- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറില്ല; ഇന്ത്യയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടി നിയമതടസ്സം അറിയിക്കും; മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയെ കൈമാറണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാന്‍ വിദേശകാര്യ മന്ത്രാലയം
ഇന്ത്യയില്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്നാണ് അറിയിക്കുക
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എഫ് ബി ഐ അറസ്റ്റ് വാറണ്ട് നോട്ടീസ് പുറത്തിറക്കിയ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല. വികാസ് യാദവിനെതിരെ ഇന്ത്യയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടി നിയമ തടസ്സം ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതായാണ് സൂചന.
ഐടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ കഴിഞ്ഞവര്‍ഷം വികാസ് യാദവ് ഡല്‍ഹി പൊലീസിന്റെ പിടിയിലായിരുന്നു. വ്യവസായിയെ ഡിസംബര്‍ 11ന് ഡല്‍ഹി ലോധി റോഡിലേക്ക് വിളിച്ചുവരുത്തിയശേഷം തട്ടിക്കൊണ്ടുപോയി. ഡിഫന്‍സ് കോളനിയിലെ ഫ്ളാറ്റില്‍ പാര്‍പ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വ്യവസായിയെ വധിക്കാന്‍ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയ് കരാര്‍ നല്‍കിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ആഭരണങ്ങള്‍ കവര്‍ന്നശേഷം പിന്നീട് മോചിപ്പിച്ചു. തുടര്‍ന്ന് വ്യവസായി പരാതി നല്‍കുകയായിരുന്നു. ഈ കേസിലെ നിയമ നടപടിയടക്കം ഉന്നയിച്ചാണ് അമേരിക്കയ്ക്ക് മറുപടി നല്‍കുക.
ഖാലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥന്‍ വികാസ് യാദവ് കരാര്‍ നല്കിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കയുടെ പിടിയിലായ നിഖില്‍ ഗുപ്ത വഴി ക്വട്ടേഷന്‍ നല്കിയത് അമേരിക്കയുടെ രഹസ്യ ഏജന്റിനാണ്. വികാസ് യാദവിനെതിരെ എല്ലാ തെളിവുമുണ്ടെന്നും കൈമാറണമെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു.
അതേസമയം വികാസ് യാദവ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലെന്ന് ഇന്ത്യ അറിയിച്ചു. ഗുര്‍പത്വന്ത് സിംഗ് പന്നു നിലവില്‍ അമേരിക്കന്‍ പൗരനാണ്. പന്നുവിനെ വധിക്കാന്‍ നിഖില്‍ ഗുപ്ത എന്നയാള്‍ക്ക് വികാസ് യാദവ് നിര്‍ദേശം നല്‍കി എന്നാണ് അമേരിക്കയുടെ ആരോപണം. തുടര്‍ന്ന് നിഖില്‍ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാല്‍ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ഏല്‍പ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്റിനെയായിരുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. തുടര്‍ന്ന് നിഖില്‍ ഗുപ്തയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഏജന്റ് അമേരിക്കന്‍ സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറി. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കെതിരെ പന്നു സംസാരിച്ചു എന്നതാണ് വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നും അമേരിക്ക ആരോപിച്ചു. അമേരിക്കന്‍ പൗരനായ പന്നുവിന് അഭിപ്രായം പറയാനുള്ള ഭരണഘടനാ അവകാശമുണ്ട്. ഇതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും കര്‍ശനമായി നേരിടുമെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ വ്യക്തമാക്കി. മുന്‍ സൈനികന്‍ കൂടിയായ റോ ഉദ്യോഗസ്ഥന്‍ വികാസ് യാദവിനറെ ചിത്രം ഉള്‍പ്പെടുത്തി അമേരിക്ക അറസ്റ്റ് വാറണ്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
പന്നുവിന്റെ കേസ് പുറത്തു വന്ന ശേഷം വികാസ് യാദവിനെതിരെ ഡല്‍ഹിയില്‍ പണാപഹരണത്തിനും തട്ടിക്കൊണ്ടു പോകലിനും ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന്റെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാതെ വികാസ് യാദവിനെ വിട്ടു കൊടുക്കാന്‍ നിയമതടസ്സമുണ്ടെന്നാണ് ഇന്ത്യ അമേരിക്കയെ അറിയിക്കുക. ഡല്‍ഹി രോഹിണി സ്വദേശിയായ ഐടി വ്യവസായിയുടെ പരാതിയില്‍ 2023 ഡിസംബര്‍ 18നാണ് യാദവിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റുചെയ്തത്. തിഹാര്‍ ജയിലായിരുന്ന യാദവിന് ഇക്കൊല്ലം ഏപ്രില്‍ 22ന് ജാമ്യം ലഭിച്ചു. പന്നു വധശ്രമക്കേസില്‍ യാദവിന് ബന്ധമുണ്ടെന്ന് കഴിഞ്ഞ നവംബറിലാണ് അമേരിക്ക ആദ്യമായി ആരോപണം ഉന്നയിച്ചത്.
മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ ഡേവിഡ് ഹെഡ്‌ലി എന്നറിയപ്പെടുന്ന ദാവൂദ് ജിലാനിയെ കൈമാറാനുള്ള ഇന്ത്യന്‍ അഭ്യര്‍ത്ഥവ ഇതുവരെ അമേരിക്ക അംഗീകരിച്ചിട്ടില്ല. കേസില മറ്റൊരു പ്രതി തഹാവൂര്‍ റാണെയേയും നിയമതടസ്സം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക കൈമാറാത്തത്. ഈ സാഹചര്യത്തില്‍ വികാസ് യാദവിനെ കൈാറേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇതിനിടെ പന്നുവിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയപ്പോഴാണ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനും ഇന്ത്യ നിര്‍ദ്ദേശം നല്കിയതെന്ന് കാനഡ ആരോപിച്ചു. ഇന്ത്യയെ പോലൊരു രാജ്യത്തിന് ചേരാത്ത നടപടികളാണ് പുറത്തു വരുന്നതെന്നും കാനഡ കുറ്റപ്പെടുത്തി. ഇന്ത്യയും കാനഡയും പരസ്പരം പുറത്താക്കിയ ഉദ്യോഗസ്ഥര്‍ ഇന്നലെ മടങ്ങിയിരുന്നു.