും ആരോഗ്യവുമുള്ള ലോകത്തിനായി പ്രവർത്തിക്കും- കമല ഹാരിസിന്റെ ഓഫിസ് ട്വിറ്ററിൽ പറഞ്ഞു. കമലക്ക് മോദി നന്ദി രേഖപ്പെടുത്തി.
മറുനാടന് ഡെസ്ക്